Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, February 27, 2015

ഒരു തുമ്പിയുടെ അന്ത്യം





അടിമകളെല്ലാം എ(തയും പെട്ടെന്ന്
മരിച്ചു പോകുന്നതാണ് നല്ലത്......
സഹനത്തിൻറെ വെള്ളാരം കല്ലുകൾ
ചുമന്ന തുമ്പിയെപ്പോലെ......

തുമ്പിയ്ക്ക് ഒരാകാശം സ്വന്തമായിരുന്നു....
നനുത്ത ചിറകുകൾ വിടർത്തി
പറന്നു നടക്കാൻ ഒരാകാശം...
പൂവിൽ നിന്നും പൂവിലേക്കത്
പാറി നടന്നു.......
തേനുണ്ട് മടുത്തപ്പോൾ
ആകാശത്ത് ആവോളംഉല്ലസിച്ചു,
പുള്ളിയുടുപ്പിട്ടൊരു
പെൺകുഞ്ഞിനെപ്പോലെ...

സഹനത്തിൻറെ വെള്ളാരംകല്ലുകൾ
ചുമക്കാൻ തുടങ്ങിയതെന്നോ തുമ്പീ....

സഹനത്തിൻറെ വെള്ളാരംകല്ലുകൾക്ക്
ശൂന്യതയുടെ നിറമായിരുന്നു,
എങ്കിലും ഭാരം താങ്ങാവുന്നതിനും
അപ്പുറമായിരുന്നു.....


സഹനത്തിൻറെ വെള്ളാരംകല്ലുകൾ
ചുമന്ന്  ചുമന്ന് ആദ്യം അത് കൂനിയായി....
പിന്നീടെന്നോ പിടഞ്ഞു വീണു....

അങ്ങനെയായിരുന്നു
നിസ്സഹായയായ ഒരു
തുമ്പിയുടെ അന്ത്യം....





Tuesday, August 12, 2014

അവൾ

























അവൾ
ഒരു പൂമ്പാറ്റ
നനുത്ത ചിറകിൽ
വർണ്ണപ്പൊട്ടുകളുള്ള
പാറിപ്പറക്കുന്ന ചിത്രശലഭം

അവൾ
ഒരു ചുവന്ന പൊട്ട്
പൂവാകകൾ തണൽ വിരിച്ച
വഴികളിൽ  മഴനനയുന്ന
ഒരു ചുവന്ന പൊട്ട്

അവൾ
ഒരു തീയൽ
ചില ദിവസങ്ങളിൽ
ഉപ്പുകൂടിയും
ചില ദിവസങ്ങളിൽ
മുളക് കുറഞ്ഞും
ആരുടേയും സ്വാദിനെ
തൃപ്തിപ്പെടുത്താനാകാതെ
വെറുതെ കിടന്നു തിളയ്ക്കുന്ന
ഒരു തീയൽ

അവൾ
ഒരു നേർത്ത നിശബ്ദത
സംഭവിച്ചു കഴിഞ്ഞതിനും
സംഭവിക്കാനിരിക്കുന്നതിനും
മൂകസാക്ഷിയായ്
ഒരു ചുമർചിത്രത്തിനുള്ളിൽ
പ്ലാസ്റ്റിക്‌ മാലയണിഞ്ഞ്
ഒരു നേർത്ത നിശബ്ദത







Monday, January 21, 2013

ഓർമ്മച്ചിന്ത്



























ഒരു കുടക്കീഴിൽ
പാതി നനഞ്ഞ് പാതി നനയാതെ..... നടന്നു നീങ്ങിയ വഴികൾ..... മരങ്ങൾ.....പുഴകൾ....പൂക്കൾ.... വാൻഘോഗിൻറെ സൂര്യകാന്തികൾ...... സച്ചിദാനന്ദൻറെ കവിതകൾ...... പറയാതെ പറഞ്ഞ (പണയം ഒരു ചെമ്പകപ്പൂ...... ഒരു മഞ്ചാടിക്കുരു..... മാനംകാണാതെ കാത്തുവെച്ച മയിൽപ്പീലിത്തുണ്ടുകൾ.... ചിതലരിക്കുന്നോർമ്മകൾ.... ഒന്നും അറിയാതെ ഞാനും നീയ്യും......



Thursday, January 17, 2013

ചിപ്പിയുടെ ആത്മഗതം

















ഒരു മുള്ളായ് നീയെന്നെ
വേദനിപ്പിച്ചപ്പോഴൊക്കെയും
സ്നേഹംകൊണ്ടു പുണർന്നു 
പുണർന്നൊരു
മുത്താക്കി മാറ്റി നിന്നെ....

കരഞ്ഞാൽ കണ്ണീരിലൂടെ നീ
ഒലിച്ചു പോയെങ്കിലോ
എന്നു കരുതി കരയാതെ, 
ഉറഞ്ഞു കൂടിയ മിഴിനീർതുള്ളിയിൽ
ഞാൻ നിന്നെ കാത്തുവെച്ചു..... 

ഇനിയെന്നാത്മാവു തുരന്ന് നാളെയവർ 
നിന്നെ കൈക്കലാക്കും....
പിന്നെ നീ മറ്റൊരു വെർമീറിൻറെ
മുത്തുക്കമ്മലിട്ട പെൺകുട്ടിയായ്....
ഞാനോ വെറും പുറംതോടായ്
(ദവിച്ചുപോകും വരെ
ഇവിടെയിങ്ങനെ....

എങ്കിലുമെന്നാത്മാവൊരു നക്ഷ(തമായ്
നിന്നെ നോക്കി പുഞ്ചിരിക്കും....
വേർപാടിൻറെ വേദനയിൽ
നീയപ്പോഴൊരു നീർത്തുള്ളിയായ്
പൊഴിയാൻ കൊതിക്കും
എൻ ഹൃദയത്തിലേക്ക്......
അപ്പോൾ മാ(തം ഞാനറിയും
സ്നേഹം വെറുമൊരു
മുള്ളുകൊള്ളിച്ചയെന്ന്....






അമ്മേ മടങ്ങട്ടെ

























അമ്മേ മടങ്ങട്ടെ ഞാൻ....
ഒരിയ്ക്കൽകൂടി നിൻ ഗർഭപാ(തത്തി-
ന്നുള്ളറയിലേക്ക്.....
ഒന്നുറങ്ങണമെനിക്ക്
കൺകളടച്ച് ചുരുണ്ടുകൂടിക്കിടന്ന്.........
എല്ലാം മറന്നൊന്നുറങ്ങണം......

ശാപവാക്കുകൾ ശകാരവർഷങ്ങൾ.....
പുച്ഛങ്ങൾ പരിഹാസങ്ങൾ....
കാതടപ്പിക്കുന്നൊച്ചകൾ.......
ചോരചിന്തുന്ന കാഴ്ച്ചകൾ....
എല്ലാം മറന്നൊന്നുറങ്ങണം....

ഈ മരുഭൂവിൽ ഇനി വയ്യ
വിഷം കുടിച്ച്.....
വിഷം കഴിച്ച്......
വിഷം ശ്വസിച്ച്......
ചത്തിട്ടും ചാകാതെ....
ജന്മജന്മാന്തരങ്ങളിലെ വിഴുപ്പേന്തി.....
തലയിൽ പേനരിച്ച്.....
ഉറക്കമില്ലാതിനിയും എ(തനാൾ.....

അമ്മേ...ഇനി വയ്യ.....
കാൽകൾ തളരുന്നു കൈവിറയ്ക്കുന്നു....
മിഴികൾ തളരുന്നു.....
എല്ലാം മറന്നൊന്നുറങ്ങണം.....

ഇവിടെയീ തൊട്ടിലിൻ കുളിർമയിൽ....
നിൻനെഞ്ചിടിപ്പിൻ താരാട്ടിൽ......
നിൻ ജീവശ്വാസത്തിലലിഞ്ഞ്.......
എല്ലാം മറന്നൊന്നുറങ്ങട്ടെ......
കൺകളടച്ച്...ചുരുണ്ടുകൂടിക്കിടന്ന്......
ഒരിയ്ക്കൽകൂടി......






Tuesday, January 15, 2013

ഒരു കാത്തിരിപ്പ്





















ഒരു കാത്തിരിപ്പ്........
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........

നന്ദി.......
ഈ പുഴവക്കിൽ എന്നെ കാത്തുനിന്നതിന്......
കൈകോർത്തുപിടിച്ച് മഴ നനഞ്ഞതിന്.........

ഒരു പകലിൻറെയന്ത്യത്തിൽ നിറുകിൽ ചുംബിച്ചതിന്.....
മുടിയിഴകളിൽ വെറുതെ വിരലോടിച്ചതിന്.....

ഒരു മഞ്ഞുകാലത്ത് എന്നെ (പണയിച്ചതിന്....
ഇപ്പോഴെന്നെ തനിച്ചാക്കിയതിന്......

ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........
ഒരു കാത്തിരിപ്പ്........





Wednesday, January 2, 2013

മഴ
















മഴ....
പുതുമഴയിൽ കുതി൪ന്ന മണ്ണിന്  സ്നേഹത്തി൯റെ ഗന്ധമാണ്.....
കൊഴിഞ്ഞ കരിയിലകളിൽ പതിക്കുന്ന മഴത്തുള്ളികൾ
മേഘത്തി൯റെ (പണയം മണ്ണുമായി പന്കുവെയ്കുന്നു......

മഴ......
ഓരോ മഴയും എനിക്ക്
ഒരു ആലിപ്പഴത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്....
ഇതുവരെ നുക൪ന്നുനോക്കാത്ത
ഒരു ആലിപ്പഴത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്...




ഒരു യാ(ത




















ഒരു മരത്തണലിൽ
തലചായ്ച്ചിരുന്ന്
വല്ലപ്പോഴും വായിക്കുക
സ്വന്തം ജീവിതത്തെ....

അമ്മയുടെ ഗർഭപാ(തത്തിൽനിന്നും
ശ്മശാനത്തിലെ ആറടി
മണ്ണിലേക്കുള്ള യാ(തയിൽ
കണ്ടു മറന്ന മുഖങ്ങളെ.....
മുഖംമൂടികളെ....
ഭിക്ഷനൽകിയ കരങ്ങളെ
അഭയം നൽകിയ മാടങ്ങളെ...
വെറുതെയൊന്നോർത്തെടുക്കുക.....

ചോദിക്കുക സ്വയം
ഞാൻ നിനക്കാരായിരുന്നു....
മകളോ പെങ്ങളോ
(പണയിനിയോ പത്നിയോ
അമ്മയോ സുഹൃത്തോ....
അതോ ആരുമല്ലെങ്കിലും
ആരൊക്കെയോയാണെന്നു
നടിക്കുന്നവളോ.....

അവസാനം ചോദിക്കുക
ഭൂമിയോട്
അവളുടെ വാടകക്കുടിശ്ശിക....

കാറ്റിനോടും മഴയോടും
മഞ്ഞിനോടും വെയിലിനോടും
കൈവീശിക്കാണിക്കാൻ
മറക്കരുത്.....

ഇനി പുറപ്പെടാം
ഒരു യാ(ത.....
തനിച്ച് തീർത്തും തനിച്ച്...


കടൽ















കടൽ
അതു നീയാണ്...
ഒന്നും ഒരിക്കലും ഒളിപ്പിക്കുന്നില്ലെന്ന്
ഭാവിക്കുന്ന നിൻറെ മനസ്സ്...

(പണയത്തിൻറെ നാളുകളിൽ
ഒരു പുഴയായ് ഒഴുകി
നീയാകുന്ന കടലിൽ
അലിഞ്ഞു ചേർന്നതാണ്

നിൻറെ നിഗൂഢതകളുടെ
അർത്ഥം തേടി ഇന്നും ഈ
പവിഴപ്പുറ്റുകൾക്കിടയിലൂടെ
ഊളിയിട്ടുകൊണ്ടേയിരിക്കയാണ്

കടൽ
അതു ഞാനാണ്...
എല്ലാം എപ്പോഴും
മറച്ചുവെക്കാനാ(ഗഹിക്കുന്ന
എൻറെ മനസ്സ്...

നിലാമഴകളിൽ
നിനക്കെന്നോടുള്ള (പണയത്തിൽ
ഞാനുരുകിയൊലിക്കുമ്പോഴും
നിന്നിൽനിന്നും ഞാനെന്നെ-
യൊളിപ്പിച്ചിരുന്നു  നിനക്കുള്ളിൽ

എന്നിട്ടും
ഒരു കണ്ണുപൊത്തിക്കളിയുടെ-
യന്ത്യത്തിൽ പിടിക്കപ്പെട്ടവരെപോൽ
ഒഴുകുകയാണ് ഒരേകടലായ്...
തുഴയുകയാണ് ഒരുമിച്ച്...
ഈ ജീവിതക്കടൽ...





അടഞ്ഞ ജാലകം














കൊതിയാണിപ്പോഴും
ഈ ജാലകമൊന്നു തുറന്നിടാൻ
ഇതിന്നപ്പുറം ഒരു മരമുണ്ട്
അതിലൊരു കൊച്ചു കിളിക്കൂടുണ്ട്
വെറുതെ ചിലയ്ക്കുന്ന
കുറേ കിളികളുണ്ട്
ഇറയത്തുനിന്നും ഇറ്റുവീണ
മഴവെള്ളമുണ്ടാക്കിയൊരു ചാലുണ്ട്
അതിൽ വെറുതെയൊഴുകി-
നടക്കുന്നൊരു കളിവള്ളമുണ്ട്
ഒരു താളിലക്കുമ്പിളിൽ
ഉരുണ്ടു കൂടുന്ന കുഞ്ഞുമുത്തുകളുണ്ട്
പിന്നെ വെറുതെ പാടുന്നൊരു കുയിലുണ്ട്
വെറുതെ പെയ്യുന്നൊരു മഴയുണ്ട്
ഇതിലെല്ലാമലിഞ്ഞെൻറെ ബാല്യമുണ്ട്
അതിലെവിടെയോ ഈ ഞാനുമുണ്ട്




Sunday, December 30, 2012

കരിവളകൾ



ഓരോ മഴക്കാലം
വന്നുപോയപ്പോഴൊക്കെയും
നിറങ്ങൾ ചോർന്നൊലിച്ചുപോയ്
ഞാനറിയാതെ തന്നെ,
കിലുക്കങ്ങളിൽ മാ(തം കാതോർത്ത്
കഴിച്ചുകൂട്ടിയ ദിനരാ(തങ്ങള(തയും
എന്തേ ഞാനറിയാതെപോയ്
എൻറെ വളകളുടെ വർണ്ണങ്ങൾ
മങ്ങിയകന്നത്....

അച്ഛൻറെ തോളിലിരുന്ന്
പൂരത്തിനുപോയ ബാല്യത്തിലെന്നോ
മുറുക്കാൻ കറപുരണ്ട
ചെട്ടിച്ചിയിൽ നിന്നും
അമ്മ വാങ്ങിയണിയിച്ച
കുപ്പിവളകളിൽ
മഴവില്ലു പൂത്തുനിന്നിരുന്നു,
കയ്യിലണിയുമ്പോൾ കുത്തിത്തറച്ചൊരു
വളപ്പൊട്ടെൻ കണ്ണിൽ
മഴത്തുള്ളി തീർത്തപ്പോഴും...

ജീവിതച്ചായങ്ങള(തയും കട്ടെടുത്ത്
കാലം കടന്നുപോകുമ്പോഴും,
കുപ്പിവളകൾ നിറമറ്റുപോയെങ്കിലും
ഇല്ലതെല്ലും പരിഭവം,
എന്തുകൊണ്ടെന്നോ,
കാത്തുവെയ്ക്കുന്നെൻ കരിവളകളിപ്പോഴും
മനസ്സിൻറെ മണിച്ചെപ്പിൽ
എറിഞ്ഞുടയ്ക്കാതെ

ഭൂമിയിലേക്കു വന്നതിൻ
ഇരുപത്തിയെട്ടാം പക്കം
മടിയിലിരുത്തി തേനും വയമ്പും
നാവിൽ തൊടീച്ച്,കാതുകുത്തി,
കറുത്ത ചരടാലൊരു കൂച്ചുകെട്ടി
കുഞ്ഞിക്കയ്യിൽ മുത്തിചാർത്തിയ
കരിവളകളെപ്പോഴോ
ആവാഹിച്ചെൻ
ആത്മാവിൻ നിറങ്ങളെ

കരിവള ചാർത്തുമ്പോൾ
മനസ്സാൽ മുത്തി മ(ന്തിച്ചിരുന്നു,
കുഞ്ഞേ,നിറങ്ങള(തയും
കറുപ്പിൽ വീണലിഞ്ഞു
ചേർന്നിരിക്കുന്നു....
പഠിക്കുക,
ഈ കരിവളകളിൽ നിന്നും
നിറങ്ങളാവാഹിക്കാൻ,
ജീവിത ദുഃഖങ്ങളിൽ നിന്നും
ശാശ്വതമായ സുഖം സൃഷ്ടിച്ചെടുക്കാൻ...










Saturday, December 29, 2012

ഡിസംബർ


















ഡിസംബർ
നീയെനിക്കെന്നും ഒരു
നഷ്ട(പണയത്തിൻറെ
ഓർമ്മയാണ്....
ഓരോ ദിനത്തെയും
ഹൃദയത്തോട് ചേർത്തുവെച്ചിട്ടും
എനിക്കൊരു ചുംബനം പോലും
നൽകാതെപോയ നീണ്ട
വർഷങ്ങളുടെ ഓർമ്മ...
വെച്ചു നീട്ടിയിട്ടും സ്വീകരിക്കാതെ
ഉപേക്ഷിക്കപ്പെട്ട പൂച്ചെണ്ടുപോൽ
കാലമാം പാതയോരത്തെവിടെയോ
കിടന്നു വിങ്ങുന്നു
ഇന്നെൻറെ നിമിഷങ്ങള(തയും...
എങ്കിലും ഡിസംബർ,
വെറുതെ ഓർമ്മിപ്പിക്കുന്നതെന്തിനു
ഉപേക്ഷിക്കപ്പെട്ടൊരെൻ
ഹെലി(കയ്സം പൂക്കളെ....




Friday, December 28, 2012

മരണം




















വന്നുവിളിക്കുമ്പോൾ
വേഷങ്ങളെല്ലാം അഴിച്ചുവെച്ച്
കൂടെപ്പോകാൻ തെല്ലും
മടിയില്ലയെങ്കിലും,
ഒരു തൊട്ടാവാടിയിലെന്നപോൽ
(പിയനെ നിന്നിലെൻ
ആത്മാവൊന്നുടക്കില്ലെ-
യെന്നോർക്കുമ്പോൾ.........




മഴയുടെ സംഗീതം...

















ഒരിക്കലും പെയ്യാത്ത
ഒരു മഴയുടെ സംഗീതം...

അതെങ്ങനെയെന്നു
നീ പറയുക...
എന്നിട്ടുവേണമാ-
മഴയ്ക്കായെനിക്കു
കാതോർക്കാൻ....

ഇന്നലെ പെയ്ത മഴയിൽ
ഞാൻ കേട്ടതൊരു
തമിഴത്തിപ്പെണ്ണിൻറെ
പാദസ്സരക്കിലുക്കം...

ഇന്നുപെയ്ത മഴയിൽ
കേൾക്കുന്നതു
നടന്നു നീങ്ങിയവരുടെ
പൊട്ടിച്ചിരികൾ.....

നാളെ പെയ്യാത്ത
മഴയുടെ താളം.....
അതെങ്ങനെയെന്നു
നീയെൻ കാതിൽ പറയുക....
വെറുതെ ഞാനൊന്നു
ചെവിയോർക്കട്ടെ.....





നഷ്ടം

















ഒരു ഓടക്കുഴൽ....
ഒരു മയിൽപ്പീലിത്തുണ്ട്....
പിന്നെ നഷ്ടപ്പെട്ട എൻറെ
ആകാശവും...
ഇതെല്ലാം ഓർമ്മിപ്പിക്കുന്നതെന്ത്?

പകരംവെയ്ക്കാനാകാത്ത
ചില നഷ്ടപ്പെടലുകളുണ്ട്...
ഒരുമുള്ളുകൊള്ളിച്ചയെന്നോണം
അതെപ്പോഴും മനസ്സിനെ
വിങ്ങിപ്പിച്ചുകൊണ്ടിരിക്കും...

അതെ...
പകരംവെയ്ക്കാനാകാത്ത
ചില നഷ്ടപ്പെടലുകളുണ്ട്...





സുഹൃത്തിന്...



















കൂട്ടുകാരീ,
കളഞ്ഞുപോയെവിടെയോ
നമ്മൾ ചേർത്തുവെച്ചൊരാ
കുപ്പിവളപ്പൊട്ടുകൾ......
കൂട്ടുകാരീ,
പറന്നുപോയെങ്ങോ
നമ്മൾ കാത്തുവെച്ചൊരാ
ശലഭച്ചിറകുകൾ......
എങ്കിലും, പങ്കിട്ട
പൊതിച്ചോറിൻ രുചിയും,
നിൻറെ കൊച്ചു
മുഖം വീർപ്പിക്കലും
ആത്മാവിലെവിടെയോ
ഒരു സുഗന്ധമായ്
പരക്കുന്നു......
കോമ്പസുകൊണ്ടു
മരപ്പലകയിലെവിടെയോ
കോറിയിട്ട പേരുകൾ
മരവിച്ചുപോയെങ്കിലും
മനസ്സിലതൊരു
മഴയായ് പെയ്തിറങ്ങുന്നു
പലപ്പോഴും......





Thursday, December 27, 2012

എൻറെ (പണയത്തിന്....




















ചില ത(ന്തികൾ മീട്ടപ്പെടേണ്ടത്
പനിനീർപ്പൂക്കളാലാണ്......
അപ്പോഴേ (പണയത്തിനു
സുഗന്ധമുണ്ടാകൂ.....
എൻറെ ഹൃദയത്തിൽ നിന്നും
രക്തംനിറച്ച ഒരു പേനയാൽ
ഇവിടെയീ കടലാസിൽ
കോറിയിടട്ടെ
നിന്നോടുള്ള എൻറെ
(പണയം....
ഒരുപക്ഷെ ചുവപ്പിനോടുള്ള
നിൻറെ ഇഷ്ടത്താൽ
നീയതു വായിച്ചെങ്കിലോ....
ഈ പൂക്കളും പുഴകളും
ഇളംതെന്നലും...
മുറുക്കിച്ചുവപ്പിച്ചൊരാകാശവും
ഒരുകൊച്ചുപുൽച്ചാടിതൻ
വിഷാദവും.....
പിന്നെ നിന്നോടുള്ള
എൻറെ (പണയവും
വിതുമ്പുന്നു ചുവരുകൾക്കുള്ളിലായ്....
എങ്കിലും ഓരോ ശ്വാസത്തിലും
നീയെൻറെ ഹൃദയത്തിൽ
അലിഞ്ഞുചേരുന്നു.........
പറിച്ചുമാറ്റാനാകാത്തവിധം......
എൻറെ ജീവനായ്.....