Sunday, May 4, 2014

( ഫാമിലി വിസയില്ലാത്ത ) ഗൾഫുകാരന്റെ ഭാര്യ


''അൻറ ഭാഗ്യാ പെണ്ണേ ഇങ്ങനൊരു ബന്ധo  വന്നത് .  ഓന്ക്ക്    ദുബായിലല്ലെ  ജോലി . പടച്ചോൻ   അൻറ  ബാപ്പാന്റ കീശേല് കാശ് കൊടുത്തില്ലങ്കിലും   അനക്ക് ത്തിരി ചന്തം തന്ന് . അൻറ തക്കാളി പോലത്ത മോന്ത കണ്ട്ട്ടല്ലേ ഓൻ ബീണത് . ഓൻറ ബാപ്പാക്കും ഉമ്മക്കും ഒന്നും അത്രയ്ക്കങ്ങട് പോര , അല്ല അബരെ കുറ്റം പറഞ്ഞ്ട്ടും കാര്യൂല്ല , അൻറ  ബാപ്പാന്റ ചായക്കട കണ്ടാ അന്നെ നിക്കാഹ് ചെയ്യാൻ ആര് ബരാനാ ? ഉമ്മാക്ക് സന്തോഷായിട്ടാ , രണ്ടീസം കഴിഞ്ഞാ യ്യ് ഗൾഫ്കാരന്റെ ബീവ്യാകാൻ പോകല്ലെ ''
             
        ചീനച്ചട്ടിയിലെ തിളയ്ക്കുന്ന എണ്ണയിലേക്ക് ഉപ്പും മുളകും  തിരുമ്മിയ മീൻ കഷ്ണങ്ങൾ കോരിയിടുന്നതിനിടെ പാത്തുമ്മ  മോളോട്  പറഞ്ഞു . അതു കേട്ടപ്പോൾ സുബൈദ മനസ്സ് നിറഞ്ഞ്‌ ഒന്ന് ചിരിച്ചു .

      ''അൻറ ഫോണല്ലെ ബെല്ലടിക്കണത് . പോയിച്ചെന്ന് എട്ക്കടീ ,
ഓനാരിക്കും , ഓന്ക്ക്പ്പ  അന്നോട് ബർത്താനം പറയാതെ
ഇത്തിരികൂടി ഇരിക്കാൻ പറ്റണില്യാലെ ?''

      പാത്തുമ്മ മകളെ കളിയാക്കി . തലയിലെ തട്ടം ശരിയാക്കി  സുബൈദ ഫോണെടുക്കാനായി ഓടിയപ്പോൾ അവളുടെ കണ്ണുകളിൽ ആയിരം തിരമാലകൾ അലയടിക്കുന്നത് പാത്തുമ്മ കണ്ടു .

      ''പടച്ചോനെ കാത്തോളണേ ''

പാത്തുമ്മ നെഞ്ചത്ത് കൈ വെച്ച് പ്രാർത്ഥിച്ചു .

 '' എന്റെ  ഉമ്മക്കൊലുസൂ ...എന്താ ഇത്ര നേരം ഫോണെടുക്കാൻ ? എൻറെ കൈയിൽ നിന്നെയൊന്നു കിട്ടട്ടെ , നിൻറെ കവിള് ഞാൻ
പിച്ചിച്ചോപ്പിക്കുന്നുണ്ട് .''

   അങ്ങേ   തലക്കൽ ഷെമീർ  മുത്ത്‌ പൊഴിയുന്നത് പോലെ ചിരിച്ചു.

'' ഇപ്പൊ വിളിച്ച് വെച്ചതല്ലേ ഉള്ളു ഷെമീറ്ക്കാ...ഞാൻ അടുക്കളേലായിരുന്നു.... ''

                        തെല്ലൊരു നാണത്തോടെ സുബൈദ മറുപടി നൽകി .


'' രണ്ട് ദിവസം പോയിട്ട് രണ്ട് മിനിറ്റ് കാത്തിരിക്കാൻ ഇനി എനിക്ക് വയ്യ, ഞാനിപ്പൊ അങ്ങോട്ട്‌ വരികയാണ് ....എൻറെ മണവാട്ടിയെ കാണാൻ .''

   ''അയ്യയ്യോ, വേണ്ട ....വേണ്ട... , രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എൻറെ ഇക്കയുടെ സ്വന്തമാകില്ലെ , ഇനി ഈ ജന്മം മുഴുവൻ നമ്മൾ ഒരുമിച്ചല്ലെ പിന്നെന്താ .''

     ഒരു കുഞ്ഞിനെയെന്നപോലെ  സുബൈദ ഷെമീറിനെ സമാധാനിപ്പിച്ചു .

'' എന്റെ ഉമ്മക്കൊലുസൂ.....ഞാൻ നിനക്ക് ഒരു സമ്മാനം വാങ്ങി  
വെച്ചിട്ടുണ്ട് . അതെന്താണെന്ന് ഇപ്പോൾ പറയില്ലാട്ടോ .''

   സുബൈദയ്ക്ക് അത് കേട്ടപ്പോൾ ആ   സമ്മാനം  എന്താണെന്നറിയാൻ കൗതുകമായി . എന്നാൽ ഷെമീറാകട്ടെ സുബൈദ എത്ര നിർബന്ധിച്ചിട്ടും അത് പറഞ്ഞതുമില്ല .എന്തായാലും രണ്ട് ദിവസം കഴിഞ്ഞാൽ അതെന്താണെന്ന് അറിയാമല്ലൊ - സുബൈദ സ്വയം സമാധാനിച്ചു.എങ്കിലും ആ കാത്തിരിപ്പ് അവൾക്ക് ദുസ്സഹമായി തോന്നി .

        കല്യാണവീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും വന്നുംപോയും ഇരുന്നു.   പാത്തുമ്മ  സ്ത്രീകൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും കാണിച്ചുകൊടുത്തു.തൊട്ടടുത്ത വീട്ടിലെ ഐഷാബീവി രണ്ടര പവൻറെ ഇളക്കത്താലി കയ്യിലെടുത്ത്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു -

    ''എത്ര പവനാ മൊത്തം കൊടുക്കണത് ?  നൂറ്ണ്ടാ ?  അല്ല  ഗൾഫ്കാരനല്ലെ ചെക്കൻ , അതോണ്ട് ചോയിച്ചതാ ...''

 അത് കേട്ടപ്പോൾ  പാത്തുമ്മ  ഒന്ന് പരുങ്ങി .പിന്നീട് തെല്ലും കൂസാതെ മറുപടി പറഞ്ഞു -

''നൂറ്ല്ല്യ ...അമ്പത്ണ്ട് ...ചെക്കനും കൂട്ടരും ഒന്നും ചോയിച്ച്ട്ട്ല്യ ....ഓന് ഓളെ ഷ്ടായി , അത്രന്നെ . ഞ്ഞി ബേണച്ചാ ഓൻ ബാങ്ങികൊട്ത്തോട്ടെ ,ഓള് ട്ടോളും.''


             പാത്തുമ്മയുടെ മറുപടി കേട്ടപ്പോൾ   ഐഷാബീവി  തെല്ലൊന്നു
  ചമ്മി . പിന്നീട് അവർ വായ തുറന്നില്ല .
     സുബൈദയ്ക്ക് ഇതു കേട്ടപ്പോൾ എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നി. എങ്കിലും ഷെമീറിനെക്കുറിച്ച്  ചിന്തിച്ചപ്പോൾ അവൾക്ക് മനസ്സിൽ സമാധാനം തോന്നി.

   ഷെമീറ്ക്ക  ഒരിക്കലും തന്നോട് പോന്നിനേയും പണത്തെയും
കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല . ബാപ്പയുടെ അവസ്ഥയെല്ലാം ഷെമീറ്ക്കയ്ക്ക് നന്നായി അറിയാം . ഷെമീറ്ക്കയുടെ സ്ഥിതിക്ക് തന്നേക്കാൾ സ്ത്രീധനം കിട്ടുന്ന വീട്ടിൽ കേറിചെല്ലാമായിരുന്നു , എന്നിട്ടും അത് ചെയ്തില്ല. അള്ളാഹു തനിക്കായി അയച്ചതാണ് ഈ രാജകുമാരനെ. സ്നേഹവും സഹതാപവും രണ്ടും രണ്ടാണ്. ഷെമീറ്ക്കയ്ക്ക് തന്നോടുള്ളത് സഹതാപമല്ല മറിച്ച് സ്നേഹം തന്നെയാണെന്നത് ഇത്രയും നാളത്തെ സംസാരത്തിൽ നിന്നും മനസ്സിലാക്കിക്കഴിഞ്ഞതാണ് . മനസ്സുകൊണ്ട് ഇരുവരും എന്നേ ഒന്നായിക്കഴിഞ്ഞതാണ് .
              ബാപ്പ   കടം വാങ്ങിയും ലോണെടുത്തുമാണ് ഇത്രയെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നത് . തനിക്ക് താഴെ ഉള്ളതും രണ്ട് പെണ്‍കുട്ടികൾ .പക്ഷെ ഒരിക്കലും   ബാപ്പ  ഒരു കുറവും തങ്ങൾക്ക് വരുത്തിയിട്ടില്ല . ഉള്ളത് കൊണ്ട് ഇത്രയും നാൾ സന്തോഷമായി ജീവിച്ചു . ഡിഗ്രി പൂർത്തിയാക്കിയിട്ട് മതി നിക്കാഹ് എന്ന് കുറെ പറഞ്ഞതാണ് , പക്ഷെ ഉമ്മയും ബാപ്പയും
സമ്മതിച്ചില്ല . എളേതുങ്ങളുടെ കാര്യം കൂടി ചിന്തിക്കാനാണ് പറഞ്ഞത്.
അതെ ,അതും ചിന്തിക്കണ്ടെ . മൂവരും തമ്മിൽ ഓരോ വയസ്സ് വ്യത്യാസം മാത്രമാണ് ഉള്ളത് . കൂടാതെ ഷെമീറ്ക്കയുടെ വീട്ടുകാരുമായി ഒരു ബന്ധം സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തതാണ് .

     ഉമ്മയുടെയും ഉപ്പയുടെയും സന്തോഷം കണ്ടപ്പോൾ സുബൈദ  എല്ലാം
മറന്നു . ഷെമീറുമായി കൂടുതൽ അടുത്ത് കഴിഞ്ഞപ്പോൾ അവൾ  സ്വയം മറന്നു .

 ഷെമീർ അവൾക്ക് ആദ്യമായി നൽകിയ സമ്മാനം വിലകൂടിയ ഒരു  മൊബൈൽ  ഫോണായിരുന്നു. വിവാഹം ഉറപ്പിക്കൽ കഴിഞ്ഞ് പത്ത് ദിവസമെ    ഷെമീർ  നാട്ടിൽ  ഉണ്ടായിരുന്നുള്ളൂ . ആ പത്ത് ദിവസത്തിനുള്ളിൽ വിവാഹം നടത്തിത്തരുമോയെന്ന് ഷെമീറിൻറെ   ഉപ്പ  ചോദിച്ചതാണ്, എന്നാൽ സുബൈദയുടെ ഉപ്പയ്ക്ക് അതിനാകുമായിരുന്നില്ല . ഗൾഫിലേക്ക് തിരിച്ച് പോയിട്ടും  ഷെമീർ  എപ്പോഴും വിളിക്കുമായിരുന്നു , ദിവസത്തിൽ നാലും അഞ്ചും തവണ . അതുകൊണ്ട് തന്നെ  ഷെമീർ തൊട്ടടുത്ത് എവിടെയോ ഉള്ളതുപോലെയേ സുബൈദയ്ക്ക് തോന്നിയിരുന്നുള്ളൂ . വിവാഹത്തിനായി രണ്ട് മാസത്തെ അവധിക്കാണ്  ഷെമീർ വന്നിരിക്കുന്നത് .

 മഗരിബിനു സമയമായപ്പോൾ   സുബൈദ ചിന്തകളിൽ നിന്നും
ഉണർന്നു .സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വൈവാഹിക ജീവിതത്തിനായി അവൾ അന്ന് അള്ളാഹുവിനോട്  പ്രാർത്ഥിച്ചു .

                                                 **********************************************
 
    പതുപതുത്ത കാർപെറ്റിൽ തന്റെ വലത് കാൽ പതിഞ്ഞപ്പോൾ ഒരു രാജകൊട്ടാരത്തിലേക്ക് കയറിച്ചെല്ലുന്ന പ്രതീതിയാണ്സുബൈദയ്ക്ക്  ഉണ്ടായത് . ' മാളിക വീട് '  ശരിക്കും ഒരു  'മാളിക വീട്'  തന്നെ എന്ന്   അവൾ മനസ്സിൽ മന്ത്രിച്ചു  . ഉമ്മയും ബാപ്പയും പറഞ്ഞത് ശരി തന്നെ , ഈ വീട്ടിലേക്ക് കാലെടുത്തു കുത്താൻ കഴിഞ്ഞത് തന്റെ ഭാഗ്യം തന്നെ -സുബൈദയ്ക്ക് തോന്നി.

        തിരക്കൊഴിഞ്ഞ് ആഭരണങ്ങളെല്ലാം  അഴിച്ചു വെച്ച് കിടപ്പുമുറിയിലെ കുളിമുറിയിൽ ഷവറിനു ചുവട്ടിൽ നനയുമ്പോൾ സുബൈദ  അള്ളാഹുവിനോട്  മനസ്സാ നന്ദി പറഞ്ഞു . ഉമ്മയോടും ബാപ്പയോടും അവൾക്ക് ബഹുമാനം തോന്നി . കുളിമുറിയിലെ ഭിത്തിയിൽ ഒട്ടിച്ച ടൈൽസിലെ വലിയ വയലറ്റ് പൂവുകൾ അവളെ നോക്കി
പുഞ്ചിരിച്ചു ,അവൾ തിരിച്ചും.

       പിന്നീടുള്ള ദിവസങ്ങളിലെല്ലാം യാത്രകളായിരുന്നു .ബന്ധുക്കളുടെ വീടുകളിൽ സല്ക്കാരത്തിനു ചെല്ലൽ . എത്രയോ കോഴികൾ അവർക്കായി പൊരിക്കപ്പെട്ടു .
 
                                           സുബൈദ  പക്ഷെ  ഇഷ്ടപ്പെട്ടത് ഷെമീറുമായി തനിച്ചിരിക്കുന്ന സമയങ്ങളായിരുന്നു . ഷെമീർ  പലപ്പോഴും ഒരു കൊച്ചുകുട്ടിയെ പോലെ ആണെന്ന് സുബൈദയ്ക്ക്   തോന്നി .അവളെ തനിച്ച് കിട്ടുമ്പോൾ ആരും കാണാതെ അവൻ അവളുടെ ചുണ്ടുകളിൽ
 ചുംബിച്ചു .പിറകിലൂടെ വന്ന് ഇറുകെ കെട്ടിപ്പിടിച്ചു . കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ സ്ഥലങ്ങളിലെല്ലാം ഇരുവരും കാറിൽ കറങ്ങി. ജീവിതത്തിനു ഇങ്ങനെയൊരു മുഖമുണ്ടെന്ന് അപ്പോൾ മാത്രമാണ് സുബൈദ തിരിച്ചറിഞ്ഞത് . പണ്ടേതോ ജന്മത്തിൽ കളഞ്ഞുപോയ കളിക്കൂട്ടുകാരനെ തിരിച്ചു കിട്ടിയ പ്രതീതിയോടെ പലപ്പോഴും അവൾ ഷെമീറിനെത്തന്നെ നോക്കിയിരുന്നു,അവനറിയാതെ..... ഷെമീറിൻറെ     സാന്നിദ്ധ്യം , ഷെമീൻറെ  മണം ...എല്ലാം അവളിൽ പ്രണയം നിറച്ചു . ഒരു പുഴയെന്നോണം അവൾ അവനിലേക്ക് ഒഴുകി . ഇരുവരും കൂടുതലും കണ്ണുകൾകൊണ്ട് സംസാരിച്ചു. ഇത്രയും നാൾ ജീവിച്ചത് മറ്റൊരു ജന്മമായിരുന്നുവെന്നും ഇപ്പോൾ ജീവിക്കുന്നത് മറ്റൊരു ജന്മമാണെന്നും    അവൾക്കു തോന്നി . ഈ ഭൂമിയിൽ ആകെ രണ്ട് മനുഷ്യരെ ഉള്ളൂ  - ഷെമീറും  സുബൈദയും .....പലപ്പോഴും അവൾ അങ്ങനെ ചിന്തിക്കാൻ ഇഷ്ടപ്പെട്ടു . മറ്റാരെയും അവനും അവളും കണ്ടിരുന്നില്ല എന്നതാണ് സത്യം.

       രണ്ട് മാസം കടന്നുപോയത് ഇരുവരും അറിഞ്ഞതേയില്ല .
വിസ ,പാസ്സ്പോർട്ട് എന്നീ വാക്കുകൾ ബാപ്പ ഇടക്കിടെ പറയുമ്പോൾ     ഷെമീർ  അസ്വസ്ഥനാകുന്നത്‌  സുബൈദ  ശ്രദ്ധിച്ചു .

   ''ഞാൻ പോയാൽ എന്റെ ഉമ്മക്കൊലുസു ഇവിടെ ഒറ്റക്കാകില്ലേ   എന്നോർക്കുമ്പോൾ ......''  - ഷെമീർ  അവളെ നെഞ്ചോടു ചേർത്തു .
സുബൈദയുടെ  കണ്ണുകൾ നിറഞ്ഞു . അവൾ വിങ്ങിപ്പൊട്ടി .

  ''എന്റെ ഉമ്മക്കൊലുസൂനു ഞാൻ വാങ്ങിവെച്ച സമ്മാനം ഇതുവരെ തന്നില്ലല്ലോ.....''
പത്ത് പവൻറെ ഒരു പൊന്നരഞ്ഞാണം അവൻ അവളെ അണിയിച്ചു .പക്ഷെ ചങ്ക് പറിഞ്ഞുപോകുന്ന വേദനയാണ് അവൾക്ക് തോന്നിയത് .അവൾ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . ഷെമീർ അവളെ സമാധാനിപ്പിച്ചു .

  എയർപോർട്ടിലേക്ക് പോകും വഴി  സുബൈദ  ഇടക്കിടെ വിതുമ്പി .

  ''അന്നേം കെട്ടിപ്പിടിച്ചിര്ന്നാ ഓന്റെ കീശേല് കായ്ണ്ടാഗ്വോ പെണ്ണേ ? യ്യ് ഓനെ മെക്കാറാക്കാണ്ടിരിക്ക്.....''   ഷെമീറിന്റെ  ഉപ്പ  തൊള്ളയിട്ടു .


                         മഴയത്ത് കുടയുമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ തനിച്ചായവളെ പോലെ ഷവറിനു ചുവട്ടിൽ
നിന്ന് സുബൈദ വിങ്ങിപ്പൊട്ടി .
അവൾ   പെരുമഴ നനയുകയായിരുന്നു ,തനിച്ച് ....
അവളുടെ അരയിൽകിടന്ന പൊന്നരഞ്ഞാണം അതുകണ്ട് കുലുങ്ങി ചിരിച്ചു .

   ഇളം നീല പൂക്കൾ പൂത്തുലഞ്ഞു കിടക്കുന്ന കിടക്കയിലേക്ക് തലചായ്ക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന കിടക്കയുടെ പാതി ഭാഗത്തേക്ക് വെറുതെയെന്നോണം അവൾ കണ്ണോടിച്ചു . പോകാൻ നേരം ഷെമീർ അഴിച്ചിട്ടിട്ടു പോയ ഷർട്ട് അവൾ തന്നിലേക്കടുപ്പിച്ചു.

               മണിക്കൂറുകൾക്കു ശേഷം   മൊബൈലിൽ ''ഷെമീറ്ക്ക കാളിംഗ് ....'' എന്ന് കാണിച്ചപ്പോൾ നിസ്സംഗതയോടെ അവൾ ആൻസർ ബട്ടണിൽ വിരലമർത്തി .

  ''എന്റെ ഉമ്മക്കൊലുസൂ ....ഞാൻ ഇവിടെ എത്തിട്ടോ .....''
പതിഞ്ഞ സ്വരത്തിൽ ഷെമീർ പറഞ്ഞു .

  ''നിയ്ക്ക് കാണാൻ തോന്നാണ് .....''    - സുബൈദ  വിങ്ങി ......

'  (ഫാമിലി വിസയില്ലാത്ത)  ഗൾഫുകാരന്റെ ഭാര്യ'   ഇവിടെ നിന്നും ആരംഭിക്കുന്നു .---------------------------------------------------------------------------------------------------------------------                                                                                                                              APRIL 2014