Tuesday, January 22, 2013

ഹൈകു


 
 

ചോരപൊടിയുന്ന
മുള്ളുകൊള്ളിച്ചകളിൽ
പിടഞ്ഞു തീരുന്ന
പെണ്ണും (പകൃതിയും

നിൻറെ ഏകാന്തതയുടെ
താഴ്വരയിലെങ്ങോ
ഒരു ചീവീടായ് ഞാൻ
കടംതരൂ കുരുവീ
നിന്നിളം ചിറകുകൾ നിമിഷനേരത്തേക്ക് നിന്നാകാശവും

Monday, January 21, 2013

ഓർമ്മച്ചിന്ത്ഒരു കുടക്കീഴിൽ
പാതി നനഞ്ഞ് പാതി നനയാതെ..... നടന്നു നീങ്ങിയ വഴികൾ..... മരങ്ങൾ.....പുഴകൾ....പൂക്കൾ.... വാൻഘോഗിൻറെ സൂര്യകാന്തികൾ...... സച്ചിദാനന്ദൻറെ കവിതകൾ...... പറയാതെ പറഞ്ഞ (പണയം ഒരു ചെമ്പകപ്പൂ...... ഒരു മഞ്ചാടിക്കുരു..... മാനംകാണാതെ കാത്തുവെച്ച മയിൽപ്പീലിത്തുണ്ടുകൾ.... ചിതലരിക്കുന്നോർമ്മകൾ.... ഒന്നും അറിയാതെ ഞാനും നീയ്യും......Thursday, January 17, 2013

ചിപ്പിയുടെ ആത്മഗതം

ഒരു മുള്ളായ് നീയെന്നെ
വേദനിപ്പിച്ചപ്പോഴൊക്കെയും
സ്നേഹംകൊണ്ടു പുണർന്നു 
പുണർന്നൊരു
മുത്താക്കി മാറ്റി നിന്നെ....

കരഞ്ഞാൽ കണ്ണീരിലൂടെ നീ
ഒലിച്ചു പോയെങ്കിലോ
എന്നു കരുതി കരയാതെ, 
ഉറഞ്ഞു കൂടിയ മിഴിനീർതുള്ളിയിൽ
ഞാൻ നിന്നെ കാത്തുവെച്ചു..... 

ഇനിയെന്നാത്മാവു തുരന്ന് നാളെയവർ 
നിന്നെ കൈക്കലാക്കും....
പിന്നെ നീ മറ്റൊരു വെർമീറിൻറെ
മുത്തുക്കമ്മലിട്ട പെൺകുട്ടിയായ്....
ഞാനോ വെറും പുറംതോടായ്
(ദവിച്ചുപോകും വരെ
ഇവിടെയിങ്ങനെ....

എങ്കിലുമെന്നാത്മാവൊരു നക്ഷ(തമായ്
നിന്നെ നോക്കി പുഞ്ചിരിക്കും....
വേർപാടിൻറെ വേദനയിൽ
നീയപ്പോഴൊരു നീർത്തുള്ളിയായ്
പൊഴിയാൻ കൊതിക്കും
എൻ ഹൃദയത്തിലേക്ക്......
അപ്പോൾ മാ(തം ഞാനറിയും
സ്നേഹം വെറുമൊരു
മുള്ളുകൊള്ളിച്ചയെന്ന്....


അമ്മേ മടങ്ങട്ടെ

അമ്മേ മടങ്ങട്ടെ ഞാൻ....
ഒരിയ്ക്കൽകൂടി നിൻ ഗർഭപാ(തത്തി-
ന്നുള്ളറയിലേക്ക്.....
ഒന്നുറങ്ങണമെനിക്ക്
കൺകളടച്ച് ചുരുണ്ടുകൂടിക്കിടന്ന്.........
എല്ലാം മറന്നൊന്നുറങ്ങണം......

ശാപവാക്കുകൾ ശകാരവർഷങ്ങൾ.....
പുച്ഛങ്ങൾ പരിഹാസങ്ങൾ....
കാതടപ്പിക്കുന്നൊച്ചകൾ.......
ചോരചിന്തുന്ന കാഴ്ച്ചകൾ....
എല്ലാം മറന്നൊന്നുറങ്ങണം....

ഈ മരുഭൂവിൽ ഇനി വയ്യ
വിഷം കുടിച്ച്.....
വിഷം കഴിച്ച്......
വിഷം ശ്വസിച്ച്......
ചത്തിട്ടും ചാകാതെ....
ജന്മജന്മാന്തരങ്ങളിലെ വിഴുപ്പേന്തി.....
തലയിൽ പേനരിച്ച്.....
ഉറക്കമില്ലാതിനിയും എ(തനാൾ.....

അമ്മേ...ഇനി വയ്യ.....
കാൽകൾ തളരുന്നു കൈവിറയ്ക്കുന്നു....
മിഴികൾ തളരുന്നു.....
എല്ലാം മറന്നൊന്നുറങ്ങണം.....

ഇവിടെയീ തൊട്ടിലിൻ കുളിർമയിൽ....
നിൻനെഞ്ചിടിപ്പിൻ താരാട്ടിൽ......
നിൻ ജീവശ്വാസത്തിലലിഞ്ഞ്.......
എല്ലാം മറന്നൊന്നുറങ്ങട്ടെ......
കൺകളടച്ച്...ചുരുണ്ടുകൂടിക്കിടന്ന്......
ഒരിയ്ക്കൽകൂടി......


Tuesday, January 15, 2013

ഒരു കാത്തിരിപ്പ്

ഒരു കാത്തിരിപ്പ്........
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........

നന്ദി.......
ഈ പുഴവക്കിൽ എന്നെ കാത്തുനിന്നതിന്......
കൈകോർത്തുപിടിച്ച് മഴ നനഞ്ഞതിന്.........

ഒരു പകലിൻറെയന്ത്യത്തിൽ നിറുകിൽ ചുംബിച്ചതിന്.....
മുടിയിഴകളിൽ വെറുതെ വിരലോടിച്ചതിന്.....

ഒരു മഞ്ഞുകാലത്ത് എന്നെ (പണയിച്ചതിന്....
ഇപ്പോഴെന്നെ തനിച്ചാക്കിയതിന്......

ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........
ഒരു കാത്തിരിപ്പ്........

Tuesday, January 8, 2013

ഞാവൽപ്പഴങ്ങൾ
             ഒരു തണുത്ത കാറ്റ് പതിയെ തലോടിയപ്പോൾ അയാൾ പതുക്കെ ചെറുമയക്കത്തിൽ നിന്നും ഉണർന്നു. നിർവികാരനായി അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഏതൊക്കെയോ ദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് (ടയിൻ പായുകയാണ്.പകലിൻറെ അന്ത്യത്തിന് നിറച്ചാർത്തുമായി സന്ധ്യ ഒരുങ്ങി നിൽക്കുന്നു.പറവകൾ പറ്റമായി ചേക്കേറാനുള്ള ധൃതിയിലാണ്.

             ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാനെൻറെ സുഹൃത്തിനെ കാണാനായി പോവുകയാണ്.
             ഈ തണുത്തകാറ്റും പച്ചപ്പണിഞ്ഞ (പകൃതിയും ഇടയ്ക്കിടെ കടന്നു വരുന്ന കൊച്ചുചോലകളും തന്നെ ഓർമ്മകളിലേക്ക്
വലിച്ചിഴയ്ക്കുന്നു.ഇതെല്ലാം തന്നെക്കാൾ  ഇഷ്ടപ്പെട്ടിരുന്നതും ആസ്വദിച്ചിരുന്നതും  അവളായിരുന്നു.
                  ഒരു വലിയ പ(ത(പവർത്തകനാകാനുള്ള ജീവിതപ്പാച്ചിലിൽ (ശദ്ധിക്കാതെ പോയ പലതും ഉണ്ട് ,നഷ്ടപ്പെട്ട പലതും.അതിലൊന്നായിരുന്നോ അവൾ?
                   നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പുതിയ വാർത്തകളുടെ രഹസ്യങ്ങൾ തേടി അലയുന്ന തിരക്കു പിടിച്ച പ(ത(പവർത്തകൻ ‘രഘു വിശ്വം’  ആകുന്നതിനും മുമ്പുള്ള ഒരുകാലം, അന്ന് താൻ വെറുമൊരു പൊടിമീശക്കാരൻ രഘു ആയിരുന്നു. (പീഡി(ഗിക്കു പഠിക്കുമ്പോൾ തന്നെ എഴുത്തിനെയും യാ(തകളെയും ഗാഢമായി (പണയിച്ചു തുടങ്ങിയിരുന്നു.ഓരോ അവധിക്കാലത്തും ഉണ്ണിമാമ ബോംബെയ്ക്കു ക്ഷണിക്കും.തനി നാട്ടുമ്പുറത്തുകാരനായ തനിക്ക് നഗരത്തെ പരിചയപ്പെടുത്തി തരുകയായിരുന്നു ലക്ഷ്യം.അന്നൊക്കെ അച്ഛൻ ഒറ്റപ്പാലത്തു നിന്നും ഷൊറണൂർ സ്റ്റേഷൻ വരെ അകമ്പടി സേവിക്കും.(ടയിൻ കയറ്റിവിട്ടാലും വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിൽക്കും.കല്യാൺ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ ഉണ്ണിമാമ കാത്തുനിൽക്കുന്നുണ്ടാകും,കൂടെ അവളും.
അവിടെ നിന്നും ‘വസായി’ലേക്ക് മറ്റൊരു (ടയിൻ.

 ഫ്ളാറ്റിൽ എത്തിയാൽ ആദ്യം അവൾ ചോദിക്കും-

            “എനിക്കു ഞാവൽപ്പഴങ്ങൾ കൊണ്ടുവന്നോ? എവിടെ എൻറെ
ഞാവൽപ്പഴങ്ങൾ? എടുക്ക്……എടുക്ക്……വേഗം എടുക്ക്……”

     “ നിൻറെ മേമക്കു വട്ടാണ്... ഉള്ള ചക്കേം മാങ്ങേം തേങ്ങേം എല്ലാം പൊതിഞ്ഞു കെട്ടി തന്നയച്ചിട്ടുണ്ട്.ആ ഞാറപ്പഴമെല്ലാം അതിനിടയിൽ കിടന്ന് അളിഞ്ഞു പിളിഞ്ഞു കാണും.വേണേ എടുത്ത് വലിച്ചെറിഞ്ഞോ”

    മറുപടി കേൾക്കുമ്പോൾ ഓരോ പൊതിക്കെട്ടിലായി അവൾ     പരതും,അവളുടെ ഞാവൽപ്പഴങ്ങൾ .

 “ഓ പിന്നെ നീ പറയുമ്പോഴേക്കും ഞാറമരം പൂത്തുകായ്ക്കുകയല്ലേ,അതിലൊന്നും ഇല്ല പെണ്ണേ നിൻറെ  ഞാവൽപ്പഴങ്ങൾ....”

              ആ കളിയാക്കൽ കൂടി കേൾക്കുമ്പോൾ അവൾ മുഖം വീർപ്പിച്ച് പൊയ്ക്കളയും.പിന്നെ കുറേന്നേരം അവളുടെ പിന്നാലെ നടന്ന് കിണുങ്ങി ഒരു ഞാവൽപ്പഴം അവളുടെ വായിൽവെച്ചുകൊടുത്താലെ പിണക്കം മാറൂ.

                                     പിന്നീടുള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേവും
ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോകും.ആ യാ(ത ഇരുവരും ആസ്വദിച്ചിരുന്നു.ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് അപ്പോഴൊക്കെയും അവൾ വാതോരാതെ സംസാരിക്കും.
         കുട്ടിക്കാലത്തെ ഓരോ അവധിക്കും ഉണ്ണിമാമനും അമ്മായിയും അവളും വരാൻ വീട്ടിൽ ഏവരും കാത്തിരിക്കും.വന്നു കഴിഞ്ഞാൽ പിന്നെ ആഘോഷമാണ്.പുഴയിൽ നിന്നും തോർത്തു വിരിച്ച് മീൻപിടിച്ച് അതിനെ ഒരുകുപ്പിയിലാക്കി വീട്ടിൽ കൊണ്ടുവരും. പിന്നീടതിനെ  കുടത്തിലാക്കി വീട്ടിലെ കിണറ്റിൽ വളർത്താനായി ഇടും .
                                 തൊട്ടടുത്ത പറമ്പിലെ ഞാറമരത്തിൽ നിന്നും
 ഞാവൽപ്പഴങ്ങൾ കട്ടു പറിച്ച് അവൾക്കു കാഴ്ചവെക്കലായിരുന്നു അന്നത്തെ
മറ്റൊരു വിനോദം.
                         
         
                            സ്വന്തം പറമ്പിലെ ഞാറമരം പൂക്കാതെ,കയ്ക്കാതെ ഒറ്റ നിൽപ്പാണ്.അവധി തീർന്ന് തിരിച്ചു പോകുന്ന സമയത്ത് അവൾ എപ്പോഴും ആ ഞാവലിനെ ദയനീയമായി ഒന്നു നോക്കും

      ‘അടുത്ത തവണ ഞാൻ വരുമ്പോഴെങ്കിലും നീയൊന്ന് കായ്ക്കണെ’ എന്നമട്ടിൽ.
   ആ ഞാവൽ കായ്ച്ചു തുടങ്ങിയപ്പോഴേക്കും അവൾ അവധിക്കു വരാതെയുമായി.
         അക്കാര്യങ്ങളെല്ലാം പറഞ്ഞ് അവൾ ചിരിക്കും.
അപ്പോൾ  ഉണ്ടാകുമായിരുന്ന സംസാരങ്ങളിൽ  (കോസ് ബോർഡർ
ടെററിസവും അ(കമ രാഷ്(ടീയവുമെല്ലാം അനുവാദത്തിനായി കാത്തു നിന്നു.താൻ ഒരുപക്ഷെ ആ ഉപ്പുപാടങ്ങളെ   ഇഷ്ടപ്പെട്ടിരുന്നതു അതുകൊണ്ടാകണം.

              അവധിക്കാലങ്ങൾ ജീവിതത്തിൽ നിന്നും പടിയിറങ്ങിയതോടുകൂടി അവളുമായുള്ള കൂടിക്കാഴ്കളും ഇല്ലാതായി എന്നതാണു സത്യം.

    പിന്നീടങ്ങോട്ട് ഒരു ജോലി തേടിയുള്ള നെട്ടോട്ടമായിരുന്നു. ആദ്യം ചെറിയ  ചെറിയ പ(തങ്ങളിൽ.പീന്നീട് എഴുത്തിൽ കാമ്പുണ്ടെന്നുകണ്ട് പല വലിയ പ(തങ്ങളിൽ നിന്നും വിളി വന്നു. സന്തോഷത്തിൻറെ നാളുകളായിരുന്നു പിന്നീട്.ആശിച്ച ജോലി....നിന്നുതിരിയാൻ സമയമില്ലാത്ത(തയും തിരക്ക്…

 ദിവസങ്ങൾ കടന്നുപോയി.
                    ബുദ്ധനെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുന്നതിൻറെ ഭാഗമായി ലുംബിനിയിലേക്ക് ഒരു യാ(തയ്ക്കൊരുങ്ങുന്നതിനിടെയാണ് ഉണ്ണിമാമയുടെ  വിളി വന്നത്.

     “ പോകുന്നതിനു മുമ്പായി നീ ഇവിടം വരെ ഒന്നു വന്നിട്ടുപോ...കുറേ കാലമായില്ലെ ഇങ്ങോട്ടൊക്കെ വന്നിട്ട്.കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട്.കുറച്ച് നാളായി അവൾ ആകെ ഡി(പസ്സ്ഡ് ആണ്.നീ ഒന്ന് വന്ന് സംസാരിക്ക്...അവൾക്കും ഒരു ചേഞ്ച് ആകുമല്ലൊ....”

                          എങ്കിലും എന്തുപറ്റി അവൾക്ക്?
  ഇടയ്ക്കിടെ വല്ലതും കുത്തിക്കുറിക്കുന്നതിനാൽ വല്ല കവിതയും തലയ്ക്കു പിടിച്ചു കാണും എന്നേ കരുതിയുള്ളു.
   കുറേ കാലമായി അവളുമായി ഒന്ന് മനസ്സുതുറന്നിട്ട്.ഇടയ്ക്ക് വല്ലപ്പോഴും ഒരു ഫോൺ കോൾ മാ(തം....

  ‘സുഖമല്ലെ? , ജോലിയൊക്കെ എങ്ങനെ?  ഇവിടെ എല്ലാർക്കും സുഖം’

  ഇങ്ങനെ ഏതാനും വാചകങ്ങൾ…അതിൽക്കവിഞ്ഞ് വല്ലതും സംസാരിക്കാറുണ്ടോ ?ഇല്ല.
                     പോകണം, അവളെ കാണണം.
                      കല്യാണിൽ വണ്ടിയിറങ്ങുമ്പോൾ പണ്ടത്തേതുപോലെ ഉണ്ണിമാമനും അവളും കാത്തു നിന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഫ്ളാറ്റിൽ എത്തി കുറേ കഴിഞ്ഞിട്ടും അവളുടെ ഒച്ചയും അനക്കവുമൊന്നും കണ്ടില്ല.

                      ‘എവിടെപ്പോയി അവൾ?’  എന്ന തൻറെ ചോദ്യത്തിനു അമ്മായിയാണു മറുപടി  പറഞ്ഞത്.

         “ മുറിയിൽ കുത്തിയിരിക്കുന്നുണ്ടാകും .മാസങ്ങളായി ഇപ്പോൾ ഇങ്ങനെയാണ്.എന്തുചോദിച്ചാലും ഒന്നും മിണ്ടില്ല,ഭയങ്കര ദേഷ്യമാണ് എപ്പോഴും…”

     അമ്മായി കരയുകയായിരുന്നു.

       “ അവളെക്കുറിച്ച് സംസാരിക്കാൻ കൂടിയാണ് നിന്നോടു വരാൻപറഞ്ഞതു മോനെ….നീയൊന്ന് അവളുമായി സംസാരിക്ക്.വേണമെങ്കിൽ നമുക്കൊരു
 സൈകാ(ടിസ്റ്റിനെ കാണാന്നു പറ…”

          ഉണ്ണിമാമയുടെ ശബ്ദം ഇടറിയിരുന്നു.

മുറിയിൽ കയറി നോക്കിയപ്പോൾ മേശമേൽ തലചായ്ച്ച് അവൾ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതാണ് കണ്ടത്.തന്നെ കണ്ടതും പുസ്തകം അടച്ചുവെച്ച് ഒരു ചെറുചിരി വരുത്തി ചോദിച്ചു

                   “എവിടെ എൻറെ ഞാവൽപ്പഴങ്ങൾ….?”

പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ പഴയതുപോലെ തന്നെ കളിയും ചിരിയും.അപ്പോഴാണ് മനസ്സിന് ഒരു  ആശ്വാസമായത്.

  അന്നു വൈകുന്നേരം ഞങ്ങൾ  ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോയി. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സന്ധ്യയായിരുന്നു അത്.

  “എന്തുപറ്റി നിനക്ക്? അവരൊക്കെ ആകെ പേടിച്ചിരിക്കുകയാ..”

                 എൻറെ ആ  ചോദ്യത്തിന്  മറുപടിയെന്നോണം അവളൊന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു.

   ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ട്
അവൾ സംസാരിക്കാൻ ആരംഭിച്ചു.ഇടയ്ക്കെപ്പോഴോ ഒരു അർദ്ധവിരാമത്തിനൊടുവിൽ തൻറെ വലതുകൈ അവളുടെ ഇടതുകൈക്കുമേൽ എടുത്തുവെച്ച് പതിയെ തഴുകിക്കൊണ്ട് പറഞ്ഞു

 “നിൻറെ ഞാവൽപ്പഴങ്ങളുടെ ചവർപ്പുകലർന്ന മധുരം ഞാനെന്നും
ആസ്വദിച്ചിരുന്നു....”

 അവളുടെ ആ വാചകം തൻറെ മനസ്സിലേക്ക് ഒരു മഴയായ് പെയ്തിറങ്ങുകയായിരുന്നു.
     പിന്നീടൊന്നും തന്നെ അവൾ സംസാരിച്ചില്ല.

 വീടെത്തിയപ്പോൾ, മകളുടെ പെട്ടെന്നുണ്ടായ മാറ്റത്തിൽ ഉണ്ണിമാമയും അമ്മായിയും ആശ്വസിക്കുന്നതുപോലെ തോന്നി.

    പക്ഷെ എല്ലാം അഭിനയമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.അന്നു
രാ(തി ഭക്ഷണശേഷം ഉണ്ണിമാമയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണു
അവളുടെ മുറിയിൽ നിന്നും വലിയൊരൊച്ച കേട്ടത്.ഇരുവരും ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് ജനാലക്കമ്പികളിൽ അവൾ തലയിട്ടിടിക്കുന്നതാണ്.
നെറ്റിപൊട്ടി ചോരയൊഴുകുകയായിരുന്നു,ചെന്നുപിടിച്ചപ്പോഴേക്കും ബോധംകെട്ട് കുഴഞ്ഞുവീണു.അപ്പോൾ തന്നെ ആശുപ(തിയിലെത്തിച്ചു.
ബോധം തിരിച്ചുകിട്ടി ദിവങ്ങൾക്കുശേഷം മാനസീകരോഗാശുപ(തിയിലേക്ക് മാറ്റുകയായിരുന്നു.

         ലുംബിനിയിൽ നിന്നും തിരികെ വരുമ്പോൾ അവളെ ചെന്ന് കണ്ടു.
അവൾ ആകെ മാറിയിരുന്നു.
   മെലിഞ്ഞുണങ്ങിയ മുഖത്ത് കുഴിയിൽപെട്ട രണ്ടു കണ്ണുകൾ മാ(തം.കൺതടങ്ങളിൽ കറുപ്പ് ബാധിച്ച് അ(ശദ്ധമായി എന്തൊക്കെയോ പുലമ്പി  മാനസീകരോഗാശുപ(തിയിലെ ഇരുണ്ടതടവറക്കുള്ളിൽ അവൾ...

          എൻറെ കണ്ണട നിലത്തുവീണുടഞ്ഞെങ്കിൽ എന്ന് ഞാനാശിച്ചു.....                      വരാൻനേരം മേശമേൽ കിടന്നിരുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിൽ കണ്ണുകളുടക്കി.വെറുതെയെന്നോണം അതെടുത്ത് സഞ്ചിയിലിട്ട് യാ(തതിരിച്ചു.ഒരിക്കലും അതൊന്ന് മറച്ചുനോക്കണമെന്ന് തോന്നിയില്ല.ഒരു സഹയാ(തികയുടെ ആത്മാവിനെയെന്നോണം പോകുന്നിടത്തെല്ലാം ഇപ്പോഴുമത് ചുമന്നുകൊണ്ടു നടക്കുകയാണ്....

           അയാൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി.

                              എന്തുകൊണ്ടോ അയാളുടെ കൈകൾ തോൾസഞ്ചിയിൽ വി(ശമിക്കുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിലേക്കു നീണ്ടു.അയാൾ അത് പുറത്തെടുത്ത് ഏടുകൾ ഓരോന്നായി മറിച്ചു.അവസാനത്തെ ഏടിൽ, രോഗം മറനീക്കി പുറത്തു വന്ന ദിവസത്തെ താളിൽ ഇങ്ങനെ കുറിച്ചിരുന്നു-

       ‘ഇന്ന് വൈകുന്നേരം അവനോടൊപ്പം നടക്കാൻ പോയി.എല്ലാം തുറന്നു പറഞ്ഞ് അവൻറെ തോളിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയണം എന്നുണ്ടായിരുന്നു,പക്ഷെ കഴിഞ്ഞില്ല.എങ്ങനെയാണത് പറയുക...കുട്ടിക്കാലത്തെ തങ്ങളുടെ കുസൃതികൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്ന (പതാപനങ്കിൾ...പടിഞ്ഞാപ്പുറത്തെ തേൻവരിക്കപ്ളാവിലെ പുളിയുറുമ്പിൻകൂട് ഒറ്റയേറിനു വീഴ്ത്തിയ (പതാപനങ്കിളിനെ  ഞങ്ങൾ കുട്ടികൾ വീരനായകനായാണ് മനസ്സിൽ (പതിഷ്ഠിച്ചിരുന്നത്.ഊണിലും ഉറക്കത്തിലും വാലിൽ തൂങ്ങി നടന്നപ്പോൾ എവിടൊക്കെയോ പിഴയ്ക്കുകയായിരുന്നുവെന്ന് തന്നിലെ പൈതലിന് അന്ന് അറിയില്ലായിരുന്നു.ഉറക്കത്തിനിടയ്ക്ക് ഞെട്ടിയുണർന്ന് നോക്കുമ്പോൾ
സീറോ ബൾബിൻറെ അരണ്ട വെളിച്ചത്തിൽ കാണാറ് വിയർത്തുകുളിച്ച് തൊട്ടരികിൽ കിടക്കുന്ന (പതാപനങ്കിളിനെയാണ്...
   ഇന്നെൻറെ ഉറക്കളിൽ തുടരെത്തുടരെ ഒരു ചെന്നായയെ മാ(തം ഞാൻ  സ്വപ്നം കാണുന്നു...
        എൻറെ  ശരീരം  പിച്ചിച്ചീന്താനായി അടുക്കുന്ന ആ ചെന്നായയ്ക്ക് (പതാപനങ്കിളിൻറനെ മുഖമാണ്....അതെൻറെ ഉറക്കം    കെടുത്തുന്നു...പകലിൽപോലും ഭയം എന്നെ കാർന്നു തിന്നുന്നു...കുറ്റബോധത്തിൻറെ കാണാക്കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കുന്നു. ഈ പേചിന്തകളുടെ ചങ്ങലകളറുത്ത് പരമമായ സ്വാത(ന്ത്യത്തിലേക്ക് ഒരപ്പൂപ്പൻതാടിയെപ്പോലെ പറന്നുചെല്ലാൻ ഞാൻ ആ(ഗഹിക്കുന്നു...മരണം മധുരമാണെന്നു...........’

              പിന്നീട് കുറേ കുത്തിവരഞ്ഞിട്ടിരിക്കുന്നു.

   അയാളുടെ കണ്ണുകളിൽനിന്നും ഏതാനും നീർത്തുള്ളികൾ ആ ഏടുകളിലേക്ക് ഇറ്റുവീണു. അവളുടെ അവസാനവാചകവും അപൂർണ്ണമായിരുന്നു.

                  പാറകൾ തുരന്ന് നിർമ്മിച്ച റയിൽപ്പാളങ്ങളിലൂടെ ഇരുട്ടിൻറെ മാറുപിളർന്ന് വണ്ടി ഓടിക്കൊണ്ടിരിക്കയാണ്.ഞാൻ യാ(തതുടരുകയാണ്, അവളുടെ അടുത്തേക്ക്…...അവൾക്കിഷ്ടപ്പെട്ട ഞാവൽപ്പഴങ്ങളുമായ്.......

------------------------------------------------------------------------------------------------------------

2004ൽ  ഒറ്റപ്പാലം  എൻ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുമ്പോൾ കോളേജ് മാഗസിനു വേണ്ടി എഴുതിയ 'നൊമ്പരത്തിൻറെ ചിറകൊച്ചകൾ'   എന്ന  കഥയുടെ  പുനരാവിഷ്ക്കരണം.

Thursday, January 3, 2013

അമ്മാളു


ഇളം മഞ്ഞിനാൽ ഈർപ്പം പറ്റിപ്പിടിച്ച ജനാലച്ചില്ലിൽ അവൾ തനിക്കു പിറക്കാനിരിക്കുന്ന കുഞ്ഞിൻറെ പേരെഴുതി -  "രോഷ്നി"
അതെ അവൾ (പകാശമായിരിക്കട്ടെ,(പകാശത്തിൻറെ (പതീകമായിരിക്കട്ടെ,
തൻറെ ജീവിതത്തിലും തനിക്കു ചുറ്റുമുള്ളവരുടെ
ജീവിതത്തിലും.ഒരു കുഞ്ഞുമാലാഖയെപ്പോലെ ഓടി നടക്കണം അവൾ.

             എല്ലാം ആ(ഗഹങ്ങൾ മാ(തമാണ്..(പതീക്ഷകൾ മാ(തമാണ്.....അതിനുമാ(തമേ അവകാശമുള്ളു.പെൺകുഞ്ഞ് തന്നെ ആയിരിക്കും എന്ന് എന്താണ്  ഇപ്പോൾ ഇ(ത  ഉറപ്പ് ? ആൺകുഞ്ഞ് ആയിക്കൂടെന്നുണ്ടോ ? ഇല്ല, പെൺകുഞ്ഞ് തന്നെ, ജനാലച്ചില്ലിൽ അവൾ വീണ്ടും എഴുതി "രോഷ്നി".

    "രോഷ്നി"യിലൂടെ അവൾ ജനാലയ്ക്കപ്പുറമുള്ള ലോകത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി നിന്നു.യൂണിഫോം ധരിച്ച് അതിരാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികൾ...ഒമ്പതുമണിവരെ താഴെ റോഡിൽ കുട്ടികളുടെ ബഹളമാണ്.പിന്നീട് സ്കൂൾ കഴിഞ്ഞും അങ്ങനെ തന്നെ.
                ചിലപ്പോഴൊക്കെ നോക്കി നിൽക്കാറുണ്ട് സ്കൂൾവിട്ട് കുട്ടികൾ വരുന്നതിനുമുമ്പുള്ള പോപ്കോൺ വിൽപനക്കാരൻറെയും ഐസ്(കീം വിൽപനക്കാരൻറെയും വ്യ(ഗതകൾ...ആ വ്യ(ഗത പരിചിതമായ ഒരു വ്യ(ഗതയാണ്......

     ഒരു തുണിസഞ്ചിയിൽഏതോ ആഴ്ചപ്പതിപ്പിൽ സ്ഥിരമായി വന്നിരുന്ന കരുത്തൻ മോർട്ടീനിൻറെ പരസ്യ കടലാസുകൊണ്ട് പൊതിഞ്ഞ നോട്ടു പുസ്തകങ്ങളും ചോറ്റുപാ(തവും ഒരു (പത്യേകതരത്തിൽ ചുമലിലൂടെയിട്ട് 'ടപ്പേ ടപ്പേ ' എന്നു അടിച്ച് ശബ്ദമുണ്ടാക്കി സ്കൂളിലേക്കു നടന്നുപോയിരുന്ന കാലത്ത് എതിരെ നടന്നു വന്നിരുന്ന അമ്മാളുവിൻറെ മുഖത്തും അതേ വ്യ(ഗതയായിരുന്നു.
      നിലനിൽപിനുവേണ്ടിയുള്ള വ്യ(ഗതയായിരുന്നോ അത്? അതോ ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള വ്യ(ഗതയോ? ഒരർത്ഥത്തിൽ രണ്ടും ഒന്നു തന്നെയല്ലെ?അറിയില്ല, ഒന്നും തന്നെ.പലപ്പോഴും അങ്ങനെയാണ് ഒന്നുംതന്നെ അറിയുന്നില്ല,എങ്ങനെയിപ്പോൾ അമ്മാളു തൻറെ ചിന്തയിലേക്ക് കടന്നുവന്നു എന്നുപോലും.

                    അമ്മാളു ഒരു വയസ്സിത്തള്ളയായിരുന്നു.അ(തയും വയസ്സായ സ്(തീകളെ മുത്തശ്ശി എന്നു വിളിക്കാനാണ് മുതിർന്നവർ പഠിപ്പിച്ചത് .എന്നാൽ ഞങ്ങൾ കുട്ടികൾ ഒരിക്കലും അവരെ മുത്തശ്ശി എന്നു വിളിച്ചില്ല, "അമ്മാളു" എന്നു വിളിച്ചു,ചിലപ്പോൾ 'അമ്മാളുക്കുമ്മാളു വരുന്നു' എന്നു അടക്കം പറഞ്ഞു.മുതിർന്നവരും അവരെ അമ്മാളു എന്നു വിളിച്ചു വന്നു.അവരുടെ പേര് യഥാർത്ഥത്തിൽ അതുതന്നെ ആയിരുന്നിരിക്കണം.മുതിർന്നവർ ഞങ്ങളെ ശാസിച്ചില്ല കാരണം അമ്മാളു '(ഭാന്തി' ആയിരുന്നു എന്നതായിരുന്നു.(ഭാന്തി എന്ന വാക്കിൻറെ അർത്ഥം ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു.’(ഭ’ ,’ന്ത’ എന്നീ അക്ഷരങ്ങൾ ഉച്ചരിക്കാനും എഴുതാനും വിഷമമായതിനാൽ ഞങ്ങൾ കുട്ടികൾ ആ വാക്ക് അധികം ഉപയോഗിക്കാറില്ലായിരുന്നു.പക്ഷെ ഒന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നു അവരെ എന്തു വിളിച്ചാലും ആരും ഒന്നും പറയില്ല എന്ന്.            ജഡ പിടിച്ച മുടിയും കീറി നാറുന്ന പൊക്കണവുമായി അമ്മാളു എന്നും ഞങ്ങൾക്കെതിരെ നടന്നുവന്നു.അമ്മാളുവിൻറെ വീട് എവിടെയായിരുന്നു?അമ്മാളുവിന് വീട് ഉണ്ടായിരുന്നോ? അമ്മാളു എവിടേക്കാണ് ദിവസവും തോടിറങ്ങി കുന്നുകേറി പോയിരുന്നത്….? അതെല്ലാം തന്നെ ഞങ്ങൾക്ക് അജ്ഞമായിരുന്നു.കുറേ കീറത്തുണികൾ വാരിപ്പുതച്ച് ഒരു വടിയും കുത്തി പതുക്കെ നടന്നു നീങ്ങുന്ന അമ്മാളുവിൻറെ ചുക്കിച്ചുളിഞ്ഞ തൊലിയെയും തൂങ്ങിക്കിടന്ന കാതുകളെയും ഞങ്ങൾ കളിയാക്കി.എങ്കിലും അമ്മാളുവിൻറെ പൊക്കണത്തിൽ അവർ ആരുംകാണാതെ കൊണ്ടുനടക്കുന്ന സാധനങ്ങൾ എന്തെല്ലാമാണ് എന്നറിയാൻ ഞങ്ങൾ സദാ ഉത്സുകരായിരുന്നു.ഞങ്ങളിൽ ചിലർക്ക് പൊക്കണത്തിൽ കളിപ്പാട്ടങ്ങൾ ആണോ എന്ന് സംശയമുണ്ടായിരുന്നു.കുറച്ചുപേർ പറഞ്ഞതു കത്തിയും മടാളും ഒക്കെ ആകും എന്നാണ്.അതുകൊണ്ടു തന്നെ ഒരു ദിവസം അതു കണ്ടെത്താനായി ഞങ്ങളുടെ (ശമം.

         സ്കൂൾ വിട്ട് വരുന്ന വഴി എന്നും കാവിൻറെ നടയിൽവെച്ച് ഞങ്ങൾ അമ്മാളുവിനെ കണ്ടുമുട്ടുമായിരുന്നു.കാവിൻറെ മുമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന അരളി മരങ്ങൾക്ക് പിറകെ ഒളിഞ്ഞുനിന്ന് ഞങ്ങൾ അമ്മാളുവിൻറെ ചെയ്തികൾ നിരീക്ഷിച്ചുപോന്നു.
                               തോടുകടന്ന് വരുന്ന വഴിക്ക് വേലിക്കൽ പൂത്തുനിൽക്കുന്ന പൂക്കളെല്ലാം അമ്മാളു ഇറുത്തെടുക്കും.അതെല്ലാംതന്നെ ഒരു തേക്കിലക്കുമ്പിളിൽ കയ്യിൽ പിടിക്കും.കാവിൻറെ നടയ്ക്കൽ എത്തിക്കഴിഞ്ഞാൽ അവിടെ കൊഴിഞ്ഞുകിടക്കുന്ന അരളിപ്പൂക്കളെല്ലാം പെറുക്കിക്കൂട്ടും.അതിലെ ഓരോ ഇതളുകളായി നുള്ളിയെടുത്ത് ഒരു കൂമ്പാരമാക്കും.തേക്കിലക്കുമ്പിളിലെ പൂക്കളും അരളിയിതളുകളും കൂട്ടിച്ചേർത്ത് അർച്ചനയാണ് പിന്നെ.....

                 അമ്മാളു ഒരിക്കലും കാവിനുള്ളിൽ കയറിയില്ല.പുറത്ത് നടയ്ക്കൽ നിന്ന് അമ്മാളു പൂജിച്ചു.ഓരോ ഇതളുകളായി ദേവിക്ക് അർപ്പിച്ചു.  പൂജ അതിൻറെ  മൂർദ്ധന്യത്തിലെത്തുമ്പോൾ  കണ്ണിൽനിന്നും  കണ്ണീരൊഴുകി ....
'( ഭാന്തല്ലെ അതാവും ഇങ്ങനൊക്കെ'  എന്ന് മനസ്സിൽ കരുതി ഞങ്ങൾ പരസ്പരം നോക്കി ശബ്ദമുണ്ടാക്കാതെ ചിരിക്കും.അമ്മാളുവിൻറെ പൂജ എന്നും ഞങ്ങളിൽ കൗതുകമുണർത്തി,അതിനേക്കാൾ കൗതുകം അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാനായിരുന്നു.പൂജിക്കുമ്പോൾ മാ(തം അമ്മാളു പൊക്കണം തോളിൽനിന്നും താഴെ വെച്ചു പോന്നു. അല്ലാത്തപ്പോഴെല്ലാം പൊക്കണം അമ്മാളുവിൻറെ തോളിൽ വി(ശമിച്ചു.

              അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാതെ അസ്വസ്ഥരായ ഒരു ദിവസം അത് മോഷ്ടിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
   പതിവുപോലെ ഞങ്ങൾ അരളി മരത്തിനു പിറകെ ഒളിച്ചു നിന്നു. അരളിപ്പൂക്കൾ പെറുക്കാനായി അമ്മാളു പൊക്കണം കാവിൻറെ അരമതിലിൽ ഇറക്കിവെച്ചു.
           അമ്മാളു ഒരിക്കലും ഞങ്ങളെ കണ്ടിരുന്നില്ല,അഥവാ കണ്ടാൽതന്നെയും കണ്ട ഭാവം നടിച്ചിരുന്നില്ല.അതുകൊണ്ടുകന്നെ അമ്മാളു ഞങ്ങളെ കാണുന്നില്ല എന്നു ഞങ്ങൾ വിശ്വസിച്ചു.
               അവർ അരളിപ്പൂക്കൾ പെറുക്കിയെടുത്ത് ഓരോ ഇതളുകളായി നുള്ളിയെടുത്തു. അമ്മാളു കാണാതെ ഞങ്ങൾ പൊക്കണത്തിനു അരികിലേക്കു നീങ്ങി.
                   ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധൈര്യശാലിയായ ചെറുക്കൻ പൊക്കണം തുറന്നുനോക്കിയതും അമ്മാളു തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു.അവൻ അതിനുള്ളിൽകണ്ട ഒരു വലിയ മാങ്ങ കൈക്കലാക്കി ഓടി,പിറകെ ഞങ്ങളും.ആരും തന്നെ തിരിഞ്ഞു നോക്കിയില്ല, അതിനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല...കൈയിലുള്ള വടിയുമായി പിറകെ തല്ലാൻ ഓടി വരുന്ന അമ്മാളുവിൻറെ ചി(തമായിരുന്നു ഏവരുടെയും മനസ്സിൽ.
     ഓട്ടം നിർത്തിയതു വീടിനു മുമ്പിൽ എത്തിയപ്പോഴായിരുന്നു.ധൈര്യശാലിയായ ചെറുക്കൻറെ കയ്യിൽ ആ വലിയ പച്ചമാങ്ങ ഉണ്ടായിരുന്നു.
                  അമ്മാളുവിൻറെ പൊക്കണം അഴുക്കുപിടിച്ചതായതിനാൽ ആ മാങ്ങ പങ്കുവെക്കുന്നതിൽ ഞങ്ങൾക്കാർക്കും യോജിപ്പുണ്ടായിരുന്നില്ല.ധൈര്യശാലിയായ ചെറുക്കനും ആ(ഗഹിച്ചത് അതുതന്നെ ആയിരുന്നു,ആ മാങ്ങ ഒറ്റയ്ക്കു തിന്നണം എന്ന്. ആ മാങ്ങ അവനു നൽകി ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു നീങ്ങി.

               ജീവിതത്തിലെ ആദ്യത്തെ മോഷണം.മോഷ്ടിച്ചത് ധൈര്യശാലിയായ ചെറുക്കനാണെങ്കിലും പിറകിൽ നിന്ന ഞങ്ങളും അതിൽ പങ്കാളികളല്ലെ.ഒരുപക്ഷെ ആ ഒരു മാങ്ങ അമ്മാളുവിൻറെ ആ ഒരു ദിവസത്തെ ഭക്ഷണമായിരിക്കാം.
         ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു,(പത്യേകിച്ച് ആരോരും ഇല്ലാത്ത ആ (ഭാന്തിയോട്...അതൊക്കെ പിന്നീടാണ് തോന്നിയത്.

            ആ മോഷണത്തിൻറെ വേദന ഇന്നും മനസ്സിലെവിടെയോ ഒരു കരടായി ഇരടുന്നു .ഇന്നവർ ജീവിച്ചിരിക്കാൻ ഇടയില്ല,ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ കാവിനു നടയ്ക്കൽ എന്നെങ്കിലും കുറേ അരളിയിതളുകൾ കണ്ടേനെ.
                  തൻറെ ഭക്ഷണം മോഷ്ടിച്ച കുട്ടികളെ അന്ന് അമ്മാളു ശപിച്ചു കാണുമോ..?അറിയില്ല...പലപ്പോഴും പലതും അറിയാതിരിക്കുന്നതാണ് നല്ലത്.

           ജാലകത്തിലൂടെ അവൾ താഴെ നിരത്തിലേക്കു നോക്കി...പോപ്കോൺ വിൽപനക്കാരനും ഐസ്(കീം വിൽപനക്കാരനും അടുത്തയിടം തേടി പോയിരിക്കുന്നു...കുട്ടികൾ സ്കൂളിലിരുന്ന് പഠിക്കുന്നുണ്ടാകണം...വെയിലിൻറെ കണങ്ങൾ ജനാലച്ചില്ലിലെ പേര് ഒഴുക്കിക്കളഞ്ഞിരിക്കുന്നു.....നാളെ  (പഭാതത്തിൽ  മഞ്ഞുകണങ്ങൾ ജനാലച്ചില്ലിൽ മുത്തമിടുമ്പോൾ വീണ്ടും എഴുതണം....."രോഷ്നി"
--------------------------------------------------------------------------------------------------------
*(ഫെചിൻ  നികോളെ  ഇവാനോവിച്ചിൻറെ  'ഊന്നുവടിയേന്തിയ വൃദ്ധ'  എന്ന പെയ്ൻറിംഗ് ആണ് ചി(തത്തിൽ. കടപ്പാട്  : ഗൂഗിൽ ഇമേജ്സ്)


മനസ്സിൽ തോന്നിയത് എന്തായാലും ഒന്ന് പറഞ്ഞിട്ട് പോണേ സുഹൃത്തേ...Wednesday, January 2, 2013

മഴ
മഴ....
പുതുമഴയിൽ കുതി൪ന്ന മണ്ണിന്  സ്നേഹത്തി൯റെ ഗന്ധമാണ്.....
കൊഴിഞ്ഞ കരിയിലകളിൽ പതിക്കുന്ന മഴത്തുള്ളികൾ
മേഘത്തി൯റെ (പണയം മണ്ണുമായി പന്കുവെയ്കുന്നു......

മഴ......
ഓരോ മഴയും എനിക്ക്
ഒരു ആലിപ്പഴത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്....
ഇതുവരെ നുക൪ന്നുനോക്കാത്ത
ഒരു ആലിപ്പഴത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്...
ഒരു യാ(ത
ഒരു മരത്തണലിൽ
തലചായ്ച്ചിരുന്ന്
വല്ലപ്പോഴും വായിക്കുക
സ്വന്തം ജീവിതത്തെ....

അമ്മയുടെ ഗർഭപാ(തത്തിൽനിന്നും
ശ്മശാനത്തിലെ ആറടി
മണ്ണിലേക്കുള്ള യാ(തയിൽ
കണ്ടു മറന്ന മുഖങ്ങളെ.....
മുഖംമൂടികളെ....
ഭിക്ഷനൽകിയ കരങ്ങളെ
അഭയം നൽകിയ മാടങ്ങളെ...
വെറുതെയൊന്നോർത്തെടുക്കുക.....

ചോദിക്കുക സ്വയം
ഞാൻ നിനക്കാരായിരുന്നു....
മകളോ പെങ്ങളോ
(പണയിനിയോ പത്നിയോ
അമ്മയോ സുഹൃത്തോ....
അതോ ആരുമല്ലെങ്കിലും
ആരൊക്കെയോയാണെന്നു
നടിക്കുന്നവളോ.....

അവസാനം ചോദിക്കുക
ഭൂമിയോട്
അവളുടെ വാടകക്കുടിശ്ശിക....

കാറ്റിനോടും മഴയോടും
മഞ്ഞിനോടും വെയിലിനോടും
കൈവീശിക്കാണിക്കാൻ
മറക്കരുത്.....

ഇനി പുറപ്പെടാം
ഒരു യാ(ത.....
തനിച്ച് തീർത്തും തനിച്ച്...


കടൽകടൽ
അതു നീയാണ്...
ഒന്നും ഒരിക്കലും ഒളിപ്പിക്കുന്നില്ലെന്ന്
ഭാവിക്കുന്ന നിൻറെ മനസ്സ്...

(പണയത്തിൻറെ നാളുകളിൽ
ഒരു പുഴയായ് ഒഴുകി
നീയാകുന്ന കടലിൽ
അലിഞ്ഞു ചേർന്നതാണ്

നിൻറെ നിഗൂഢതകളുടെ
അർത്ഥം തേടി ഇന്നും ഈ
പവിഴപ്പുറ്റുകൾക്കിടയിലൂടെ
ഊളിയിട്ടുകൊണ്ടേയിരിക്കയാണ്

കടൽ
അതു ഞാനാണ്...
എല്ലാം എപ്പോഴും
മറച്ചുവെക്കാനാ(ഗഹിക്കുന്ന
എൻറെ മനസ്സ്...

നിലാമഴകളിൽ
നിനക്കെന്നോടുള്ള (പണയത്തിൽ
ഞാനുരുകിയൊലിക്കുമ്പോഴും
നിന്നിൽനിന്നും ഞാനെന്നെ-
യൊളിപ്പിച്ചിരുന്നു  നിനക്കുള്ളിൽ

എന്നിട്ടും
ഒരു കണ്ണുപൊത്തിക്കളിയുടെ-
യന്ത്യത്തിൽ പിടിക്കപ്പെട്ടവരെപോൽ
ഒഴുകുകയാണ് ഒരേകടലായ്...
തുഴയുകയാണ് ഒരുമിച്ച്...
ഈ ജീവിതക്കടൽ...

അടഞ്ഞ ജാലകം


കൊതിയാണിപ്പോഴും
ഈ ജാലകമൊന്നു തുറന്നിടാൻ
ഇതിന്നപ്പുറം ഒരു മരമുണ്ട്
അതിലൊരു കൊച്ചു കിളിക്കൂടുണ്ട്
വെറുതെ ചിലയ്ക്കുന്ന
കുറേ കിളികളുണ്ട്
ഇറയത്തുനിന്നും ഇറ്റുവീണ
മഴവെള്ളമുണ്ടാക്കിയൊരു ചാലുണ്ട്
അതിൽ വെറുതെയൊഴുകി-
നടക്കുന്നൊരു കളിവള്ളമുണ്ട്
ഒരു താളിലക്കുമ്പിളിൽ
ഉരുണ്ടു കൂടുന്ന കുഞ്ഞുമുത്തുകളുണ്ട്
പിന്നെ വെറുതെ പാടുന്നൊരു കുയിലുണ്ട്
വെറുതെ പെയ്യുന്നൊരു മഴയുണ്ട്
ഇതിലെല്ലാമലിഞ്ഞെൻറെ ബാല്യമുണ്ട്
അതിലെവിടെയോ ഈ ഞാനുമുണ്ട്