Tuesday, August 19, 2014








ഈ   മഴയുമായ്
ഞാൻ   പ്രണയത്തിലാണ്
ഒരു  തുള്ളിയായ് ഞാനിതി-
ലലിയുവോളം
















"പെണ്ണേ  നിന്നെ  ഞാൻ
സ്നേഹിച്ചു   കൊല്ലു"മെന്ന്
പറഞ്ഞവർ   വാക്കു-
പാലിക്കാനുള്ള  വെമ്പലിലാണ്









Tuesday, August 12, 2014

അവൾ

























അവൾ
ഒരു പൂമ്പാറ്റ
നനുത്ത ചിറകിൽ
വർണ്ണപ്പൊട്ടുകളുള്ള
പാറിപ്പറക്കുന്ന ചിത്രശലഭം

അവൾ
ഒരു ചുവന്ന പൊട്ട്
പൂവാകകൾ തണൽ വിരിച്ച
വഴികളിൽ  മഴനനയുന്ന
ഒരു ചുവന്ന പൊട്ട്

അവൾ
ഒരു തീയൽ
ചില ദിവസങ്ങളിൽ
ഉപ്പുകൂടിയും
ചില ദിവസങ്ങളിൽ
മുളക് കുറഞ്ഞും
ആരുടേയും സ്വാദിനെ
തൃപ്തിപ്പെടുത്താനാകാതെ
വെറുതെ കിടന്നു തിളയ്ക്കുന്ന
ഒരു തീയൽ

അവൾ
ഒരു നേർത്ത നിശബ്ദത
സംഭവിച്ചു കഴിഞ്ഞതിനും
സംഭവിക്കാനിരിക്കുന്നതിനും
മൂകസാക്ഷിയായ്
ഒരു ചുമർചിത്രത്തിനുള്ളിൽ
പ്ലാസ്റ്റിക്‌ മാലയണിഞ്ഞ്
ഒരു നേർത്ത നിശബ്ദത







Friday, August 8, 2014

ഒരു ഊഞ്ഞാലാട്ടത്തിന്റെ ഓർമ്മയ്ക്ക്‌









       
                 അടുത്തിടെ നാട്ടുകാരനായ ഒരു സുഹൃത്താണ് ഈ ചിത്രങ്ങൾ       "മുഖപുസ്തക"ത്തിൽ ഇട്ടത് . മഴയിൽ കുതിർന്നു നിൽക്കുന്ന മുളഞ്ഞൂരുകാരുടെ സ്വന്തം മന്ദത്ത് കാവ് ....... എത്രയോ ചലച്ചിത്രങ്ങളിൽ ഭംഗി തുളുമ്പുന്ന ഗ്രാമാന്തരീക്ഷമായി ഈ ആൽമരങ്ങളും പ്രദേശവും പ്രത്യക്ഷപ്പെട്ടിരിക്കുന്നു .
                     ഓർക്കാൻ സുഖമുള്ള എതാനും ചില ബാല്യകാല സ്മരണകളിൽ ഈ കാവും ചുറ്റുമുള്ള ആൽമരങ്ങളും പടർന്ന് പന്തലിച്ച് തണൽ വിരിച്ച് നിൽക്കുന്നു . കുട്ടിക്കാലത്ത് സ്കൂൾ വിട്ടാൽ ഒരു ഓട്ടമാണ് ഈ ആൽമരങ്ങളുടെ ചുവട്ടിലേക്ക്‌ .....പിന്നീട് മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും മണ്ണിനെ തൊടാനായി താഴേക്ക് വളർന്ന് നിൽക്കുന്ന വേരുകളിൽ തൂങ്ങി ഊഞ്ഞാലാട്ടമാണ് .......എത്ര ആടിയാലും മതിവരില്ല ....ആടിത്തളർന്ന് വീട്ടിലേക്ക്‌ നടക്കുമ്പോൾ കൈകൾ ചുവന്ന് വേദനിക്കുന്നുണ്ടാകും . എങ്കിലും നാളെ ഇനിയും ആടണമെന്ന ആഗ്രഹവുമായാണ്  ഞങ്ങൾ ഓരോരുത്തരും എന്നും മടങ്ങാറ് .
        അന്ന് ഞങ്ങൾ ഊഞ്ഞാലാടിയ വേരുകളെല്ലാം ഇന്ന് വളർന്ന് , മണ്ണിൽ ആഴ്ന്നിറങ്ങി ഈ വന്മരങ്ങൾക്ക് താങ്ങായിമാറിയിരിക്കുന്നു . ഞങ്ങളും വളര്ന്നിരിക്കുന്നു , ചിലർക്കെങ്കിലും താങ്ങും തണലും ആണെന്ന വിശ്വാസത്തോടെ .........