Saturday, March 29, 2014

ഗുൽമോഹർ പൂക്കുമ്പോൾ



                                      കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂവുകളെപ്പോലും നോവിക്കില്ലെന്ന വാശിയിലാണ് മുത്തശ്ശൻ എന്ന് അവൾക്ക് തോന്നി..,അ(തയും പതുക്കെയാണ് മുത്തശ്ശൻ നടന്നിരുന്നത്.അവളും പതുക്കെ നടക്കാൻ ആ(ഗഹിച്ചിരുന്നു-
              കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂവുകളെപ്പോലും നോവിക്കാതെ-വളരെ പതുക്കെ.





                              അച്ഛൻ ഇന്നു വരുമെന്നും അതിനാലാണ് അമ്മ വരാഞ്ഞതെന്നും മുത്തശ്ശിയോട് നുണ പറഞ്ഞു.മുത്തശ്ശിയെ വിശ്വസിപ്പിക്കാൻ വളരെ എളുപ്പമാണ്,എന്നാൽ മുത്തശ്ശൻറെ മുഖത്തു നോക്കി നുണ പറയാൻ വളരെ വിഷമമാണ്.ചില ആളുകൾ മറ്റുള്ളവരുടെ മനസ്സിലിരിക്കുന്നതിനെ അപ്പാടെ മനസ്സിലാക്കി കളയും,മുത്തശ്ശനെപ്പോലെ.അതുകൊണ്ടാണല്ലൊ മുത്തശ്ശിയോട് പറഞ്ഞത് കള്ളമാണെന്ന് മുത്തശ്ശൻ വേഗം തിരിച്ചറിഞ്ഞത്.എന്നിട്ട് ആരിൽ നിന്നൊക്കെയോ തന്നെ രക്ഷിച്ചെടുക്കാനെന്നോണം ചിരിച്ചു കൊണ്ട് ഒരു ചോദ്യവും

            ''നിനക്ക് യക്ഷിയെ കാണണ്ടെ,പാവം നിന്നെ (പതീക്ഷിക്കുന്നുണ്ടാകും.''

പാലക്കാട്ട് തറവാട്ടിൽ വരുമ്പോഴൊക്കെ യക്ഷിയെ കാണാൻ പോക്ക് പതിവുള്ളതാണ്.മുത്തശ്ശൻ ഫോൺ വിളിക്കുമ്പോൾ തമാശയ്ക്കെന്നോണം ചോദിക്കാറുണ്ട് 'പാലക്കാട്ടെ എൻറെ യക്ഷിക്ക് സഖമല്ലെ' എന്ന്.

     ''അല്ലെങ്കിലും യക്ഷിയെ കാണാൻ തന്നെയാ വന്നത് അല്ലാതെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനാണെന്ന് വിചാരിച്ചോ? ''

മുത്തശ്ശൻറെ തമാശയെ ഇരുത്തിക്കളയാനെന്നോണം ഞാൻ വെറുതെ പറഞ്ഞു.

                         
    ''അതിന് ഇവിടം വരെ വരേണമോ അവിടെ തന്നെയില്ലെ ഒരു യക്ഷി?''

                          '' ആര്?''

                        ''നിൻറെയമ്മ ,എൻറെ മകൾ...''

                          ''ആ ഹാ...''

                       മുത്തശ്ശൻ കളി തന്നയല്ലെ പറയുന്നത് എന്ന്സംശയം തോന്നി.
ഞാൻ കളിപറഞ്ഞത് തന്നെയാണ് എന്നോണം  മുത്തശ്ശൻ  ചിരിച്ചു.
മുത്തശ്ശൻറെ തിമിരം ബാധിച്ച കണ്ണുകളിലെവിടെയോ കാര്യം ഒളിഞ്ഞു കിടക്കുന്നതു ഞാൻ കണ്ടു.

                              സത്യത്തിൽ ഇവിടത്തെ യക്ഷിയെ കാണിച്ചു തരാനോ വലിയ മീനിൻറെ വായ്ക്കകത്തെ അക്വേറിയം കാണിച്ചു തരാനോ ഒന്നുമല്ല മുത്തശ്ശൻ എന്നെയും കൂട്ടി ഈ വൈകുന്നേരത്ത് ഇങ്ങോട്ട് നടക്കാനിറങ്ങിയത്.ഇതൊക്കെ എ(തയോ തവണ കണ്ടു മടുത്ത കാഴ്ചകളാണ്.ഞാനെന്നും പുതുമകൾ ഇഷ്ടപ്പെടുന്നുവെന്ന് മുത്തശ്ശനറിയാം.

     തറവാട്ടിൽ,മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുമ്പിൽ ഞാൻ നിന്നു പരുങ്ങുന്നതു കാണാൻ മുത്തശ്ശൻ ഒരിക്കലും ഇഷ്ടപ്പട്ടിരുന്നില്ല.ഞാനും ആ(ഗഹിച്ചിരുന്നു,എല്ലാ ചോദ്യങ്ങളിൽ നിന്നും രക്ഷനേടാൻ.എപ്പോഴും അങ്ങനെയാണല്ലൊ ഉണ്ടാകാറ്,വീട്ടിൽ എത്തിയതും ചോദ്യ ശരങ്ങളുമായ് ഒാരാ(കമണം...കുത്തുവാക്കുകൾ....പരിഹാസങ്ങൾ...

                                                                എപ്പോഴെങ്കിലും വീണുകിട്ടുന്ന അവധി ദിവസങ്ങളിൽ ,അച്ചടക്കത്തിൻറെ ആവരണം വലിച്ചെറിഞ്ഞ് ,മുത്തശ്ശൻറെ കുറേ തമാശകൾ ആസ്വദിക്കാനായാണ് തറവാട്ടിൽ എത്തുക.സകലമാന ഉത്സാഹവും കളയാനെന്നോണം ഓരോരുത്തരുടെ വക അച്ഛനേയും അമ്മയേയും കുറിച്ചുള്ള ചോദ്യങ്ങളായി.അവരുടെയൊക്കെ ചോദ്യങ്ങൾക്ക് എന്താണ് ഉത്തരം പറയേണ്ടത് എന്നറിയാറില്ല.അമ്മയ്ക്കും ഒരുപക്ഷെ അവരുടെയെല്ലാം ചോദ്യങ്ങൾക്ക് ഉത്തരമില്ലായിരിക്കണം.അതിനാലാണ് അമ്മ ആ ഇടുങ്ങിയ ക്വാർട്ടേഴ്സിനുള്ളിൽ തൻറെ അവധി ദിസങ്ങളെപോലും ഞെരിച്ചു കൊല്ലുന്നത്.എനിക്ക് പലപ്പോഴും അമ്മയേയും അച്ഛനേയും മനസ്സിലാക്കാൻ കഴിയാതെ വരുന്നു എന്നതാണ് വാസ്തവം.

                        അമ്മയോട് പറ്റിച്ചേർന്ന് കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നും,ഞായറാഴ്ചകളിലെ മെഡിറ്റേഷൻ ക്ളാസുകൾക്കുപോലും തരാൻ കഴിയാത്ത ആശ്വാസം.അമ്മയുടെ വിരലുകൾ മുടിയിഴകളെ തലോടുമ്പോൾ അറിയാതെ ഉറക്കം വന്നുപോകും.അമ്മയും അതാണ് ആ(ഗഹിക്കുന്നത്,ഞാൻ വേഗം ഉറങ്ങണമെന്ന്.എന്നിട്ട്  തലയിണയിൽ മുഖമമർത്തി നിശബ്ദമായി കരയുന്നു.പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരാണ് കൂടുതൽ ത(ന്തശാലി എന്ന്,തലയിണയിൽ മുഖമമർത്തി നിശബ്ദമായി കരയുന്ന അമ്മയോ അതോ ഒന്നു കരയാൻ പോലും കഴിയാതെ ഉറക്കം നടിച്ചു കിടക്കുന്ന ഞാനോ?
  
ചില ദിവസങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് നിലവിളക്കിൻറെ മുമ്പിലിരുന്ന് അമ്മ ഭഗവദ്ഗീത വായിക്കുമ്പോൾ തോന്നാറുണ്ട് ദൈവം എന്ന വിശ്വാസം എന്തിനുവേണ്ടിയാണെന്ന്.(ഭാന്ത് അച്ഛനാണോ അമ്മയ്ക്കാണോ എന്ന്   പലപ്പോഴും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പാതിരാ(തിയിൽ തുടരെത്തുടരെ  ഫോൺ ബെല്ലടിക്കുമ്പോൾ   അമ്മ  ഉറക്കം നടിച്ചു കിടക്കുന്നു.അങ്ങകലെയുള്ള ഒരു മെൻസ് ഹോസ്റ്റലിൽ ഉറക്കം വരാതെ അച്ഛൻ  സിഗരറ്റു വലിച്ചിരിക്കുന്നത് ചിന്തയിൽ തെളിയുമ്പോഴും മകൾ അമ്മയെ അനുകരിക്കുന്നു.അമ്മയിൽ പതഞ്ഞു  പതഞ്ഞു വരുന്ന ഉത്കണ്ഠയുടെ ശബ്ദം ഹൃദയമിടിപ്പിൽ ലയിക്കുമ്പോൾ പലപ്പോഴും പേടിതോന്നും, അമ്മയുടെ ഹൃദയം പൊട്ടിത്തെറിക്കുമോ എന്നോർത്ത്.
അടുത്ത ഞായറാഴ്ച ഒരുപാട് ചോക്കലേറ്റുകളും കൊണ്ട് അച്ഛൻ വരുമ്പോൾ തോന്നിപ്പോകും അമ്മ സൂ(തക്കാരിയാണെന്ന്,നിഷ്(പയാസം അച്ഛനെ വരുത്തിക്കളഞ്ഞല്ലോയെന്ന്.
എനിക്ക് മടുത്താലും ഒരുപാട് നേരം അച്ഛൻ എന്നോടൊപ്പമിരുന്ന് ക്യാരംസ് കളിക്കുന്നു.അതോടൊപ്പം തന്നെ ,അച്ഛൻ പരിശീലിപ്പിച്ച വോളിബോൾ ടീം (ടോഫി നേടിയതു തൊട്ട് കഴിഞ്ഞയാഴ്ചയിലേതിനേക്കാൾ എ(ത സിഗരറ്റ് ഈ ആഴ്ച കൂടുതൽ വലിച്ചു എന്നുവരെ അമ്മ കേൾക്കാനെന്നോണം മകളോടു വിവരിക്കുന്നു.അന്ന് അച്ഛനും അമ്മയും മകളും കൂടി പുറത്തുപോയി ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്ത് മടങ്ങുമ്പോൾ ഇടം കണ്ണിട്ട് അതു വീക്ഷിക്കുന്ന അയൽപക്കകാരുടെ മുമ്പിൽ അഹങ്കാരം കൊണ്ട് ഞെളിയുന്നു ഞാൻ.പൊള്ളയായ ഞെളിയൽ...നീർക്കുമിളയുടെ ആയുസ്സ് മാ(തമുള്ള  ഞെളിയൽ...

                        എപ്പോഴൊക്കെയോ ഇരുവരും സംസാരിച്ചിരിക്കുന്നതു കാണുമ്പോൾ തോന്നും എങ്ങോ നഷ്ടമായ അവരുടെ കോളേജ് (പണയം തിരിച്ചെത്തിയെന്ന്.



                    ഒരു ഉറക്കത്തിലേക്ക് എന്നെ തള്ളിവിട്ട് (ടാൻസ്ഫറിൻറെ കാര്യത്തിൽ തുടങ്ങുന്നു...അച്ഛൻറെ വാക്കുകൾക്കു മൂർച്ഛ കൂടുമ്പോൾ അമ്മയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.അച്ഛൻറെ വാക്കുകൾ അതിർത്തി ലംഘിക്കുമ്പോൾ  അമ്മയും പൊട്ടിത്തെറിക്കുന്നു.മകൾക്കവിടെ ചെയ്യാൻ കഴിയുന്നതു ജനാലകൾ കൊട്ടിയടയ്ക്കുക എന്നതാണ്,അവരുടെ ശബ്ദങ്ങളെ പുറത്തുപോകാനനുവദിക്കാതെ.

          ഉറങ്ങിക്കിടക്കുന്ന മകളുടെ നെറ്റിയിൽ ഉമ്മവെച്ച് അച്ഛൻ പടിയിറങ്ങുമ്പോൾ മകൾ തലയിണയിൽ മുഖമമർത്തുന്നു.

പിറ്റേന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അമ്മയും  മകളും  അച്ചടക്കത്തിൻറെ   കുപ്പായമണിഞ്ഞ് കോളേജിൽ എത്തുന്നു.അവിടെ അമ്മ  കമ്മ്യൂണിസ്റ്റുകാരിയും പാതി ഫെമിനിസ്റ്റും ഒക്കെയായ,തൻറെ  വാക്ചാതുരിയാൽ  കവിതയുടെ അന്തരാത്മാവിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ഏവർക്കും (പിയപ്പെട്ട അദ്ധ്യാപികയാണ്.അമ്മ  വളരെ മനോഹരമായി സാരിയുടുക്കുന്നു,പലപ്പോഴും ഞാനത് നോക്കിനിന്നിട്ടുണ്ട്.ഡിപ്പാർട്ട്മെൻറിലുള്ളവർക്കും കുട്ടികൾക്കും  അമ്മയെക്കുറിച്ച്പറയാൻ തുടങ്ങിയാൽ നൂറുനാവാണ്.'ഇങ്ങനൊരു     അമ്മയെ   കിട്ടിയത് നിൻറെ ഭാഗ്യമാ'  എന്ന് തൻറെ ക്ളാസിലെ തന്നെ പലരും തന്നോട് പറഞ്ഞിരിക്കുന്നു.അതിൽ ചലർക്കൊക്കെ തന്നോട് അസൂയയും ഉണ്ട് താനും.ഒരുപക്ഷെ    അച്ഛൻറെ      കോളേജിൽ    ചേർന്നിരുന്നുവെങ്കിലും ഇതേ അഭി(പായങ്ങളൊക്കെ തന്നെ കേൾക്കേണ്ടി വരുമായിരുന്നു.    

അച്ഛനും അമ്മയും  നല്ലവരാണ്.പിന്നെ എന്താണ് (പശ്നം ?
 ഒരേ    കോളേജിൽ  പഠിച്ച് (പണയിച്ച് വിവാഹം കഴിച്ചവർ.എന്നിട്ടും എന്തേ ഇങ്ങനെ ? അവർ പരസ്പരം അധികമൊന്നും സംസാരിക്കാറില്ല.ഒരു മുറി മാ(തമുള്ള  ഈ  ക്വാർട്ടേഴ്സിനുള്ളിൽ   പത്ത് ദിവസം ഒരുമിച്ച് താമസിക്കേണ്ടി വരുമ്പോൾ     അച്ഛൻ   ബെഡ്റൂമിലും അമ്മ     അടുക്കളയിലും കിടന്നുറങ്ങുന്നു.ബന്ധുക്കളുടെയും സുഹൃത്തക്കളുടെയും മുമ്പിൽ      (ടാൻസ്ഫർ       കിട്ടാത്തതുകൊണ്ട് പിരിഞ്ഞു കഴിയേണ്ടിവരുന്ന മാതൃകാദമ്പതികളാണ്   അവർ .  അമ്മായിക്കും മുത്തശ്ശിക്കും മാ(തമാണ് കുറേയെങ്കിലും അറിയുന്നത്.

         ആവർത്തനങ്ങൾ  വിരസത സൃഷ്ടിക്കുന്നതിനാൽ  ഇപ്പോൾ അതിലൊന്നും പുതുമ തോന്നാറില്ല.പക്ഷെ കുറേ ദിവസങ്ങൾക്കു ശേഷം    അച്ഛൻ    ഫോൺ               ചെയ്ത്    അമ്മയെപ്പറ്റി മാ(തം സംസാരിക്കുമ്പോൾ തോന്നാറുണ്ട് പണ്ട് കണ്ട ഒരു സിനിമയിലേതുപോലെ തന്നെ മതിലാക്കികൊണ്ട് ഇരുവരും അപ്പുറവും  ഇപ്പുറവും നിന്ന് കമ്പെറിഞ്ഞ് (പണയിക്കുകയാണെന്ന്.


                              കൊഴിഞ്ഞ ഒരു   ഗുൽമോഹർ   പൂവ് അനുസരണയില്ലാതെ പാറിപ്പറക്കുന്ന അവളുടെ തലമുടിയിൽ തൊട്ട് താഴേക്കു വീണപ്പോൾ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു  -

''അമ്മ   (ടാൻസ്ഫറിന് (ശമിക്കുന്നുണ്ട് മുത്തശ്ശാ''.

അതുപറയുമ്പോൾ  ശബ്ദം  ഇടറരുതെന്നും  കണ്ണുകൾ   നനയരുതെന്നും   അവൾ ആ(ഗഹിച്ചു.  മുത്തശ്ശൻ   അവളുടെ തോളിൽ  തലോടി. 

    കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ  പൂവുകളെ  നോവിക്കാതെ  മുത്തശ്ശൻ   നടത്തം തുടർന്നു.  മുത്തശ്ശനെപ്പോലെ    പതുക്കെ  നടക്കാൻ  അവളും പഠിച്ചു കഴിഞ്ഞുവെന്ന് അപ്പോഴവൾക്കു തോന്നി.






------------------------------------------------------------------------------------------------------------
2005-ൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജ് മാഗസിനിൽ (പസിദ്ധീകരിച്ച കഥ. 

1 comment: