Friday, April 18, 2014

ഓർമ്മയിലെ വിഷു


ഒരു വിഷു കൂടി കടന്നുപോവുകയാണ്‌ ......കൊന്നപ്പൂക്കളുടെ നേർത്ത ചില സൗരഭ്യങ്ങൾ മനസ്സിൽ എവിടൊക്കെയോ അവശേഷിപ്പിച്ചുകൊണ്ട് ......

വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത്  "റോജ " എന്ന് ഇംഗ്ലീഷിൽ എഴുതിയ ഒരു ചുവന്ന കുഞ്ഞു ടപ്പിയാണ് .  കുഞ്ഞുനാളിൽ ഓരോ വിഷുവും എത്തുന്നതിനു ഒരാഴ്ച മുമ്പ് തന്നെ ആ ടപ്പി വൃത്തിയായി കഴുകി തുടച്ച് മേശ വലിപ്പിൽ ഭദ്രമായി സൂക്ഷിച്ചു വെക്കുമായിരുന്നു ഞാൻ,വിഷുവിന്റെ അന്ന് കിട്ടാൻ പോകുന്ന കൈനീട്ടം ഇട്ടുവെക്കാൻ വേണ്ടി .
                        വിഷുവിൻറെ തലേന്ന് അടുത്തുള്ള കുഞ്ഞുകുട്ടൻ നായരുടെ കടയിൽ നിന്ന് പടക്കം വാങ്ങി വെക്കും .അതൊരു വലിയ ചടങ്ങായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം .ഏതോ ഒരു യുദ്ധത്തിനു തയ്യാറാകുന്നത് പോലെയാണ് പടക്കം വാങ്ങിക്കാൻ പോകുന്നത്.തിരിച്ചു വരുമ്പോൾ ഓലപ്പടക്കത്തിന്റെ കവർ ഞങ്ങളിൽ മുതിർന്നയാളായ ഉണ്ണിയേട്ടനാണ്‌ പിടിക്കുക .ഓലപ്പടക്കവും മാലപ്പടക്കവും ഒന്നും തൊടാൻ അന്ന് ലൈസെൻസ്‌ കിട്ടിയിരുന്നില്ല .അതുകൊണ്ട് തന്നെ അത് കൈകാര്യം ചെയ്യുന്ന അച്ഛനും മുത്തശ്ശനും എല്ലാം ഞങ്ങളുടെ മുമ്പിൽ ധീര നായകന്മാർ ആയിരുന്നു .
                     തലേന്ന് വൈകുന്നേരം കൊന്നപ്പൂക്കൾ പറിച്ച് വെക്കും .രാത്രി അച്ഛമ്മ പൂജാമുറി വൃത്തിയായി തുടച്ച് ഉരുളിയിൽ കണി ഒരുക്കും. കോടിമുണ്ട് ....വാൽക്കണ്ണാടി.....പഴങ്ങൾ .....കൊന്നപ്പൂവ് .....സ്വർണ്ണം ...വെള്ളി .....നാണയങ്ങൾ .....നോട്ടുകൾ ....തേങ്ങ ....അരി ....നെല്ല് ......കണിവെള്ളരിക്ക ....കണ്ണാടി .....അങ്ങനെ എല്ലാം ഒരുക്കിവെക്കും .പുലർച്ചെ     അച്ഛമ്മ    കണികണ്ട് ഞങ്ങളെ ഉണർത്തി കണ്ണുപൊത്തി ക്കൊണ്ട് പൂജാമുറിയിൽ കൊണ്ടുപോയി കണി കാണിക്കും  .പിന്നീട് വിഷുക്കൈനീട്ടം തരും ...ശേഷം പടക്കം പൊട്ടിക്കലാണ് .അയപ്പക്കക്കാരൻ ഒന്ന് പൊട്ടിച്ചാൽ ഇവിടെ രണ്ടു പൊട്ടിക്കണം .മാലപ്പടക്കം അവസാനത്തെ തുറുപ്പു ചീട്ടായി കരുതി വെക്കും. ഉച്ചക്ക് വിളക്കത്ത് വിളമ്പി അമ്മ വിഷു സദ്യ എല്ലാർക്കും വിളമ്പും .
                                ഒരിക്കലും തിരിച്ചു വരാനിടയില്ലാത്ത ആ വിഷുക്കാലത്തിന്റെ ബാക്കിപത്രമെന്നോണം ഇന്ന് അവശേഷിക്കുന്നത് രണ്ട് ഫോട്ടോകളാണ് ,ഒന്ന് ഏതോ വിഷുക്കാലത്ത് അനിയനും ഞാനും കമ്പിത്തിരി കത്തിക്കുമ്പോൾ അച്ഛൻ എടുത്തതും പിന്നൊന്ന് അച്ഛമ്മയുടെതും ......








                        ഇന്ന് ജീവിതത്തിലെ വിഷുക്കൾ ഓരോ ദേശത്താണ് .....ഇപ്പോഴത്തെ കണിക്കു ആ പഴമയുടെ സുഗന്ധം ഇല്ലാതാനും ......എങ്കിലും ആ ഓർമ്മകളുടെ നിറവിൽ  ഈ കുറിപ്പ് ഇവിടെ അവശേഷിപ്പിക്കട്ടെ .........

         

4 comments:

  1. കൊങ്ങൻ വേലയും ഓർമവന്നു ... :D

    ReplyDelete
    Replies
    1. കൊങ്ങൻ വേല അറിയില്ലല്ലൊ....:)

      Delete
  2. സൂപ്പര്‍ ,, ശെരിക്കും കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ ,,

    ReplyDelete