Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, May 4, 2014

( ഫാമിലി വിസയില്ലാത്ത ) ഗൾഫുകാരന്റെ ഭാര്യ


''അൻറ ഭാഗ്യാ പെണ്ണേ ഇങ്ങനൊരു ബന്ധo  വന്നത് .  ഓന്ക്ക്    ദുബായിലല്ലെ  ജോലി . പടച്ചോൻ   അൻറ  ബാപ്പാന്റ കീശേല് കാശ് കൊടുത്തില്ലങ്കിലും   അനക്ക് ത്തിരി ചന്തം തന്ന് . അൻറ തക്കാളി പോലത്ത മോന്ത കണ്ട്ട്ടല്ലേ ഓൻ ബീണത് . ഓൻറ ബാപ്പാക്കും ഉമ്മക്കും ഒന്നും അത്രയ്ക്കങ്ങട് പോര , അല്ല അബരെ കുറ്റം പറഞ്ഞ്ട്ടും കാര്യൂല്ല , അൻറ  ബാപ്പാന്റ ചായക്കട കണ്ടാ അന്നെ നിക്കാഹ് ചെയ്യാൻ ആര് ബരാനാ ? ഉമ്മാക്ക് സന്തോഷായിട്ടാ , രണ്ടീസം കഴിഞ്ഞാ യ്യ് ഗൾഫ്കാരന്റെ ബീവ്യാകാൻ പോകല്ലെ ''
             
        ചീനച്ചട്ടിയിലെ തിളയ്ക്കുന്ന എണ്ണയിലേക്ക് ഉപ്പും മുളകും  തിരുമ്മിയ മീൻ കഷ്ണങ്ങൾ കോരിയിടുന്നതിനിടെ പാത്തുമ്മ  മോളോട്  പറഞ്ഞു . അതു കേട്ടപ്പോൾ സുബൈദ മനസ്സ് നിറഞ്ഞ്‌ ഒന്ന് ചിരിച്ചു .

      ''അൻറ ഫോണല്ലെ ബെല്ലടിക്കണത് . പോയിച്ചെന്ന് എട്ക്കടീ ,
ഓനാരിക്കും , ഓന്ക്ക്പ്പ  അന്നോട് ബർത്താനം പറയാതെ
ഇത്തിരികൂടി ഇരിക്കാൻ പറ്റണില്യാലെ ?''

      പാത്തുമ്മ മകളെ കളിയാക്കി . തലയിലെ തട്ടം ശരിയാക്കി  സുബൈദ ഫോണെടുക്കാനായി ഓടിയപ്പോൾ അവളുടെ കണ്ണുകളിൽ ആയിരം തിരമാലകൾ അലയടിക്കുന്നത് പാത്തുമ്മ കണ്ടു .

      ''പടച്ചോനെ കാത്തോളണേ ''

പാത്തുമ്മ നെഞ്ചത്ത് കൈ വെച്ച് പ്രാർത്ഥിച്ചു .

 '' എന്റെ  ഉമ്മക്കൊലുസൂ ...എന്താ ഇത്ര നേരം ഫോണെടുക്കാൻ ? എൻറെ കൈയിൽ നിന്നെയൊന്നു കിട്ടട്ടെ , നിൻറെ കവിള് ഞാൻ
പിച്ചിച്ചോപ്പിക്കുന്നുണ്ട് .''

   അങ്ങേ   തലക്കൽ ഷെമീർ  മുത്ത്‌ പൊഴിയുന്നത് പോലെ ചിരിച്ചു.

'' ഇപ്പൊ വിളിച്ച് വെച്ചതല്ലേ ഉള്ളു ഷെമീറ്ക്കാ...ഞാൻ അടുക്കളേലായിരുന്നു.... ''

                        തെല്ലൊരു നാണത്തോടെ സുബൈദ മറുപടി നൽകി .


'' രണ്ട് ദിവസം പോയിട്ട് രണ്ട് മിനിറ്റ് കാത്തിരിക്കാൻ ഇനി എനിക്ക് വയ്യ, ഞാനിപ്പൊ അങ്ങോട്ട്‌ വരികയാണ് ....എൻറെ മണവാട്ടിയെ കാണാൻ .''

   ''അയ്യയ്യോ, വേണ്ട ....വേണ്ട... , രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എൻറെ ഇക്കയുടെ സ്വന്തമാകില്ലെ , ഇനി ഈ ജന്മം മുഴുവൻ നമ്മൾ ഒരുമിച്ചല്ലെ പിന്നെന്താ .''

     ഒരു കുഞ്ഞിനെയെന്നപോലെ  സുബൈദ ഷെമീറിനെ സമാധാനിപ്പിച്ചു .

'' എന്റെ ഉമ്മക്കൊലുസൂ.....ഞാൻ നിനക്ക് ഒരു സമ്മാനം വാങ്ങി  
വെച്ചിട്ടുണ്ട് . അതെന്താണെന്ന് ഇപ്പോൾ പറയില്ലാട്ടോ .''

   സുബൈദയ്ക്ക് അത് കേട്ടപ്പോൾ ആ   സമ്മാനം  എന്താണെന്നറിയാൻ കൗതുകമായി . എന്നാൽ ഷെമീറാകട്ടെ സുബൈദ എത്ര നിർബന്ധിച്ചിട്ടും അത് പറഞ്ഞതുമില്ല .എന്തായാലും രണ്ട് ദിവസം കഴിഞ്ഞാൽ അതെന്താണെന്ന് അറിയാമല്ലൊ - സുബൈദ സ്വയം സമാധാനിച്ചു.എങ്കിലും ആ കാത്തിരിപ്പ് അവൾക്ക് ദുസ്സഹമായി തോന്നി .

        കല്യാണവീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും വന്നുംപോയും ഇരുന്നു.   പാത്തുമ്മ  സ്ത്രീകൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും കാണിച്ചുകൊടുത്തു.തൊട്ടടുത്ത വീട്ടിലെ ഐഷാബീവി രണ്ടര പവൻറെ ഇളക്കത്താലി കയ്യിലെടുത്ത്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു -

    ''എത്ര പവനാ മൊത്തം കൊടുക്കണത് ?  നൂറ്ണ്ടാ ?  അല്ല  ഗൾഫ്കാരനല്ലെ ചെക്കൻ , അതോണ്ട് ചോയിച്ചതാ ...''

 അത് കേട്ടപ്പോൾ  പാത്തുമ്മ  ഒന്ന് പരുങ്ങി .പിന്നീട് തെല്ലും കൂസാതെ മറുപടി പറഞ്ഞു -

''നൂറ്ല്ല്യ ...അമ്പത്ണ്ട് ...ചെക്കനും കൂട്ടരും ഒന്നും ചോയിച്ച്ട്ട്ല്യ ....ഓന് ഓളെ ഷ്ടായി , അത്രന്നെ . ഞ്ഞി ബേണച്ചാ ഓൻ ബാങ്ങികൊട്ത്തോട്ടെ ,ഓള് ട്ടോളും.''


             പാത്തുമ്മയുടെ മറുപടി കേട്ടപ്പോൾ   ഐഷാബീവി  തെല്ലൊന്നു
  ചമ്മി . പിന്നീട് അവർ വായ തുറന്നില്ല .
     സുബൈദയ്ക്ക് ഇതു കേട്ടപ്പോൾ എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നി. എങ്കിലും ഷെമീറിനെക്കുറിച്ച്  ചിന്തിച്ചപ്പോൾ അവൾക്ക് മനസ്സിൽ സമാധാനം തോന്നി.

   ഷെമീറ്ക്ക  ഒരിക്കലും തന്നോട് പോന്നിനേയും പണത്തെയും
കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല . ബാപ്പയുടെ അവസ്ഥയെല്ലാം ഷെമീറ്ക്കയ്ക്ക് നന്നായി അറിയാം . ഷെമീറ്ക്കയുടെ സ്ഥിതിക്ക് തന്നേക്കാൾ സ്ത്രീധനം കിട്ടുന്ന വീട്ടിൽ കേറിചെല്ലാമായിരുന്നു , എന്നിട്ടും അത് ചെയ്തില്ല. അള്ളാഹു തനിക്കായി അയച്ചതാണ് ഈ രാജകുമാരനെ. സ്നേഹവും സഹതാപവും രണ്ടും രണ്ടാണ്. ഷെമീറ്ക്കയ്ക്ക് തന്നോടുള്ളത് സഹതാപമല്ല മറിച്ച് സ്നേഹം തന്നെയാണെന്നത് ഇത്രയും നാളത്തെ സംസാരത്തിൽ നിന്നും മനസ്സിലാക്കിക്കഴിഞ്ഞതാണ് . മനസ്സുകൊണ്ട് ഇരുവരും എന്നേ ഒന്നായിക്കഴിഞ്ഞതാണ് .
              ബാപ്പ   കടം വാങ്ങിയും ലോണെടുത്തുമാണ് ഇത്രയെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നത് . തനിക്ക് താഴെ ഉള്ളതും രണ്ട് പെണ്‍കുട്ടികൾ .പക്ഷെ ഒരിക്കലും   ബാപ്പ  ഒരു കുറവും തങ്ങൾക്ക് വരുത്തിയിട്ടില്ല . ഉള്ളത് കൊണ്ട് ഇത്രയും നാൾ സന്തോഷമായി ജീവിച്ചു . ഡിഗ്രി പൂർത്തിയാക്കിയിട്ട് മതി നിക്കാഹ് എന്ന് കുറെ പറഞ്ഞതാണ് , പക്ഷെ ഉമ്മയും ബാപ്പയും
സമ്മതിച്ചില്ല . എളേതുങ്ങളുടെ കാര്യം കൂടി ചിന്തിക്കാനാണ് പറഞ്ഞത്.
അതെ ,അതും ചിന്തിക്കണ്ടെ . മൂവരും തമ്മിൽ ഓരോ വയസ്സ് വ്യത്യാസം മാത്രമാണ് ഉള്ളത് . കൂടാതെ ഷെമീറ്ക്കയുടെ വീട്ടുകാരുമായി ഒരു ബന്ധം സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തതാണ് .

     ഉമ്മയുടെയും ഉപ്പയുടെയും സന്തോഷം കണ്ടപ്പോൾ സുബൈദ  എല്ലാം
മറന്നു . ഷെമീറുമായി കൂടുതൽ അടുത്ത് കഴിഞ്ഞപ്പോൾ അവൾ  സ്വയം മറന്നു .

 ഷെമീർ അവൾക്ക് ആദ്യമായി നൽകിയ സമ്മാനം വിലകൂടിയ ഒരു  മൊബൈൽ  ഫോണായിരുന്നു. വിവാഹം ഉറപ്പിക്കൽ കഴിഞ്ഞ് പത്ത് ദിവസമെ    ഷെമീർ  നാട്ടിൽ  ഉണ്ടായിരുന്നുള്ളൂ . ആ പത്ത് ദിവസത്തിനുള്ളിൽ വിവാഹം നടത്തിത്തരുമോയെന്ന് ഷെമീറിൻറെ   ഉപ്പ  ചോദിച്ചതാണ്, എന്നാൽ സുബൈദയുടെ ഉപ്പയ്ക്ക് അതിനാകുമായിരുന്നില്ല . ഗൾഫിലേക്ക് തിരിച്ച് പോയിട്ടും  ഷെമീർ  എപ്പോഴും വിളിക്കുമായിരുന്നു , ദിവസത്തിൽ നാലും അഞ്ചും തവണ . അതുകൊണ്ട് തന്നെ  ഷെമീർ തൊട്ടടുത്ത് എവിടെയോ ഉള്ളതുപോലെയേ സുബൈദയ്ക്ക് തോന്നിയിരുന്നുള്ളൂ . വിവാഹത്തിനായി രണ്ട് മാസത്തെ അവധിക്കാണ്  ഷെമീർ വന്നിരിക്കുന്നത് .

 മഗരിബിനു സമയമായപ്പോൾ   സുബൈദ ചിന്തകളിൽ നിന്നും
ഉണർന്നു .സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വൈവാഹിക ജീവിതത്തിനായി അവൾ അന്ന് അള്ളാഹുവിനോട്  പ്രാർത്ഥിച്ചു .

                                                 **********************************************
 
    പതുപതുത്ത കാർപെറ്റിൽ തന്റെ വലത് കാൽ പതിഞ്ഞപ്പോൾ ഒരു രാജകൊട്ടാരത്തിലേക്ക് കയറിച്ചെല്ലുന്ന പ്രതീതിയാണ്സുബൈദയ്ക്ക്  ഉണ്ടായത് . ' മാളിക വീട് '  ശരിക്കും ഒരു  'മാളിക വീട്'  തന്നെ എന്ന്   അവൾ മനസ്സിൽ മന്ത്രിച്ചു  . ഉമ്മയും ബാപ്പയും പറഞ്ഞത് ശരി തന്നെ , ഈ വീട്ടിലേക്ക് കാലെടുത്തു കുത്താൻ കഴിഞ്ഞത് തന്റെ ഭാഗ്യം തന്നെ -സുബൈദയ്ക്ക് തോന്നി.

        തിരക്കൊഴിഞ്ഞ് ആഭരണങ്ങളെല്ലാം  അഴിച്ചു വെച്ച് കിടപ്പുമുറിയിലെ കുളിമുറിയിൽ ഷവറിനു ചുവട്ടിൽ നനയുമ്പോൾ സുബൈദ  അള്ളാഹുവിനോട്  മനസ്സാ നന്ദി പറഞ്ഞു . ഉമ്മയോടും ബാപ്പയോടും അവൾക്ക് ബഹുമാനം തോന്നി . കുളിമുറിയിലെ ഭിത്തിയിൽ ഒട്ടിച്ച ടൈൽസിലെ വലിയ വയലറ്റ് പൂവുകൾ അവളെ നോക്കി
പുഞ്ചിരിച്ചു ,അവൾ തിരിച്ചും.

       പിന്നീടുള്ള ദിവസങ്ങളിലെല്ലാം യാത്രകളായിരുന്നു .ബന്ധുക്കളുടെ വീടുകളിൽ സല്ക്കാരത്തിനു ചെല്ലൽ . എത്രയോ കോഴികൾ അവർക്കായി പൊരിക്കപ്പെട്ടു .
 
                                           സുബൈദ  പക്ഷെ  ഇഷ്ടപ്പെട്ടത് ഷെമീറുമായി തനിച്ചിരിക്കുന്ന സമയങ്ങളായിരുന്നു . ഷെമീർ  പലപ്പോഴും ഒരു കൊച്ചുകുട്ടിയെ പോലെ ആണെന്ന് സുബൈദയ്ക്ക്   തോന്നി .അവളെ തനിച്ച് കിട്ടുമ്പോൾ ആരും കാണാതെ അവൻ അവളുടെ ചുണ്ടുകളിൽ
 ചുംബിച്ചു .പിറകിലൂടെ വന്ന് ഇറുകെ കെട്ടിപ്പിടിച്ചു . കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ സ്ഥലങ്ങളിലെല്ലാം ഇരുവരും കാറിൽ കറങ്ങി. ജീവിതത്തിനു ഇങ്ങനെയൊരു മുഖമുണ്ടെന്ന് അപ്പോൾ മാത്രമാണ് സുബൈദ തിരിച്ചറിഞ്ഞത് . പണ്ടേതോ ജന്മത്തിൽ കളഞ്ഞുപോയ കളിക്കൂട്ടുകാരനെ തിരിച്ചു കിട്ടിയ പ്രതീതിയോടെ പലപ്പോഴും അവൾ ഷെമീറിനെത്തന്നെ നോക്കിയിരുന്നു,അവനറിയാതെ..... ഷെമീറിൻറെ     സാന്നിദ്ധ്യം , ഷെമീൻറെ  മണം ...എല്ലാം അവളിൽ പ്രണയം നിറച്ചു . ഒരു പുഴയെന്നോണം അവൾ അവനിലേക്ക് ഒഴുകി . ഇരുവരും കൂടുതലും കണ്ണുകൾകൊണ്ട് സംസാരിച്ചു. ഇത്രയും നാൾ ജീവിച്ചത് മറ്റൊരു ജന്മമായിരുന്നുവെന്നും ഇപ്പോൾ ജീവിക്കുന്നത് മറ്റൊരു ജന്മമാണെന്നും    അവൾക്കു തോന്നി . ഈ ഭൂമിയിൽ ആകെ രണ്ട് മനുഷ്യരെ ഉള്ളൂ  - ഷെമീറും  സുബൈദയും .....പലപ്പോഴും അവൾ അങ്ങനെ ചിന്തിക്കാൻ ഇഷ്ടപ്പെട്ടു . മറ്റാരെയും അവനും അവളും കണ്ടിരുന്നില്ല എന്നതാണ് സത്യം.

       രണ്ട് മാസം കടന്നുപോയത് ഇരുവരും അറിഞ്ഞതേയില്ല .
വിസ ,പാസ്സ്പോർട്ട് എന്നീ വാക്കുകൾ ബാപ്പ ഇടക്കിടെ പറയുമ്പോൾ     ഷെമീർ  അസ്വസ്ഥനാകുന്നത്‌  സുബൈദ  ശ്രദ്ധിച്ചു .

   ''ഞാൻ പോയാൽ എന്റെ ഉമ്മക്കൊലുസു ഇവിടെ ഒറ്റക്കാകില്ലേ   എന്നോർക്കുമ്പോൾ ......''  - ഷെമീർ  അവളെ നെഞ്ചോടു ചേർത്തു .
സുബൈദയുടെ  കണ്ണുകൾ നിറഞ്ഞു . അവൾ വിങ്ങിപ്പൊട്ടി .

  ''എന്റെ ഉമ്മക്കൊലുസൂനു ഞാൻ വാങ്ങിവെച്ച സമ്മാനം ഇതുവരെ തന്നില്ലല്ലോ.....''
പത്ത് പവൻറെ ഒരു പൊന്നരഞ്ഞാണം അവൻ അവളെ അണിയിച്ചു .പക്ഷെ ചങ്ക് പറിഞ്ഞുപോകുന്ന വേദനയാണ് അവൾക്ക് തോന്നിയത് .അവൾ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . ഷെമീർ അവളെ സമാധാനിപ്പിച്ചു .

  എയർപോർട്ടിലേക്ക് പോകും വഴി  സുബൈദ  ഇടക്കിടെ വിതുമ്പി .

  ''അന്നേം കെട്ടിപ്പിടിച്ചിര്ന്നാ ഓന്റെ കീശേല് കായ്ണ്ടാഗ്വോ പെണ്ണേ ? യ്യ് ഓനെ മെക്കാറാക്കാണ്ടിരിക്ക്.....''   ഷെമീറിന്റെ  ഉപ്പ  തൊള്ളയിട്ടു .


                         മഴയത്ത് കുടയുമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ തനിച്ചായവളെ പോലെ ഷവറിനു ചുവട്ടിൽ
നിന്ന് സുബൈദ വിങ്ങിപ്പൊട്ടി .
അവൾ   പെരുമഴ നനയുകയായിരുന്നു ,തനിച്ച് ....
അവളുടെ അരയിൽകിടന്ന പൊന്നരഞ്ഞാണം അതുകണ്ട് കുലുങ്ങി ചിരിച്ചു .

   ഇളം നീല പൂക്കൾ പൂത്തുലഞ്ഞു കിടക്കുന്ന കിടക്കയിലേക്ക് തലചായ്ക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന കിടക്കയുടെ പാതി ഭാഗത്തേക്ക് വെറുതെയെന്നോണം അവൾ കണ്ണോടിച്ചു . പോകാൻ നേരം ഷെമീർ അഴിച്ചിട്ടിട്ടു പോയ ഷർട്ട് അവൾ തന്നിലേക്കടുപ്പിച്ചു.

               മണിക്കൂറുകൾക്കു ശേഷം   മൊബൈലിൽ ''ഷെമീറ്ക്ക കാളിംഗ് ....'' എന്ന് കാണിച്ചപ്പോൾ നിസ്സംഗതയോടെ അവൾ ആൻസർ ബട്ടണിൽ വിരലമർത്തി .

  ''എന്റെ ഉമ്മക്കൊലുസൂ ....ഞാൻ ഇവിടെ എത്തിട്ടോ .....''
പതിഞ്ഞ സ്വരത്തിൽ ഷെമീർ പറഞ്ഞു .

  ''നിയ്ക്ക് കാണാൻ തോന്നാണ് .....''    - സുബൈദ  വിങ്ങി ......

'  (ഫാമിലി വിസയില്ലാത്ത)  ഗൾഫുകാരന്റെ ഭാര്യ'   ഇവിടെ നിന്നും ആരംഭിക്കുന്നു .



---------------------------------------------------------------------------------------------------------------------                                                                                                                              APRIL 2014

Wednesday, April 2, 2014

ഞായർ, ഒരു നഷ്ടം




                                             പാലക്കാടൻ കാറ്റ്.....എല്ലാറ്റിനുമൊടുവിൽ ഒരുകാറ്റ് അവളുടെ മുടിയിഴകളെ പറത്തിക്കൊണ്ടിരുന്നപ്പോൾ അവൾക്കു തോന്നിയത് അതായിരുന്നു.ഇതേ  ട്രെയിനിൽ , ഇതേ സീറ്റിൽ ഇ(പകാരം തലചായ്ച്ചു  വെച്ചുകൊണ്ട് ഭൂമിയുടെ അറ്റംവരെയും സഞ്ചരിക്കുവാൻ അവൾ ആ(ഗഹിച്ചു.അ(പകാരം ഭൂമിയുടെ അറ്റം എത്തിക്കഴിഞ്ഞാൽ  അവിടെ നിന്നും താഴോട്ട് ചാടണം....അല്ലെങ്കിൽ ആകാശത്തിലേക്ക് പറന്നു പറന്നു പോകണം....അങ്ങനെ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകണം.
                                                                 
        മൊബൈൽ വൈബ്റേറ്റ് ചെയ്തപ്പോൾ എടുത്തു.മനുവാണ് ......

''ജാനീ , ട്രെയിൻ കിട്ടിയോ ?''
 " ഉം"

                                ''എങ്കി ഞാൻ ഓഫീസിൽ പോകുന്നതുവരെ കുറച്ച്                                          കിടന്നുറങ്ങട്ടെ,ഉച്ചക്കു വിളിക്കാം.ഓ.കെ.''

                 '' ഉം,  ശരി. "

                                            ഈ  ലോക്കൽ കിട്ടിയില്ലെങ്കിൽ പിന്നെ ഇന്ന് രാവിലത്തെ (പാക്ടികൽ ക്ളാസ്സ് പോക്കാണ്.ചത്ത് മലച്ച് ഓടിയിട്ടാണ് ഇന്നുo  ട്രെയിൻ കിട്ടിയത്.അത് സ്ഥിരം പതിവാണ്.പാലക്കാടുനിന്നും കോയമ്പത്തൂർ വരെ  ഇനി സ്വസ്ഥമായി (പകൃതി ഭംഗി ആസ്വദിച്ചിരിക്കാം.പക്ഷെ അവിടെയെത്തി ആ 4c ബസിൽ കയറി പറ്റുന്നത് എവറസ്റ്റ് കീഴടക്കുന്നതിന് തുല്യമാണല്ലൊ എന്നോർക്കുമ്പോൾ...






                   ഇന്ന് തിങ്കളാഴ്ച,സമയം രാവിലെ 7.30.ഇപ്പോൾ എൽ.ജാനകീദേവി പാലക്കാടുനിന്നും കോയമ്പത്തൂരിലേക്കുള്ള ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെൻറിലെ ഒരു സീറ്റിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നു...തൻെറയീ സ്വയം ഓർമ്മപ്പെടുത്തുന്ന സ്വഭാവം കുറച്ചൊക്കെ നല്ലതാണെന്നു പലപ്പോഴും  അവൾക്കു തോന്നിയിരുന്നു.എങ്കിലും ഒന്നും ചെയ്യാനാകാതെ കടന്നു പോയ ഒരു ഞായറാഴ്ചയെക്കുറിച്ചുള്ള ഓർമ്മ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.തിസീസ് വർക്ക് ഏതാണ്ടുകഴിയാറായിരിക്കയാണ്. എ(ത നോട്ട്സ് കളക്റ്റ് ചെയ്താലും ഗൈഡിന് ഒരു തൃപ്തിയുമില്ലാത്ത അവസ്ഥയാണ്.എന്നിട്ടാണ് ഒരു ഞായറാഴ്ചയെ കുത്തിമലർത്തി പോസ്റ്റുമോർട്ടം ചെയ്തത്.

  ----------------------------------

ശനിയാഴ്ച 3.30 വെളുപ്പാൻ കാലത്ത് ബാക്ടീരിയോ ഫേജിനെ ക്ളോണിംഗ് വെഹിക്ക്ൾ ആക്കി ഒരഭ്യാസം നടത്തുന്നതിനെക്കുറിച്ച് പാതി ഉറക്കം തൂങ്ങിക്കൊണ്ടു വായിക്കുകയായിരുന്നു.  മൊബൈലിൽ  'ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ....'  മനുവായിരുന്നു. മനു വിളിക്കുമ്പോൾ ആ പാട്ടാണ് സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്.

       "ഹമാസ് വിജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു....നീയാ പടച്ചുവെച്ചിരിക്കുന്നതെല്ലാം അടച്ചുവെച്ച് ഒരു നിമിഷം എൻറെ അടുത്തേക്ക് വാ...."

അടുത്ത് ചെന്നാൽ എന്തുചെയ്യും എന്നറിയാൻ ഒരു കൗതുകം തോന്നി..

'അടുത്ത് വന്നിട്ട് എന്തിനാ?' എന്നു ചോദിച്ചപ്പോൾ പറയുകയാണ് കണ്ണും കണ്ണും നോക്കി കുറച്ചു നേരം ഇരിക്കാമായിരുന്നു എന്ന്.

 'പോയി കിടന്നുറങ്ങടാ' എന്നു പറഞ്ഞപ്പം പറയുകയാണ്
' ഉറക്കം വരുന്നില്ല,ഹമാസ് ജയിച്ചില്ലെ' എന്ന്.
 ഹമാസിൻറെ വിജയവും ഇവൻറെ ഉറക്കവും തമ്മിൽ എന്താണി(ത ബന്ധം എന്ന് എ(ത ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.  എൻ.എസ്.എസ്.കോളേജിലെ ആർട്ട്സ് ക്ളബ് സെ(കട്ടറി ആണെന്നാണ് ഇപ്പോഴും അവൻറെ വിചാരം.

     ഇംഗ്ളീഷ് മാ(തം വഴങ്ങുന്ന നാവുകൾകൊണ്ട് കേൾക്കുന്ന തെറികളുടെ അർത്ഥമറിയാതെ മാർക്കറ്റിംഗിൻറെ ഇടവേളകളിൽ കാമുകിക്ക് ഫോൺ ചെയ്യുന്നു.
                              '' പാതിരാമഴയേതോ........."    ഒന്ന് പാടിത്തരുമോ എന്ന് കെഞ്ചിക്കൊണ്ട് ഞാനവനെ ആശ്വസിപ്പിക്കുന്നു.അവനൊരു വലിയ ഗായകനാകുന്നതും ഗായകൻറെ ഭാര്യയായ താൻ അവൻറെ കാറിൽ മുൻ സീറ്റിൽ അവനോടൊപ്പമിരുന്ന് യാ(ത ചെയ്യുന്നതുമെല്ലാം കോളേജിൻറെ മുറ്റത്തെ ഏഴിലംപാലച്ചുവട്ടിലിരുന്ന് ഇരുവരും സ്വപ്നം കണ്ടതാണ്.മുണ്ടുടുത്ത് ഒരു ചന്ദനക്കുറിയും തൊട്ട് കോളേജ് വരാന്തകളിലൂടെ വേഗത്തിൽ നടക്കുന്ന അവൻറെ ഓർമ്മകൾ ഇന്നെത്തി നിൽക്കുന്നത് ഇൻ ചെയ്ത ഷർട്ടും,ഒട്ടും ചേരാത്ത ഒരു ടൈയും,കൈയ്യിൽ ഒരു സ്യൂട്കേസും....എെ.സി.എെ.സി.എെ.(പുഡൻഷ്യൽ...അവൻ ഒരു എം.ബി.എ.കാരൻ ആകണ്ടായിരുന്നുവെന്ന് തോന്നിപ്പോകുകയാണ്.

                                ഇപ്പോൾ വിളിച്ചത് ഹമാസിൻറെ വിജയം ആഘോഷിക്കാനൊന്നുമല്ല,താൻ എഴുന്നേറ്റ് പഠിത്തം തുടങ്ങിയോ എന്നറിയാൻവേണ്ടി മാ(തമാണ്.പഠിക്കുന്ന കാലത്ത് പരീക്ഷ ദിവസങ്ങളിൽപോലും 7 മണിക്ക് എഴുന്നേൽകാത്തവൻ ഇപ്പോൾ 4 മണിക്ക് എഴുന്നേറ്റ് തനിക്ക് കൂട്ടിരിക്കുന്നു,അതും ചെന്നൈയിലെ ഒരു കുടുസുമുറിക്കുള്ളിൽ മൂട്ടകടി കൊണ്ടുകൊണ്ട്.
         എന്തുകൊണ്ടെന്നറിയാതെ  എനിക്കവനോട് സഹതാപം തോന്നി.മണിക്കൂറുകൾക്കു  ശേഷം പരീക്ഷ എഴുതണം,വീണ്ടും പുസ്തകത്തിലേക്കു മുഖംപൂഴ്ത്തി.

 ഹോസ്റ്റലിൽ   നിന്നും ഇറങ്ങി ബസ് സ്റ്റോപ്പ് എത്തുന്നത് വരെ മനുവുമായി സംസാരിച്ചു.

           ''പരീക്ഷ നന്നായി എഴുതണം.നല്ല മാർക്കോടെ പാസായാൽ മാ(തമേ ഇവിടെ വന്നാൽ നല്ല ജോലി കിട്ടൂ.നിൻറെ പഠിത്തം കഴിഞ്ഞിട്ടുവേണം   
നമ്മുടെ കാര്യം വീട്ടിൽ പറയാൻ.എല്ലാം ഞാൻ വീണ്ടും വീണ്ടും ഓർമ്മപ്പിക്കേണ്ടല്ലൊ'' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ.

                         ഫോൺ വെച്ചതും ബസ് വന്നതും ഒരുമിച്ചായിരുന്നു.ബസിൻറെ അവസാന പടിയിൽ നിന്നും അടുത്ത പടിയിലേക്ക് തമിഴ് തെറികൾ കേട്ടുകൊണ്ട് തൊങ്ങിക്കൊണ്ടിരുന്നപ്പോൾ മഴ തീർത്ത മങ്ങൽ കഴ്ചകളിലൂടെ അവൻ നടന്നകന്നത് ഓർത്തെടുക്കുകയായിരുന്നു.ഒരു തമിഴത്തി അക്ക തൻറെ കയ്യിലിരുന്ന പൂക്കൂടകൊണ്ട് പള്ളക്കു കുത്തിയപ്പോൾ അറിയാതെ കണ്ണ് മിഴിച്ച് പോയി.ഡാർവിൻറെ സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ് ഉരുവിട്ട് പഠിച്ചത് മെമ്മറിയിൽ നിന്ന് പുറത്തു ചാടി.എല്ലാം ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം ചെയ്യലാണ്.കേരളത്തിലെ ബസുകളിലെ തിരക്കുകൾ ഒന്നുമല്ലെന്ന്  തമിഴ്നാട്ടിൽ വന്നതിനു ശേഷമാണ് മനസ്സിലായത്.ചില ദിവസങ്ങളിൽ ബസിൻറെ പടിയിൽ നിന്നു വീണ് മരിക്കുമോ എന്നുവരെ തോന്നിയിട്ടുണ്ട്.കോളേജ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ പറ്റില്ല,അതുകൊണ്ടാണ് ഈ ഗതികേടൊക്കെ ഉണ്ടായത്.മനുവുമായി ഒരു ദിവസം പോലും സംസാരിക്കാതിരിക്കാൻ കഴിയില്ല.

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഏവരും ഡസ്കിൽ തലചായ്ച്ച് കിടന്നുറങ്ങി.അത് സ്ഥിരം പതിവാണ്,ഒരാഴ്ച കളഞ്ഞ ഉറക്കത്തെ ആവാഹിക്കാനെന്നോണമാണത്.

വൈകുന്നേരം ഉക്കടത്ത് കെ.എസ്.ആർ.ടി.സി.ക്കു ക്യു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.വീടെത്തിയാൽ സുഖമായി  കിടന്നുറങ്ങണം.

നാളെ ഞായറാഴ്ചയാണ് തിസീസിനായി കുറച്ചധികം റഫറൻസ് വർക്ക് ചെയ്യണം,എന്നിട്ട്  വേണം തിങ്കളാഴ്ച മടങ്ങാൻ.ഗൈഡിന് ധാന്വന്തരം കുഴമ്പ് വാങ്ങിക്കണം.കേരളത്തിൽ നിന്നും കുഴമ്പ് വാങ്ങുമ്പോൾ ടാക്സിൽ നല്ല വ്യത്യാസം ഉണ്ട(തെ. നാളെ  പരമാവധി വർക്ക്സ് എല്ലാം തീർക്കണം. 

ഭാഗ്യത്തിന് സീറ്റ് കിട്ടി.സീറ്റിലേക്ക് തലചായ്ച്ച്  കണ്ണടച്ചപ്പോൾ മൊബൈൽ വൈബ്റേഷൻ...

''മനു,ബസ് കിട്ടി.ഇനി വീടെത്തിയിട്ട് വിളിക്കാം.നീ ഓഫീസീന്ന് എത്തിയാൽ വിളിക്കണേ..ഇന്നെനിക്ക് ഖോരാ കാഗസ് ദാ യെ മന് മേരാ... പാടിത്തരണം.''

 ഫോൺ കട്ട് ചെയ്ത് സീറ്റിലേക്കു തലചായ്ച്ചു.ഏതോ ഒരു സ്വപ്നത്തിലേക്കു വഴുതി വീഴുമ്പോഴേക്കും വീണ്ടും വൈബ്റേഷൻ...

''അമ്മാവൻ മരിച്ചു''
അമ്മ ഒരു വിങ്ങലോടെ പറഞ്ഞു.

തണുത്തു മരവിച്ച മരണം.മുറിഞ്ഞുപോയ സ്വപ്നത്തിൻറെ ചിതറിച്ച...ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ആ സ്വപ്നത്തിൻറെ ബാക്കി കാണാമായിരുന്നു എന്ന ആ(ഗഹം അവശേഷിപ്പിച്ചുകൊണ്ട് വീണ്ടും യാ(ത....

     ''മനൂ...രാ(തി വിളിക്കണ്ട അമ്മാവൻ മരിച്ചു അങ്ങോട്ടാണ് പോകുന്നത് നേരെ.എല്ലാം കഴിഞ്ഞ്  ഞാൻ വിളിക്കാം.''


                  (ടാൻസ്പോർട്ട് സ്റ്റാൻറിനു മുമ്പിൽ വേണുവേട്ടൻ ഓട്ടോയുമായി കാത്തു നിൽക്കുന്നുണ്ടാകും എന്നാണ് അമ്മ പറഞ്ഞത്.വേണുവേട്ടൻ തൊട്ടടുത്ത വീട്ടിലെ ഓട്ടോറിക്ഷ  ഡ്രൈവറാണ്.അദ്ദേഹത്തിനു തന്നെപ്പോലുളള രണ്ട് പെൺ മക്കൾ ഉണ്ട്.അമ്മാവൻറെ വീടെത്തുമ്പോഴേക്കും രാ(തിയാകും.എന്തായാലും ഇനിയിപ്പോൾ രാവിലെയേ ചടങ്ങുകളൊക്കെ ഉണ്ടാകൂ.അമ്മാവൻറെ മകൾ സുമതിച്ചേച്ചി ദുബായിൽ നിന്നു രാവിലെ എത്തുമായിരിക്കും.

ഓട്ടോറിക്ഷയിലിരുന്ന് ആടിയുലയുമ്പോൾ ചിന്തിച്ചത് ഒരുകൂട്ടം വി.ഐ.പി.കൾക്കിടയിലിരുന്ന് അമ്മായി കരയുന്നതാണ്.ഒരുപക്ഷെ തിരക്കുകാരണം അമ്മാവൻറെ ശവം ഒരുനോക്ക് കാണാൻ പോലും കഴിയാതെ വരുമോ? കാണണമെന്ന് നിർബന്ധമില്ല,എങ്കിലും....

     അമ്മാവൻ ഒരിമ്മിണി ബല്യ പുള്ളിയാണ്.ഒരുപാട് സ്വാധീനമുള്ള വ്യക്തി ആയിരുന്നു.താൻ അവരുടെ മരുമകളാണ് എന്ന് ആരോടെങ്കിലും പറയേണ്ടി വന്നാൽ തീർച്ചയായും അവർ തൻറെ എണ്ണമയമുള്ള  മുഖത്തും ചുരുണ്ടു കേറിയ തലമുടിയിലും നോക്കി ഒരു വളിച്ച ചിരിചിരിക്കും എന്നുറപ്പാണ്, 'ഇയാൾക്ക് ഇങ്ങനെയും ഒരു മരുമകളൊ?'  എന്ന മട്ടിൽ.പെണ്ണുങ്ങളാണെങ്കിൽ ഇ(പകാരം ചിന്തിക്കും;മുടി ഒന്നു ഷാംപു ഇട്ടാലെന്താ...ഐബ്റോസ് ഒന്ന് പ്ളക് ചെയ്തുകൂടെ....ഒന്നിനും കാതോർക്കരുത്, ഒന്ന് മുഖം കാണിച്ച് വേഗം വീട്ടിലേക്ക് പോകണം.ഞായറാഴ്ച തിസീസിനായി കുറച്ചധികം റഫറൻസ് വർക്ക് ചെയ്യണം.പറ്റിയാൽ  അമ്മായിയെ ആശ്വസിപ്പിക്കണം,എ(തയായാലും അമ്മായിയല്ലെ.
 
                                അമ്മായി ഒരു പാവം സ്(തീയാണ്.മുഖം നോക്കാതെ വാരിക്കോരി കൊടുക്കുന്നവർ.സ്വന്തം ഭർത്താവിൻറെ പേർ ഒരുപാട് അന്യസ്(തീകളുമായി ചേർത്തു കേട്ടിട്ടും ഒട്ടും കുലുങ്ങാതെ കുടുംബം പോറ്റിയവർ.ഇപ്പോൾ വയസ്സായിരിക്കുന്നു,മുടിയെല്ലാം നരച്ചിരിക്കുന്നു.ചെറുപ്പത്തിൽ  വളരെ   സുന്ദരിയായിരുന്നു.അമ്മാവൻറെ വേർപാട് അവർ എങ്ങനെ താങ്ങുമോയെന്തോ.സ്വന്തം ഭർത്താവല്ലെ,സ്നേഹത്തോടെ ജീവിച്ചവർ......
മനുവും താനും വിവാഹിതരായിട്ടില്ല,എങ്കിലും മനു ഒരു നേരം വിളിക്കാൻ വൈകിയാൽ വല്ലാത്ത അസ്വസ്ഥതയാണ്.അപ്പോൾ പിന്നെ ഒരുമിച്ച് വർഷങ്ങളോളം ജീവിക്കുന്നവരുടെ കാര്യം പറയണോ.ഒരു ബന്ധങ്ങളും ഭൂമിയിൽ ശാശ്വതമല്ലല്ലൊ.ഇന്നല്ലെങ്കിൽ നാളെ ഞാനും മനുവും എല്ലാം മറ്റാർക്കൊക്കെയോ വേണ്ടി വഴിമാറി കൊടുക്കേണ്ടവർ തന്നെ. 

       അമ്മാവനോട് പക്ഷെ അങ്ങനെയൊരു അടുപ്പമൊന്നും തനിക്കില്ല.അവരുടെ മുമ്പിൽ നിൽക്കാനോ അവരോട് വല്ലതും സംസാരിക്കാനോ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ലായിരുന്നു.കൂടാതെ തന്നോട് പോന്നവരോടെ അമ്മാവൻ സംസാരിക്കാറുള്ളു താനും.ചെറുപ്പത്തിൽ വല്ലപ്പോഴും   അമ്മയോടൊപ്പം  അമ്മാവനെ കാണാൻ പോകും. (പത്യേകിച്ച് ചിനക്കത്തൂർ പൂരത്തിൻറെ സമയത്ത്.   അമ്മാവൻറെ തട്ടകത്ത് പൂരം കേമമാണ്.   പൂരംകൊടിയേറിയാൽ പിന്നെ ''അയ്യയ്യോ...'' നിലവിളികൾ സർവ്വസാധാരണമാണ്.അട്ടഹസിച്ചുകൊണ്ട് ഓടി വരുന്ന പൂതനും തിറയും...ചിലമ്പിൻറെ ഇടമുറിയാത്ത ഒച്ചകൾ...





                     പിന്നീടൊലിച്ചിറങ്ങുന്നത് കടുമധുരപ്പായസത്തിൻറെ മാധുര്യം...മഞ്ഞച്ച നട്ടുച്ചവെയിലിൽ അലിഞ്ഞു ചേരുന്ന ലഹരിക്കൂത്തുകൾ...പൊടിപടലങ്ങളെ പുളകം കൊള്ളിക്കുന്ന ''അയ്യയ്യോ'' നിലവിളികൾ...പഞ്ചവാദ്യത്തിൻറെ സ്വരക്കൊഴുപ്പിൽ അരങ്ങേറുന്ന കുതിര കളി...ചെറിയ ദേശക്കാരുടെ കാളകൾ വേറെ....എല്ലാംകൂടി ഒരു (ഭാന്തിൻറെ ആരവം.കാലത്ത് നാലു മണിക്ക്   അമ്മാവൻറെ   പൂജാമുറിയിൽ മുഴങ്ങുന്ന  മ(ന്തങ്ങൾ....ഗന്ധരാജൻ പൂക്കൾ കൊണ്ടുള്ള പുഷ്പാർച്ചന. മറ്റൊരു (ഭാന്തിൻറെ കുടമണി കിലുക്കം....അടുക്കളയിൽ നിന്നു അലയടിക്കുന്ന കോഴിക്കറി മണം...കോഴിക്കറി ഭഗവതിക്കു നേദിച്ചതിനു ശേഷമേ കഴിക്കാൻ തരൂ,അതുവരെ നീണ്ട ഒരു കാത്തിരുപ്പാണ്,വെള്ളമിറക്കിക്കൊണ്ട്.

                      ഇടയ്ക്കിടെ   മൊബൈലിൽ  ''ടിം ''  '' ടിം''  ശബ്ദം, മനുവിൻറെ മെസേജുകൾ.ഇന്ന് നിൻറെ    ''ഖോരാ കാഗസ് ദാ യെ മന് മേരാ..... '' കേൾക്കണം എന്നു വിചാരിച്ചതാണ്.പക്ഷെ അമ്മായിയുടെ കരച്ചിൽ കാണാനാണ് യോഗം .

                    ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുമ്പോൾതന്നെ മനസാക്ഷി മ(ന്തിച്ചു മിസ് ജാനകീ ദേവി  അമ്മാവൻ മരിച്ചു കിടക്കുന്നേടത്തേക്കാണ് യാ(ത...മുഖത്ത് ദുഖം..  

          മുറ്റത്ത്   വി .ഐ.പി.കളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്.പൂരപ്പറമ്പിലെ നിവർത്താനും മടക്കാനും കഴിയുന്ന ബഹുവർണ്ണപ്പൂക്കളുടെ ഡിസൈനുള്ള സാരി ധരിച്ച    ഒരു   സ്(തീ  അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചപോലെ  അവൾക്കു തോന്നി. ''സതിയുടെ മകളാ''  ആ   സ്(തീ  അടുത്തു നിന്നിരുന്ന   സ്(തീയുടെ ചെവി കടിച്ചു. 
'ശരണാലയ'ത്തിലേക്കു (പവേശിക്കുമ്പോൾ മുന്നിലെ തൂണിൻറെ തെക്കുവശത്തേക്കു കണ്ണോടിച്ചു  അവൾ. 
ഉണ്ട്,  ഗന്ധരാജൻ  അവിടെ തന്നെയുണ്ട്.
ആളുകൾക്കിടയിലൂടെ പൂമുഖത്തെത്തിയപ്പോൾ യുദ്ധത്തിൻറെ ഓരോ കടമ്പകൾ ജയിച്ചതുപോലെ അവൾക്കു തോന്നി.അമ്മാവൻറെ ജഡം കണ്ടമാ(തയിൽ  'മണിച്ചി(തത്താഴി'ലെ  കാരണവരെ ജാനി ഓർത്തു. ഒരു കുതിര കളിയുടെ അന്ത്യത്തിൽ ആരുടെയോ ബല(പയോഗത്തിൻറെ ഫലമായി അവൾ അമ്മായിയുടെ അരികിലേക്ക് വീണു...വീണില്ല,ആ വീഴ്ചയെ യുക്തിപൂർവം ഇരിക്കലാക്കി മാറ്റി.ഡൈ ചെയ്യാത്ത അമ്മായിയുടെ തലമുടി വെൺചാമരം പോലെ തിളങ്ങി.ഒരു വണ്ടിവേഷത്തിൻറെ മുഖത്തേക്കു നോക്കുംപോലെ അവൾ അമ്മായിയെ സൂക്ഷിച്ചു നോക്കി.ജാനിയുടെ  മുഖത്ത് നോക്കി  അമ്മായി കുറച്ച്  നേരം കരഞ്ഞു .പിന്നീട് അവളുടെ മടിയിലേക്ക്‌ ചാഞ്ഞു , ഓട്ടൻതുള്ളൽ കണ്ട്‌ ഉറക്കം തൂങ്ങി തൻറെ അനിയത്തി   മടിയിലേക്ക്‌ ചായുംപോലെ .

''ജാനിയെന്നാ കോയമ്പത്തൂരുനിന്നും വന്നേ ?''

        അമ്മായി സ്വരം താഴ്‌ത്തി ചോദിച്ചു .ആരെങ്കിലും കേട്ടോയെന്നു ജാനിക്ക് ഭയം തോന്നി .ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഭാര്യ വിശേഷങ്ങൾ അന്വേഷിക്കരുതല്ലൊ  .

''നെരെ വരുന്ന വഴിയാ . ''

 അവൾ   മന്ത്രിച്ചു. 
ശവം തീർത്തും  അനാഥനായിക്കഴിഞ്ഞുവെന്ന്‌ അപ്പോൾ മാത്രം ജാനി തിരിച്ചറിഞ്ഞു .സർവ്വശക്തിയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും അമ്മായി വിയർത്തൊലിച്ചു . അമ്മാവൻറെ രണ്ടാണ്‍മക്കളും അച്ഛൻ മരിച്ച വിവരം ബന്ധുക്കളെയും  സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് അറിയിച്ചുകൊണ്ടിരുന്നു .ആളുകൾ ശ്രദ്ധിക്കാതിരിക്കാനായി അവർ ഇരുവരും ഓരോരോ മൂലകളിൽ പതുങ്ങിനിന്നു സoസാരിക്കുകയാണെന്ന് തോന്നി  ജാനിക്ക് .അമ്മാവൻറെ മരുമക്കൾ മരണത്തെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു .മറ്റു പലരും അനുശോചിച്ച ശേഷം സ്വന്തം വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നു .ചില വയസ്സന്മാർ അമ്മാവൻറെ ദാനധർമ്മങ്ങളെക്കുറിച്ചും  ഭക്തിയെക്കുറിച്ചും  പറഞ്ഞുകൊണ്ടിരുന്നു .ഒരു തടിച്ചി ഓടിവന്ന് അമ്മായിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു (ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ലെങ്കിലുo  ). അമ്മായിക്ക് ശ്വാസം മുട്ടി .മൂലയിലിരുന്നു സൊറ പറയുന്ന ഒരു കൂട്ടം സ്തീകൾക്കിടയിലേക്ക്‌ ആ സ്ത്രീ നീങ്ങിയപ്പോൾ അമ്മായി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

                "ധൃതരാഷ്ട്രാലിംഗനം  എന്നൊക്കെ കേട്ടിട്ടില്യെ ,കുറച്ചുകൂടി ഞെക്ക്യേർന്നൂങ്കില് അപ്പർത്ത് ഞാനും കെടന്നേനെ ,ശ്വാസം മുട്ടലിന്റെ അസ്കിതണ്ടെയ് ''

                 പുറത്തേക്ക് കടക്കാൻ ശ്രമിച്ച ചിരിയെ കടിച്ചൊതുക്കി ജാനി അമ്മായിയെ തന്നെ സൂക്ഷിച്ചു നോക്കി .

  'ജാനിക്കുട്ടി കണ്ടിട്ടില്ല്യാലോ എന്റെ പുതിയ കരിമണി മാല ,സേതു പണിയിച്ചന്നതാ .അല്ല ചെരുപ്പ് പോറത്ട്ട്ട്ടാ വന്നർക്ക്ണ്,എല്ലാം കഴിയുമ്പഴക്കും ആരെങ്കിലും കൊണ്ടുപോകുംട്ടോ ".

  അമ്മായി ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു .അമ്മായിയുടെ ബുദ്ധി സ്ഥിരതയിൽ ജാനിക്ക് സംശയം തോന്നാതിരുന്നില്ല . അവൾക്കെന്തോ പറയണമെന്നുണ്ടായിരുന്നു ,പക്ഷെ ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു .

 'മകൾ വരണം ,എന്നിട്ടേ എടുക്കൂ ,വിമാനത്താവളത്തിക്ക് 
ആള് പോയിട്ട്ണ്ടെയ് '. 

                                    ഒരു തന്ത മറ്റേ തന്തയോട് ലോഹ്യം പറഞ്ഞു .ആ തന്തയ്ക്ക് ആരുടെയോ മുഖച് ഛായയുണ്ട്‌ ,പണ്ട് കണ്ടു മറന്ന 
ആരുടെയോ ...രാമചന്ദ്രൻ ചെട്ടിയാർ......ഓർമ്മയുടെ മങ്ങാത്ത വെളിച്ചത്തിൽ   രാമചന്ദ്രൻ ചെട്ടിയാർ  വെറ്റിലക്കറ  പുരണ്ട മോണ കാട്ടി ചിരിച്ചു . തോൽപ്പാവക്കൂത്തിൽ ചരട് വലിക്കുന്ന ചെട്ടിയാര് ....അരങ്ങത്ത് രാവണൻ ചത്തുമലച്ചു .....കുപ്പിവളക്കാരി ചെട്ടിച്ചി ഉറക്കം തൂങ്ങി 
വീണു .....മടിയിലേക്ക്‌ ആരോ വീണു......കുപ്പിവളക്കാരി ചെട്ടിച്ചിയോ ?  
അല്ല ,അമ്മായിയാണ് . ജീവിതത്തിലാദ്യമായി അമ്മായി വിശപ്പ് എന്തെന്ന് അനുഭവിക്കുകയാണ്‌ .ഉച്ചക്ക് ഊണുകഴിച്ചതാണ് ,  ഇപ്പോൾ സമയം പാതിരാത്രി ആയി .വയറ്റിനകത്ത് ഒരു ചുളാചുളാകുത്തൽ.......തലയ്ക്കകത്ത് പൊന്നീച്ച പറക്കുന്നു .അപ്പോഴേക്കും മരുമക്കളിലാരോ 
ചായയുമായി എത്തി.

   ''വേണ്ട മൂത്രോഴിക്കാൻ മുട്ടും ,പിന്നെ ഇവിടുന്നു ന്നീക്കണ്ടെ ''.

അമ്മായി പറഞ്ഞു .

               സുമുഖനായ പ്രേതത്തിന്റെ പുറത്ത് കമ്മ്യൂണിസ്റ്റുകാരുടെ   
വക മലർവളയം .സാമുദായിക സംഘടനകൾ......സ്ത്രീ വേദി 
പ്രവർത്തകർ ....പോലീസ് വിഭാഗം ..... മലർവളയങ്ങൾ നിരവധി കിട്ടിയിട്ടുണ്ട് അമ്മാവന് .പക്ഷെ  അമ്മാവൻ  അതൊന്നുമറിയാതെ ചില്ലുകൂട്ടിൽ ശാന്തനായി കിടന്നുറങ്ങുന്നു .

 അമ്മായിയുടെ    തലയ്ക്കകത്തെ  പൊന്നീച്ചകളുടെ എണ്ണം അധികമായോ ? അമ്മായി ദയനീയമായി അവളെ നോക്കി  . വിശപ്പിൻറെ വിളി.....'കണ്ണേ മടങ്ങുക'  എന്ന തലക്കെട്ടോടുകൂടി പത്രത്തിൽ വന്ന ഫോട്ടോ ഹെൽത്ത് എഡുക്കേഷൻ അസൈന്മെൻറിൽ വെട്ടി ഒട്ടിച്ചത് ജാനി ഓർത്തു .


പിറ്റേന്ന് മകൾ വന്ന് ശവമെടുപ്പ് കഴിഞ്ഞതും അമ്മായി രണ്ടു കപ്പ്‌ ഹോർളിക്സ് കുടിച്ചു .

''പോകുന്നവരെ പോകാനനുവദിക്കുക,
ജീവിക്കുന്നവരിലേക്ക് മുഖം തിരിക്കുക '' 

               അവളുടെ മനസ്സാക്ഷി എന്തുകൊണ്ടോ സച്ചിദാനന്ദന്റെ കവിത ഓർമ്മിച്ചു .പൂരപ്പറമ്പിൽ പഞ്ചവാദ്യം മുറുകി ....കൂറ്റൻ കുതിരകൾ പൊങ്ങിത്താണു .....  വാളും ചിലമ്പും അരമണിയും കിലുക്കി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി .....ഭക്തി  ലഹരിയിൽ  മുടിയഴിച്ചിട്ടാടുന്ന    
ചെറുമികൾ ........അവരും ചാരായം കുടിക്കുമത്രെ .ആദ്യമൊന്നും  വിശ്വസിച്ചിരുന്നില്ല ,ഒരിക്കൽ ഒരു തള്ള കള്ളുഷാപ്പിൽ നിന്നും ആടിയാടി  ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ അറിയാതെ തോന്നിപ്പോയത് അസൂയയാണ്. 


  പാതിരാത്രിയിലെപ്പോഴോ  ആളൊഴിഞ്ഞ പൂരപ്പറമ്പിലൂടെ  കുപ്പിവളപ്പൊട്ടുകൾ പെറുക്കി നടക്കുന്ന പച്ചയുടുപ്പിട്ട രണ്ടു പെണ്‍കുട്ടികളെ അവൾ സ്വപ്നം കണ്ടു .

      ലേഡീസ് കമ്പാർറ്റ്മെന്റിൽ 'അമൃത വിദ്യാ പീഠ'ത്തിലേക്കുള്ള  ജോലിക്കാരുടെ 'സത്സംഗം' തുടങ്ങിയപ്പോൾ ജാനി ചിന്തകളിൽ നിന്നും ഉണർന്നു .ഇനിയിപ്പോൾ സൂര്യൻ എഫ്‌ .എം .കിടുകിടാ  സൊല്ലുന്നത് വരെ ശാന്തിപർവ്വം . അപ്പോഴും കളക്ട് ചെയ്യാനുള്ള തീസിസ് റെഫറൻസുകൾ അവളുടെ മുമ്പിൽ പല്ലിളിച്ചു നിന്നു  .

 അതേ ട്രെയിനിൽ അതേ സീറ്റിൽ അപ്രകാരം തലചായ്ച്ച് വെച്ച് ഭൂമിയുടെ അറ്റം വരെയും സഞ്ചരിക്കാൻ അവൾ വീണ്ടും ആഗ്രഹിച്ചു.അ(പകാരം ഭൂമിയുടെ അറ്റം എത്തിക്കഴിഞ്ഞാൽ  അവിടെ നിന്നും താഴോട്ട് ചാടണം....അല്ലെങ്കിൽ ആകാശത്തിലേക്ക് പറന്നു പറന്നു പോകണം....അങ്ങനെ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകണം.

-----------------------------------------------------------------------------------------------------------------------
                                                                                                                                      2006 







Saturday, March 29, 2014

ഗുൽമോഹർ പൂക്കുമ്പോൾ



                                      കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂവുകളെപ്പോലും നോവിക്കില്ലെന്ന വാശിയിലാണ് മുത്തശ്ശൻ എന്ന് അവൾക്ക് തോന്നി..,അ(തയും പതുക്കെയാണ് മുത്തശ്ശൻ നടന്നിരുന്നത്.അവളും പതുക്കെ നടക്കാൻ ആ(ഗഹിച്ചിരുന്നു-
              കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂവുകളെപ്പോലും നോവിക്കാതെ-വളരെ പതുക്കെ.





                              അച്ഛൻ ഇന്നു വരുമെന്നും അതിനാലാണ് അമ്മ വരാഞ്ഞതെന്നും മുത്തശ്ശിയോട് നുണ പറഞ്ഞു.മുത്തശ്ശിയെ വിശ്വസിപ്പിക്കാൻ വളരെ എളുപ്പമാണ്,എന്നാൽ മുത്തശ്ശൻറെ മുഖത്തു നോക്കി നുണ പറയാൻ വളരെ വിഷമമാണ്.ചില ആളുകൾ മറ്റുള്ളവരുടെ മനസ്സിലിരിക്കുന്നതിനെ അപ്പാടെ മനസ്സിലാക്കി കളയും,മുത്തശ്ശനെപ്പോലെ.അതുകൊണ്ടാണല്ലൊ മുത്തശ്ശിയോട് പറഞ്ഞത് കള്ളമാണെന്ന് മുത്തശ്ശൻ വേഗം തിരിച്ചറിഞ്ഞത്.എന്നിട്ട് ആരിൽ നിന്നൊക്കെയോ തന്നെ രക്ഷിച്ചെടുക്കാനെന്നോണം ചിരിച്ചു കൊണ്ട് ഒരു ചോദ്യവും

            ''നിനക്ക് യക്ഷിയെ കാണണ്ടെ,പാവം നിന്നെ (പതീക്ഷിക്കുന്നുണ്ടാകും.''

പാലക്കാട്ട് തറവാട്ടിൽ വരുമ്പോഴൊക്കെ യക്ഷിയെ കാണാൻ പോക്ക് പതിവുള്ളതാണ്.മുത്തശ്ശൻ ഫോൺ വിളിക്കുമ്പോൾ തമാശയ്ക്കെന്നോണം ചോദിക്കാറുണ്ട് 'പാലക്കാട്ടെ എൻറെ യക്ഷിക്ക് സഖമല്ലെ' എന്ന്.

     ''അല്ലെങ്കിലും യക്ഷിയെ കാണാൻ തന്നെയാ വന്നത് അല്ലാതെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനാണെന്ന് വിചാരിച്ചോ? ''

മുത്തശ്ശൻറെ തമാശയെ ഇരുത്തിക്കളയാനെന്നോണം ഞാൻ വെറുതെ പറഞ്ഞു.

                         
    ''അതിന് ഇവിടം വരെ വരേണമോ അവിടെ തന്നെയില്ലെ ഒരു യക്ഷി?''

                          '' ആര്?''

                        ''നിൻറെയമ്മ ,എൻറെ മകൾ...''

                          ''ആ ഹാ...''

                       മുത്തശ്ശൻ കളി തന്നയല്ലെ പറയുന്നത് എന്ന്സംശയം തോന്നി.
ഞാൻ കളിപറഞ്ഞത് തന്നെയാണ് എന്നോണം  മുത്തശ്ശൻ  ചിരിച്ചു.
മുത്തശ്ശൻറെ തിമിരം ബാധിച്ച കണ്ണുകളിലെവിടെയോ കാര്യം ഒളിഞ്ഞു കിടക്കുന്നതു ഞാൻ കണ്ടു.

                              സത്യത്തിൽ ഇവിടത്തെ യക്ഷിയെ കാണിച്ചു തരാനോ വലിയ മീനിൻറെ വായ്ക്കകത്തെ അക്വേറിയം കാണിച്ചു തരാനോ ഒന്നുമല്ല മുത്തശ്ശൻ എന്നെയും കൂട്ടി ഈ വൈകുന്നേരത്ത് ഇങ്ങോട്ട് നടക്കാനിറങ്ങിയത്.ഇതൊക്കെ എ(തയോ തവണ കണ്ടു മടുത്ത കാഴ്ചകളാണ്.ഞാനെന്നും പുതുമകൾ ഇഷ്ടപ്പെടുന്നുവെന്ന് മുത്തശ്ശനറിയാം.

     തറവാട്ടിൽ,മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുമ്പിൽ ഞാൻ നിന്നു പരുങ്ങുന്നതു കാണാൻ മുത്തശ്ശൻ ഒരിക്കലും ഇഷ്ടപ്പട്ടിരുന്നില്ല.ഞാനും ആ(ഗഹിച്ചിരുന്നു,എല്ലാ ചോദ്യങ്ങളിൽ നിന്നും രക്ഷനേടാൻ.എപ്പോഴും അങ്ങനെയാണല്ലൊ ഉണ്ടാകാറ്,വീട്ടിൽ എത്തിയതും ചോദ്യ ശരങ്ങളുമായ് ഒാരാ(കമണം...കുത്തുവാക്കുകൾ....പരിഹാസങ്ങൾ...

                                                                എപ്പോഴെങ്കിലും വീണുകിട്ടുന്ന അവധി ദിവസങ്ങളിൽ ,അച്ചടക്കത്തിൻറെ ആവരണം വലിച്ചെറിഞ്ഞ് ,മുത്തശ്ശൻറെ കുറേ തമാശകൾ ആസ്വദിക്കാനായാണ് തറവാട്ടിൽ എത്തുക.സകലമാന ഉത്സാഹവും കളയാനെന്നോണം ഓരോരുത്തരുടെ വക അച്ഛനേയും അമ്മയേയും കുറിച്ചുള്ള ചോദ്യങ്ങളായി.അവരുടെയൊക്കെ ചോദ്യങ്ങൾക്ക് എന്താണ് ഉത്തരം പറയേണ്ടത് എന്നറിയാറില്ല.അമ്മയ്ക്കും ഒരുപക്ഷെ അവരുടെയെല്ലാം ചോദ്യങ്ങൾക്ക് ഉത്തരമില്ലായിരിക്കണം.അതിനാലാണ് അമ്മ ആ ഇടുങ്ങിയ ക്വാർട്ടേഴ്സിനുള്ളിൽ തൻറെ അവധി ദിസങ്ങളെപോലും ഞെരിച്ചു കൊല്ലുന്നത്.എനിക്ക് പലപ്പോഴും അമ്മയേയും അച്ഛനേയും മനസ്സിലാക്കാൻ കഴിയാതെ വരുന്നു എന്നതാണ് വാസ്തവം.

                        അമ്മയോട് പറ്റിച്ചേർന്ന് കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നും,ഞായറാഴ്ചകളിലെ മെഡിറ്റേഷൻ ക്ളാസുകൾക്കുപോലും തരാൻ കഴിയാത്ത ആശ്വാസം.അമ്മയുടെ വിരലുകൾ മുടിയിഴകളെ തലോടുമ്പോൾ അറിയാതെ ഉറക്കം വന്നുപോകും.അമ്മയും അതാണ് ആ(ഗഹിക്കുന്നത്,ഞാൻ വേഗം ഉറങ്ങണമെന്ന്.എന്നിട്ട്  തലയിണയിൽ മുഖമമർത്തി നിശബ്ദമായി കരയുന്നു.പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരാണ് കൂടുതൽ ത(ന്തശാലി എന്ന്,തലയിണയിൽ മുഖമമർത്തി നിശബ്ദമായി കരയുന്ന അമ്മയോ അതോ ഒന്നു കരയാൻ പോലും കഴിയാതെ ഉറക്കം നടിച്ചു കിടക്കുന്ന ഞാനോ?
  
ചില ദിവസങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് നിലവിളക്കിൻറെ മുമ്പിലിരുന്ന് അമ്മ ഭഗവദ്ഗീത വായിക്കുമ്പോൾ തോന്നാറുണ്ട് ദൈവം എന്ന വിശ്വാസം എന്തിനുവേണ്ടിയാണെന്ന്.(ഭാന്ത് അച്ഛനാണോ അമ്മയ്ക്കാണോ എന്ന്   പലപ്പോഴും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പാതിരാ(തിയിൽ തുടരെത്തുടരെ  ഫോൺ ബെല്ലടിക്കുമ്പോൾ   അമ്മ  ഉറക്കം നടിച്ചു കിടക്കുന്നു.അങ്ങകലെയുള്ള ഒരു മെൻസ് ഹോസ്റ്റലിൽ ഉറക്കം വരാതെ അച്ഛൻ  സിഗരറ്റു വലിച്ചിരിക്കുന്നത് ചിന്തയിൽ തെളിയുമ്പോഴും മകൾ അമ്മയെ അനുകരിക്കുന്നു.അമ്മയിൽ പതഞ്ഞു  പതഞ്ഞു വരുന്ന ഉത്കണ്ഠയുടെ ശബ്ദം ഹൃദയമിടിപ്പിൽ ലയിക്കുമ്പോൾ പലപ്പോഴും പേടിതോന്നും, അമ്മയുടെ ഹൃദയം പൊട്ടിത്തെറിക്കുമോ എന്നോർത്ത്.
അടുത്ത ഞായറാഴ്ച ഒരുപാട് ചോക്കലേറ്റുകളും കൊണ്ട് അച്ഛൻ വരുമ്പോൾ തോന്നിപ്പോകും അമ്മ സൂ(തക്കാരിയാണെന്ന്,നിഷ്(പയാസം അച്ഛനെ വരുത്തിക്കളഞ്ഞല്ലോയെന്ന്.
എനിക്ക് മടുത്താലും ഒരുപാട് നേരം അച്ഛൻ എന്നോടൊപ്പമിരുന്ന് ക്യാരംസ് കളിക്കുന്നു.അതോടൊപ്പം തന്നെ ,അച്ഛൻ പരിശീലിപ്പിച്ച വോളിബോൾ ടീം (ടോഫി നേടിയതു തൊട്ട് കഴിഞ്ഞയാഴ്ചയിലേതിനേക്കാൾ എ(ത സിഗരറ്റ് ഈ ആഴ്ച കൂടുതൽ വലിച്ചു എന്നുവരെ അമ്മ കേൾക്കാനെന്നോണം മകളോടു വിവരിക്കുന്നു.അന്ന് അച്ഛനും അമ്മയും മകളും കൂടി പുറത്തുപോയി ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്ത് മടങ്ങുമ്പോൾ ഇടം കണ്ണിട്ട് അതു വീക്ഷിക്കുന്ന അയൽപക്കകാരുടെ മുമ്പിൽ അഹങ്കാരം കൊണ്ട് ഞെളിയുന്നു ഞാൻ.പൊള്ളയായ ഞെളിയൽ...നീർക്കുമിളയുടെ ആയുസ്സ് മാ(തമുള്ള  ഞെളിയൽ...

                        എപ്പോഴൊക്കെയോ ഇരുവരും സംസാരിച്ചിരിക്കുന്നതു കാണുമ്പോൾ തോന്നും എങ്ങോ നഷ്ടമായ അവരുടെ കോളേജ് (പണയം തിരിച്ചെത്തിയെന്ന്.



                    ഒരു ഉറക്കത്തിലേക്ക് എന്നെ തള്ളിവിട്ട് (ടാൻസ്ഫറിൻറെ കാര്യത്തിൽ തുടങ്ങുന്നു...അച്ഛൻറെ വാക്കുകൾക്കു മൂർച്ഛ കൂടുമ്പോൾ അമ്മയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.അച്ഛൻറെ വാക്കുകൾ അതിർത്തി ലംഘിക്കുമ്പോൾ  അമ്മയും പൊട്ടിത്തെറിക്കുന്നു.മകൾക്കവിടെ ചെയ്യാൻ കഴിയുന്നതു ജനാലകൾ കൊട്ടിയടയ്ക്കുക എന്നതാണ്,അവരുടെ ശബ്ദങ്ങളെ പുറത്തുപോകാനനുവദിക്കാതെ.

          ഉറങ്ങിക്കിടക്കുന്ന മകളുടെ നെറ്റിയിൽ ഉമ്മവെച്ച് അച്ഛൻ പടിയിറങ്ങുമ്പോൾ മകൾ തലയിണയിൽ മുഖമമർത്തുന്നു.

പിറ്റേന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അമ്മയും  മകളും  അച്ചടക്കത്തിൻറെ   കുപ്പായമണിഞ്ഞ് കോളേജിൽ എത്തുന്നു.അവിടെ അമ്മ  കമ്മ്യൂണിസ്റ്റുകാരിയും പാതി ഫെമിനിസ്റ്റും ഒക്കെയായ,തൻറെ  വാക്ചാതുരിയാൽ  കവിതയുടെ അന്തരാത്മാവിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ഏവർക്കും (പിയപ്പെട്ട അദ്ധ്യാപികയാണ്.അമ്മ  വളരെ മനോഹരമായി സാരിയുടുക്കുന്നു,പലപ്പോഴും ഞാനത് നോക്കിനിന്നിട്ടുണ്ട്.ഡിപ്പാർട്ട്മെൻറിലുള്ളവർക്കും കുട്ടികൾക്കും  അമ്മയെക്കുറിച്ച്പറയാൻ തുടങ്ങിയാൽ നൂറുനാവാണ്.'ഇങ്ങനൊരു     അമ്മയെ   കിട്ടിയത് നിൻറെ ഭാഗ്യമാ'  എന്ന് തൻറെ ക്ളാസിലെ തന്നെ പലരും തന്നോട് പറഞ്ഞിരിക്കുന്നു.അതിൽ ചലർക്കൊക്കെ തന്നോട് അസൂയയും ഉണ്ട് താനും.ഒരുപക്ഷെ    അച്ഛൻറെ      കോളേജിൽ    ചേർന്നിരുന്നുവെങ്കിലും ഇതേ അഭി(പായങ്ങളൊക്കെ തന്നെ കേൾക്കേണ്ടി വരുമായിരുന്നു.    

അച്ഛനും അമ്മയും  നല്ലവരാണ്.പിന്നെ എന്താണ് (പശ്നം ?
 ഒരേ    കോളേജിൽ  പഠിച്ച് (പണയിച്ച് വിവാഹം കഴിച്ചവർ.എന്നിട്ടും എന്തേ ഇങ്ങനെ ? അവർ പരസ്പരം അധികമൊന്നും സംസാരിക്കാറില്ല.ഒരു മുറി മാ(തമുള്ള  ഈ  ക്വാർട്ടേഴ്സിനുള്ളിൽ   പത്ത് ദിവസം ഒരുമിച്ച് താമസിക്കേണ്ടി വരുമ്പോൾ     അച്ഛൻ   ബെഡ്റൂമിലും അമ്മ     അടുക്കളയിലും കിടന്നുറങ്ങുന്നു.ബന്ധുക്കളുടെയും സുഹൃത്തക്കളുടെയും മുമ്പിൽ      (ടാൻസ്ഫർ       കിട്ടാത്തതുകൊണ്ട് പിരിഞ്ഞു കഴിയേണ്ടിവരുന്ന മാതൃകാദമ്പതികളാണ്   അവർ .  അമ്മായിക്കും മുത്തശ്ശിക്കും മാ(തമാണ് കുറേയെങ്കിലും അറിയുന്നത്.

         ആവർത്തനങ്ങൾ  വിരസത സൃഷ്ടിക്കുന്നതിനാൽ  ഇപ്പോൾ അതിലൊന്നും പുതുമ തോന്നാറില്ല.പക്ഷെ കുറേ ദിവസങ്ങൾക്കു ശേഷം    അച്ഛൻ    ഫോൺ               ചെയ്ത്    അമ്മയെപ്പറ്റി മാ(തം സംസാരിക്കുമ്പോൾ തോന്നാറുണ്ട് പണ്ട് കണ്ട ഒരു സിനിമയിലേതുപോലെ തന്നെ മതിലാക്കികൊണ്ട് ഇരുവരും അപ്പുറവും  ഇപ്പുറവും നിന്ന് കമ്പെറിഞ്ഞ് (പണയിക്കുകയാണെന്ന്.


                              കൊഴിഞ്ഞ ഒരു   ഗുൽമോഹർ   പൂവ് അനുസരണയില്ലാതെ പാറിപ്പറക്കുന്ന അവളുടെ തലമുടിയിൽ തൊട്ട് താഴേക്കു വീണപ്പോൾ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു  -

''അമ്മ   (ടാൻസ്ഫറിന് (ശമിക്കുന്നുണ്ട് മുത്തശ്ശാ''.

അതുപറയുമ്പോൾ  ശബ്ദം  ഇടറരുതെന്നും  കണ്ണുകൾ   നനയരുതെന്നും   അവൾ ആ(ഗഹിച്ചു.  മുത്തശ്ശൻ   അവളുടെ തോളിൽ  തലോടി. 

    കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ  പൂവുകളെ  നോവിക്കാതെ  മുത്തശ്ശൻ   നടത്തം തുടർന്നു.  മുത്തശ്ശനെപ്പോലെ    പതുക്കെ  നടക്കാൻ  അവളും പഠിച്ചു കഴിഞ്ഞുവെന്ന് അപ്പോഴവൾക്കു തോന്നി.






------------------------------------------------------------------------------------------------------------
2005-ൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജ് മാഗസിനിൽ (പസിദ്ധീകരിച്ച കഥ. 

Tuesday, January 8, 2013

ഞാവൽപ്പഴങ്ങൾ




             ഒരു തണുത്ത കാറ്റ് പതിയെ തലോടിയപ്പോൾ അയാൾ പതുക്കെ ചെറുമയക്കത്തിൽ നിന്നും ഉണർന്നു. നിർവികാരനായി അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഏതൊക്കെയോ ദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് (ടയിൻ പായുകയാണ്.പകലിൻറെ അന്ത്യത്തിന് നിറച്ചാർത്തുമായി സന്ധ്യ ഒരുങ്ങി നിൽക്കുന്നു.പറവകൾ പറ്റമായി ചേക്കേറാനുള്ള ധൃതിയിലാണ്.

             ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാനെൻറെ സുഹൃത്തിനെ കാണാനായി പോവുകയാണ്.
             ഈ തണുത്തകാറ്റും പച്ചപ്പണിഞ്ഞ (പകൃതിയും ഇടയ്ക്കിടെ കടന്നു വരുന്ന കൊച്ചുചോലകളും തന്നെ ഓർമ്മകളിലേക്ക്
വലിച്ചിഴയ്ക്കുന്നു.ഇതെല്ലാം തന്നെക്കാൾ  ഇഷ്ടപ്പെട്ടിരുന്നതും ആസ്വദിച്ചിരുന്നതും  അവളായിരുന്നു.
                  ഒരു വലിയ പ(ത(പവർത്തകനാകാനുള്ള ജീവിതപ്പാച്ചിലിൽ (ശദ്ധിക്കാതെ പോയ പലതും ഉണ്ട് ,നഷ്ടപ്പെട്ട പലതും.അതിലൊന്നായിരുന്നോ അവൾ?
                   നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പുതിയ വാർത്തകളുടെ രഹസ്യങ്ങൾ തേടി അലയുന്ന തിരക്കു പിടിച്ച പ(ത(പവർത്തകൻ ‘രഘു വിശ്വം’  ആകുന്നതിനും മുമ്പുള്ള ഒരുകാലം, അന്ന് താൻ വെറുമൊരു പൊടിമീശക്കാരൻ രഘു ആയിരുന്നു. (പീഡി(ഗിക്കു പഠിക്കുമ്പോൾ തന്നെ എഴുത്തിനെയും യാ(തകളെയും ഗാഢമായി (പണയിച്ചു തുടങ്ങിയിരുന്നു.ഓരോ അവധിക്കാലത്തും ഉണ്ണിമാമ ബോംബെയ്ക്കു ക്ഷണിക്കും.തനി നാട്ടുമ്പുറത്തുകാരനായ തനിക്ക് നഗരത്തെ പരിചയപ്പെടുത്തി തരുകയായിരുന്നു ലക്ഷ്യം.അന്നൊക്കെ അച്ഛൻ ഒറ്റപ്പാലത്തു നിന്നും ഷൊറണൂർ സ്റ്റേഷൻ വരെ അകമ്പടി സേവിക്കും.(ടയിൻ കയറ്റിവിട്ടാലും വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിൽക്കും.കല്യാൺ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ ഉണ്ണിമാമ കാത്തുനിൽക്കുന്നുണ്ടാകും,കൂടെ അവളും.
അവിടെ നിന്നും ‘വസായി’ലേക്ക് മറ്റൊരു (ടയിൻ.

 ഫ്ളാറ്റിൽ എത്തിയാൽ ആദ്യം അവൾ ചോദിക്കും-

            “എനിക്കു ഞാവൽപ്പഴങ്ങൾ കൊണ്ടുവന്നോ? എവിടെ എൻറെ
ഞാവൽപ്പഴങ്ങൾ? എടുക്ക്……എടുക്ക്……വേഗം എടുക്ക്……”

     “ നിൻറെ മേമക്കു വട്ടാണ്... ഉള്ള ചക്കേം മാങ്ങേം തേങ്ങേം എല്ലാം പൊതിഞ്ഞു കെട്ടി തന്നയച്ചിട്ടുണ്ട്.ആ ഞാറപ്പഴമെല്ലാം അതിനിടയിൽ കിടന്ന് അളിഞ്ഞു പിളിഞ്ഞു കാണും.വേണേ എടുത്ത് വലിച്ചെറിഞ്ഞോ”

    മറുപടി കേൾക്കുമ്പോൾ ഓരോ പൊതിക്കെട്ടിലായി അവൾ     പരതും,അവളുടെ ഞാവൽപ്പഴങ്ങൾ .

 “ഓ പിന്നെ നീ പറയുമ്പോഴേക്കും ഞാറമരം പൂത്തുകായ്ക്കുകയല്ലേ,അതിലൊന്നും ഇല്ല പെണ്ണേ നിൻറെ  ഞാവൽപ്പഴങ്ങൾ....”

              ആ കളിയാക്കൽ കൂടി കേൾക്കുമ്പോൾ അവൾ മുഖം വീർപ്പിച്ച് പൊയ്ക്കളയും.പിന്നെ കുറേന്നേരം അവളുടെ പിന്നാലെ നടന്ന് കിണുങ്ങി ഒരു ഞാവൽപ്പഴം അവളുടെ വായിൽവെച്ചുകൊടുത്താലെ പിണക്കം മാറൂ.

                                     പിന്നീടുള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേവും
ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോകും.ആ യാ(ത ഇരുവരും ആസ്വദിച്ചിരുന്നു.ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് അപ്പോഴൊക്കെയും അവൾ വാതോരാതെ സംസാരിക്കും.
         കുട്ടിക്കാലത്തെ ഓരോ അവധിക്കും ഉണ്ണിമാമനും അമ്മായിയും അവളും വരാൻ വീട്ടിൽ ഏവരും കാത്തിരിക്കും.വന്നു കഴിഞ്ഞാൽ പിന്നെ ആഘോഷമാണ്.പുഴയിൽ നിന്നും തോർത്തു വിരിച്ച് മീൻപിടിച്ച് അതിനെ ഒരുകുപ്പിയിലാക്കി വീട്ടിൽ കൊണ്ടുവരും. പിന്നീടതിനെ  കുടത്തിലാക്കി വീട്ടിലെ കിണറ്റിൽ വളർത്താനായി ഇടും .
                                 തൊട്ടടുത്ത പറമ്പിലെ ഞാറമരത്തിൽ നിന്നും
 ഞാവൽപ്പഴങ്ങൾ കട്ടു പറിച്ച് അവൾക്കു കാഴ്ചവെക്കലായിരുന്നു അന്നത്തെ
മറ്റൊരു വിനോദം.
                         
         
                            സ്വന്തം പറമ്പിലെ ഞാറമരം പൂക്കാതെ,കയ്ക്കാതെ ഒറ്റ നിൽപ്പാണ്.അവധി തീർന്ന് തിരിച്ചു പോകുന്ന സമയത്ത് അവൾ എപ്പോഴും ആ ഞാവലിനെ ദയനീയമായി ഒന്നു നോക്കും

      ‘അടുത്ത തവണ ഞാൻ വരുമ്പോഴെങ്കിലും നീയൊന്ന് കായ്ക്കണെ’ എന്നമട്ടിൽ.
   ആ ഞാവൽ കായ്ച്ചു തുടങ്ങിയപ്പോഴേക്കും അവൾ അവധിക്കു വരാതെയുമായി.
         അക്കാര്യങ്ങളെല്ലാം പറഞ്ഞ് അവൾ ചിരിക്കും.
അപ്പോൾ  ഉണ്ടാകുമായിരുന്ന സംസാരങ്ങളിൽ  (കോസ് ബോർഡർ
ടെററിസവും അ(കമ രാഷ്(ടീയവുമെല്ലാം അനുവാദത്തിനായി കാത്തു നിന്നു.താൻ ഒരുപക്ഷെ ആ ഉപ്പുപാടങ്ങളെ   ഇഷ്ടപ്പെട്ടിരുന്നതു അതുകൊണ്ടാകണം.

              അവധിക്കാലങ്ങൾ ജീവിതത്തിൽ നിന്നും പടിയിറങ്ങിയതോടുകൂടി അവളുമായുള്ള കൂടിക്കാഴ്കളും ഇല്ലാതായി എന്നതാണു സത്യം.

    പിന്നീടങ്ങോട്ട് ഒരു ജോലി തേടിയുള്ള നെട്ടോട്ടമായിരുന്നു. ആദ്യം ചെറിയ  ചെറിയ പ(തങ്ങളിൽ.പീന്നീട് എഴുത്തിൽ കാമ്പുണ്ടെന്നുകണ്ട് പല വലിയ പ(തങ്ങളിൽ നിന്നും വിളി വന്നു. സന്തോഷത്തിൻറെ നാളുകളായിരുന്നു പിന്നീട്.ആശിച്ച ജോലി....നിന്നുതിരിയാൻ സമയമില്ലാത്ത(തയും തിരക്ക്…

 ദിവസങ്ങൾ കടന്നുപോയി.
                    ബുദ്ധനെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുന്നതിൻറെ ഭാഗമായി ലുംബിനിയിലേക്ക് ഒരു യാ(തയ്ക്കൊരുങ്ങുന്നതിനിടെയാണ് ഉണ്ണിമാമയുടെ  വിളി വന്നത്.

     “ പോകുന്നതിനു മുമ്പായി നീ ഇവിടം വരെ ഒന്നു വന്നിട്ടുപോ...കുറേ കാലമായില്ലെ ഇങ്ങോട്ടൊക്കെ വന്നിട്ട്.കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട്.കുറച്ച് നാളായി അവൾ ആകെ ഡി(പസ്സ്ഡ് ആണ്.നീ ഒന്ന് വന്ന് സംസാരിക്ക്...അവൾക്കും ഒരു ചേഞ്ച് ആകുമല്ലൊ....”

                          എങ്കിലും എന്തുപറ്റി അവൾക്ക്?
  ഇടയ്ക്കിടെ വല്ലതും കുത്തിക്കുറിക്കുന്നതിനാൽ വല്ല കവിതയും തലയ്ക്കു പിടിച്ചു കാണും എന്നേ കരുതിയുള്ളു.
   കുറേ കാലമായി അവളുമായി ഒന്ന് മനസ്സുതുറന്നിട്ട്.ഇടയ്ക്ക് വല്ലപ്പോഴും ഒരു ഫോൺ കോൾ മാ(തം....

  ‘സുഖമല്ലെ? , ജോലിയൊക്കെ എങ്ങനെ?  ഇവിടെ എല്ലാർക്കും സുഖം’

  ഇങ്ങനെ ഏതാനും വാചകങ്ങൾ…അതിൽക്കവിഞ്ഞ് വല്ലതും സംസാരിക്കാറുണ്ടോ ?ഇല്ല.
                     പോകണം, അവളെ കാണണം.
                      കല്യാണിൽ വണ്ടിയിറങ്ങുമ്പോൾ പണ്ടത്തേതുപോലെ ഉണ്ണിമാമനും അവളും കാത്തു നിന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഫ്ളാറ്റിൽ എത്തി കുറേ കഴിഞ്ഞിട്ടും അവളുടെ ഒച്ചയും അനക്കവുമൊന്നും കണ്ടില്ല.

                      ‘എവിടെപ്പോയി അവൾ?’  എന്ന തൻറെ ചോദ്യത്തിനു അമ്മായിയാണു മറുപടി  പറഞ്ഞത്.

         “ മുറിയിൽ കുത്തിയിരിക്കുന്നുണ്ടാകും .മാസങ്ങളായി ഇപ്പോൾ ഇങ്ങനെയാണ്.എന്തുചോദിച്ചാലും ഒന്നും മിണ്ടില്ല,ഭയങ്കര ദേഷ്യമാണ് എപ്പോഴും…”

     അമ്മായി കരയുകയായിരുന്നു.

       “ അവളെക്കുറിച്ച് സംസാരിക്കാൻ കൂടിയാണ് നിന്നോടു വരാൻപറഞ്ഞതു മോനെ….നീയൊന്ന് അവളുമായി സംസാരിക്ക്.വേണമെങ്കിൽ നമുക്കൊരു
 സൈകാ(ടിസ്റ്റിനെ കാണാന്നു പറ…”

          ഉണ്ണിമാമയുടെ ശബ്ദം ഇടറിയിരുന്നു.

മുറിയിൽ കയറി നോക്കിയപ്പോൾ മേശമേൽ തലചായ്ച്ച് അവൾ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതാണ് കണ്ടത്.തന്നെ കണ്ടതും പുസ്തകം അടച്ചുവെച്ച് ഒരു ചെറുചിരി വരുത്തി ചോദിച്ചു

                   “എവിടെ എൻറെ ഞാവൽപ്പഴങ്ങൾ….?”

പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ പഴയതുപോലെ തന്നെ കളിയും ചിരിയും.അപ്പോഴാണ് മനസ്സിന് ഒരു  ആശ്വാസമായത്.

  അന്നു വൈകുന്നേരം ഞങ്ങൾ  ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോയി. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സന്ധ്യയായിരുന്നു അത്.

  “എന്തുപറ്റി നിനക്ക്? അവരൊക്കെ ആകെ പേടിച്ചിരിക്കുകയാ..”

                 എൻറെ ആ  ചോദ്യത്തിന്  മറുപടിയെന്നോണം അവളൊന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു.

   ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ട്
അവൾ സംസാരിക്കാൻ ആരംഭിച്ചു.ഇടയ്ക്കെപ്പോഴോ ഒരു അർദ്ധവിരാമത്തിനൊടുവിൽ തൻറെ വലതുകൈ അവളുടെ ഇടതുകൈക്കുമേൽ എടുത്തുവെച്ച് പതിയെ തഴുകിക്കൊണ്ട് പറഞ്ഞു

 “നിൻറെ ഞാവൽപ്പഴങ്ങളുടെ ചവർപ്പുകലർന്ന മധുരം ഞാനെന്നും
ആസ്വദിച്ചിരുന്നു....”

 അവളുടെ ആ വാചകം തൻറെ മനസ്സിലേക്ക് ഒരു മഴയായ് പെയ്തിറങ്ങുകയായിരുന്നു.
     പിന്നീടൊന്നും തന്നെ അവൾ സംസാരിച്ചില്ല.

 വീടെത്തിയപ്പോൾ, മകളുടെ പെട്ടെന്നുണ്ടായ മാറ്റത്തിൽ ഉണ്ണിമാമയും അമ്മായിയും ആശ്വസിക്കുന്നതുപോലെ തോന്നി.

    പക്ഷെ എല്ലാം അഭിനയമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.അന്നു
രാ(തി ഭക്ഷണശേഷം ഉണ്ണിമാമയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണു
അവളുടെ മുറിയിൽ നിന്നും വലിയൊരൊച്ച കേട്ടത്.ഇരുവരും ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് ജനാലക്കമ്പികളിൽ അവൾ തലയിട്ടിടിക്കുന്നതാണ്.
നെറ്റിപൊട്ടി ചോരയൊഴുകുകയായിരുന്നു,ചെന്നുപിടിച്ചപ്പോഴേക്കും ബോധംകെട്ട് കുഴഞ്ഞുവീണു.അപ്പോൾ തന്നെ ആശുപ(തിയിലെത്തിച്ചു.
ബോധം തിരിച്ചുകിട്ടി ദിവങ്ങൾക്കുശേഷം മാനസീകരോഗാശുപ(തിയിലേക്ക് മാറ്റുകയായിരുന്നു.

         ലുംബിനിയിൽ നിന്നും തിരികെ വരുമ്പോൾ അവളെ ചെന്ന് കണ്ടു.
അവൾ ആകെ മാറിയിരുന്നു.
   മെലിഞ്ഞുണങ്ങിയ മുഖത്ത് കുഴിയിൽപെട്ട രണ്ടു കണ്ണുകൾ മാ(തം.കൺതടങ്ങളിൽ കറുപ്പ് ബാധിച്ച് അ(ശദ്ധമായി എന്തൊക്കെയോ പുലമ്പി  മാനസീകരോഗാശുപ(തിയിലെ ഇരുണ്ടതടവറക്കുള്ളിൽ അവൾ...

          എൻറെ കണ്ണട നിലത്തുവീണുടഞ്ഞെങ്കിൽ എന്ന് ഞാനാശിച്ചു.....



                      വരാൻനേരം മേശമേൽ കിടന്നിരുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിൽ കണ്ണുകളുടക്കി.വെറുതെയെന്നോണം അതെടുത്ത് സഞ്ചിയിലിട്ട് യാ(തതിരിച്ചു.ഒരിക്കലും അതൊന്ന് മറച്ചുനോക്കണമെന്ന് തോന്നിയില്ല.ഒരു സഹയാ(തികയുടെ ആത്മാവിനെയെന്നോണം പോകുന്നിടത്തെല്ലാം ഇപ്പോഴുമത് ചുമന്നുകൊണ്ടു നടക്കുകയാണ്....

           അയാൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി.

                              എന്തുകൊണ്ടോ അയാളുടെ കൈകൾ തോൾസഞ്ചിയിൽ വി(ശമിക്കുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിലേക്കു നീണ്ടു.അയാൾ അത് പുറത്തെടുത്ത് ഏടുകൾ ഓരോന്നായി മറിച്ചു.അവസാനത്തെ ഏടിൽ, രോഗം മറനീക്കി പുറത്തു വന്ന ദിവസത്തെ താളിൽ ഇങ്ങനെ കുറിച്ചിരുന്നു-

       ‘ഇന്ന് വൈകുന്നേരം അവനോടൊപ്പം നടക്കാൻ പോയി.എല്ലാം തുറന്നു പറഞ്ഞ് അവൻറെ തോളിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയണം എന്നുണ്ടായിരുന്നു,പക്ഷെ കഴിഞ്ഞില്ല.എങ്ങനെയാണത് പറയുക...കുട്ടിക്കാലത്തെ തങ്ങളുടെ കുസൃതികൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്ന (പതാപനങ്കിൾ...പടിഞ്ഞാപ്പുറത്തെ തേൻവരിക്കപ്ളാവിലെ പുളിയുറുമ്പിൻകൂട് ഒറ്റയേറിനു വീഴ്ത്തിയ (പതാപനങ്കിളിനെ  ഞങ്ങൾ കുട്ടികൾ വീരനായകനായാണ് മനസ്സിൽ (പതിഷ്ഠിച്ചിരുന്നത്.ഊണിലും ഉറക്കത്തിലും വാലിൽ തൂങ്ങി നടന്നപ്പോൾ എവിടൊക്കെയോ പിഴയ്ക്കുകയായിരുന്നുവെന്ന് തന്നിലെ പൈതലിന് അന്ന് അറിയില്ലായിരുന്നു.ഉറക്കത്തിനിടയ്ക്ക് ഞെട്ടിയുണർന്ന് നോക്കുമ്പോൾ
സീറോ ബൾബിൻറെ അരണ്ട വെളിച്ചത്തിൽ കാണാറ് വിയർത്തുകുളിച്ച് തൊട്ടരികിൽ കിടക്കുന്ന (പതാപനങ്കിളിനെയാണ്...
   ഇന്നെൻറെ ഉറക്കളിൽ തുടരെത്തുടരെ ഒരു ചെന്നായയെ മാ(തം ഞാൻ  സ്വപ്നം കാണുന്നു...
        എൻറെ  ശരീരം  പിച്ചിച്ചീന്താനായി അടുക്കുന്ന ആ ചെന്നായയ്ക്ക് (പതാപനങ്കിളിൻറനെ മുഖമാണ്....അതെൻറെ ഉറക്കം    കെടുത്തുന്നു...പകലിൽപോലും ഭയം എന്നെ കാർന്നു തിന്നുന്നു...കുറ്റബോധത്തിൻറെ കാണാക്കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കുന്നു. ഈ പേചിന്തകളുടെ ചങ്ങലകളറുത്ത് പരമമായ സ്വാത(ന്ത്യത്തിലേക്ക് ഒരപ്പൂപ്പൻതാടിയെപ്പോലെ പറന്നുചെല്ലാൻ ഞാൻ ആ(ഗഹിക്കുന്നു...മരണം മധുരമാണെന്നു...........’

              പിന്നീട് കുറേ കുത്തിവരഞ്ഞിട്ടിരിക്കുന്നു.

   അയാളുടെ കണ്ണുകളിൽനിന്നും ഏതാനും നീർത്തുള്ളികൾ ആ ഏടുകളിലേക്ക് ഇറ്റുവീണു. അവളുടെ അവസാനവാചകവും അപൂർണ്ണമായിരുന്നു.

                  പാറകൾ തുരന്ന് നിർമ്മിച്ച റയിൽപ്പാളങ്ങളിലൂടെ ഇരുട്ടിൻറെ മാറുപിളർന്ന് വണ്ടി ഓടിക്കൊണ്ടിരിക്കയാണ്.ഞാൻ യാ(തതുടരുകയാണ്, അവളുടെ അടുത്തേക്ക്…...അവൾക്കിഷ്ടപ്പെട്ട ഞാവൽപ്പഴങ്ങളുമായ്.......





------------------------------------------------------------------------------------------------------------

2004ൽ  ഒറ്റപ്പാലം  എൻ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുമ്പോൾ കോളേജ് മാഗസിനു വേണ്ടി എഴുതിയ 'നൊമ്പരത്തിൻറെ ചിറകൊച്ചകൾ'   എന്ന  കഥയുടെ  പുനരാവിഷ്ക്കരണം.





Thursday, January 3, 2013

അമ്മാളു


ഇളം മഞ്ഞിനാൽ ഈർപ്പം പറ്റിപ്പിടിച്ച ജനാലച്ചില്ലിൽ അവൾ തനിക്കു പിറക്കാനിരിക്കുന്ന കുഞ്ഞിൻറെ പേരെഴുതി -  "രോഷ്നി"
അതെ അവൾ (പകാശമായിരിക്കട്ടെ,(പകാശത്തിൻറെ (പതീകമായിരിക്കട്ടെ,
തൻറെ ജീവിതത്തിലും തനിക്കു ചുറ്റുമുള്ളവരുടെ
ജീവിതത്തിലും.ഒരു കുഞ്ഞുമാലാഖയെപ്പോലെ ഓടി നടക്കണം അവൾ.

             എല്ലാം ആ(ഗഹങ്ങൾ മാ(തമാണ്..(പതീക്ഷകൾ മാ(തമാണ്.....അതിനുമാ(തമേ അവകാശമുള്ളു.പെൺകുഞ്ഞ് തന്നെ ആയിരിക്കും എന്ന് എന്താണ്  ഇപ്പോൾ ഇ(ത  ഉറപ്പ് ? ആൺകുഞ്ഞ് ആയിക്കൂടെന്നുണ്ടോ ? ഇല്ല, പെൺകുഞ്ഞ് തന്നെ, ജനാലച്ചില്ലിൽ അവൾ വീണ്ടും എഴുതി "രോഷ്നി".

    "രോഷ്നി"യിലൂടെ അവൾ ജനാലയ്ക്കപ്പുറമുള്ള ലോകത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി നിന്നു.യൂണിഫോം ധരിച്ച് അതിരാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികൾ...ഒമ്പതുമണിവരെ താഴെ റോഡിൽ കുട്ടികളുടെ ബഹളമാണ്.പിന്നീട് സ്കൂൾ കഴിഞ്ഞും അങ്ങനെ തന്നെ.
                ചിലപ്പോഴൊക്കെ നോക്കി നിൽക്കാറുണ്ട് സ്കൂൾവിട്ട് കുട്ടികൾ വരുന്നതിനുമുമ്പുള്ള പോപ്കോൺ വിൽപനക്കാരൻറെയും ഐസ്(കീം വിൽപനക്കാരൻറെയും വ്യ(ഗതകൾ...ആ വ്യ(ഗത പരിചിതമായ ഒരു വ്യ(ഗതയാണ്......

     ഒരു തുണിസഞ്ചിയിൽഏതോ ആഴ്ചപ്പതിപ്പിൽ സ്ഥിരമായി വന്നിരുന്ന കരുത്തൻ മോർട്ടീനിൻറെ പരസ്യ കടലാസുകൊണ്ട് പൊതിഞ്ഞ നോട്ടു പുസ്തകങ്ങളും ചോറ്റുപാ(തവും ഒരു (പത്യേകതരത്തിൽ ചുമലിലൂടെയിട്ട് 'ടപ്പേ ടപ്പേ ' എന്നു അടിച്ച് ശബ്ദമുണ്ടാക്കി സ്കൂളിലേക്കു നടന്നുപോയിരുന്ന കാലത്ത് എതിരെ നടന്നു വന്നിരുന്ന അമ്മാളുവിൻറെ മുഖത്തും അതേ വ്യ(ഗതയായിരുന്നു.
      നിലനിൽപിനുവേണ്ടിയുള്ള വ്യ(ഗതയായിരുന്നോ അത്? അതോ ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള വ്യ(ഗതയോ? ഒരർത്ഥത്തിൽ രണ്ടും ഒന്നു തന്നെയല്ലെ?അറിയില്ല, ഒന്നും തന്നെ.പലപ്പോഴും അങ്ങനെയാണ് ഒന്നുംതന്നെ അറിയുന്നില്ല,എങ്ങനെയിപ്പോൾ അമ്മാളു തൻറെ ചിന്തയിലേക്ക് കടന്നുവന്നു എന്നുപോലും.

                    അമ്മാളു ഒരു വയസ്സിത്തള്ളയായിരുന്നു.അ(തയും വയസ്സായ സ്(തീകളെ മുത്തശ്ശി എന്നു വിളിക്കാനാണ് മുതിർന്നവർ പഠിപ്പിച്ചത് .എന്നാൽ ഞങ്ങൾ കുട്ടികൾ ഒരിക്കലും അവരെ മുത്തശ്ശി എന്നു വിളിച്ചില്ല, "അമ്മാളു" എന്നു വിളിച്ചു,ചിലപ്പോൾ 'അമ്മാളുക്കുമ്മാളു വരുന്നു' എന്നു അടക്കം പറഞ്ഞു.മുതിർന്നവരും അവരെ അമ്മാളു എന്നു വിളിച്ചു വന്നു.അവരുടെ പേര് യഥാർത്ഥത്തിൽ അതുതന്നെ ആയിരുന്നിരിക്കണം.മുതിർന്നവർ ഞങ്ങളെ ശാസിച്ചില്ല കാരണം അമ്മാളു '(ഭാന്തി' ആയിരുന്നു എന്നതായിരുന്നു.(ഭാന്തി എന്ന വാക്കിൻറെ അർത്ഥം ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നു.’(ഭ’ ,’ന്ത’ എന്നീ അക്ഷരങ്ങൾ ഉച്ചരിക്കാനും എഴുതാനും വിഷമമായതിനാൽ ഞങ്ങൾ കുട്ടികൾ ആ വാക്ക് അധികം ഉപയോഗിക്കാറില്ലായിരുന്നു.പക്ഷെ ഒന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നു അവരെ എന്തു വിളിച്ചാലും ആരും ഒന്നും പറയില്ല എന്ന്.



            ജഡ പിടിച്ച മുടിയും കീറി നാറുന്ന പൊക്കണവുമായി അമ്മാളു എന്നും ഞങ്ങൾക്കെതിരെ നടന്നുവന്നു.അമ്മാളുവിൻറെ വീട് എവിടെയായിരുന്നു?അമ്മാളുവിന് വീട് ഉണ്ടായിരുന്നോ? അമ്മാളു എവിടേക്കാണ് ദിവസവും തോടിറങ്ങി കുന്നുകേറി പോയിരുന്നത്….? അതെല്ലാം തന്നെ ഞങ്ങൾക്ക് അജ്ഞമായിരുന്നു.കുറേ കീറത്തുണികൾ വാരിപ്പുതച്ച് ഒരു വടിയും കുത്തി പതുക്കെ നടന്നു നീങ്ങുന്ന അമ്മാളുവിൻറെ ചുക്കിച്ചുളിഞ്ഞ തൊലിയെയും തൂങ്ങിക്കിടന്ന കാതുകളെയും ഞങ്ങൾ കളിയാക്കി.എങ്കിലും അമ്മാളുവിൻറെ പൊക്കണത്തിൽ അവർ ആരുംകാണാതെ കൊണ്ടുനടക്കുന്ന സാധനങ്ങൾ എന്തെല്ലാമാണ് എന്നറിയാൻ ഞങ്ങൾ സദാ ഉത്സുകരായിരുന്നു.ഞങ്ങളിൽ ചിലർക്ക് പൊക്കണത്തിൽ കളിപ്പാട്ടങ്ങൾ ആണോ എന്ന് സംശയമുണ്ടായിരുന്നു.കുറച്ചുപേർ പറഞ്ഞതു കത്തിയും മടാളും ഒക്കെ ആകും എന്നാണ്.അതുകൊണ്ടു തന്നെ ഒരു ദിവസം അതു കണ്ടെത്താനായി ഞങ്ങളുടെ (ശമം.

         സ്കൂൾ വിട്ട് വരുന്ന വഴി എന്നും കാവിൻറെ നടയിൽവെച്ച് ഞങ്ങൾ അമ്മാളുവിനെ കണ്ടുമുട്ടുമായിരുന്നു.കാവിൻറെ മുമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന അരളി മരങ്ങൾക്ക് പിറകെ ഒളിഞ്ഞുനിന്ന് ഞങ്ങൾ അമ്മാളുവിൻറെ ചെയ്തികൾ നിരീക്ഷിച്ചുപോന്നു.
                               തോടുകടന്ന് വരുന്ന വഴിക്ക് വേലിക്കൽ പൂത്തുനിൽക്കുന്ന പൂക്കളെല്ലാം അമ്മാളു ഇറുത്തെടുക്കും.അതെല്ലാംതന്നെ ഒരു തേക്കിലക്കുമ്പിളിൽ കയ്യിൽ പിടിക്കും.കാവിൻറെ നടയ്ക്കൽ എത്തിക്കഴിഞ്ഞാൽ അവിടെ കൊഴിഞ്ഞുകിടക്കുന്ന അരളിപ്പൂക്കളെല്ലാം പെറുക്കിക്കൂട്ടും.അതിലെ ഓരോ ഇതളുകളായി നുള്ളിയെടുത്ത് ഒരു കൂമ്പാരമാക്കും.തേക്കിലക്കുമ്പിളിലെ പൂക്കളും അരളിയിതളുകളും കൂട്ടിച്ചേർത്ത് അർച്ചനയാണ് പിന്നെ.....

                 അമ്മാളു ഒരിക്കലും കാവിനുള്ളിൽ കയറിയില്ല.പുറത്ത് നടയ്ക്കൽ നിന്ന് അമ്മാളു പൂജിച്ചു.ഓരോ ഇതളുകളായി ദേവിക്ക് അർപ്പിച്ചു.  പൂജ അതിൻറെ  മൂർദ്ധന്യത്തിലെത്തുമ്പോൾ  കണ്ണിൽനിന്നും  കണ്ണീരൊഴുകി ....
'( ഭാന്തല്ലെ അതാവും ഇങ്ങനൊക്കെ'  എന്ന് മനസ്സിൽ കരുതി ഞങ്ങൾ പരസ്പരം നോക്കി ശബ്ദമുണ്ടാക്കാതെ ചിരിക്കും.അമ്മാളുവിൻറെ പൂജ എന്നും ഞങ്ങളിൽ കൗതുകമുണർത്തി,അതിനേക്കാൾ കൗതുകം അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാനായിരുന്നു.പൂജിക്കുമ്പോൾ മാ(തം അമ്മാളു പൊക്കണം തോളിൽനിന്നും താഴെ വെച്ചു പോന്നു. അല്ലാത്തപ്പോഴെല്ലാം പൊക്കണം അമ്മാളുവിൻറെ തോളിൽ വി(ശമിച്ചു.

              അമ്മാളുവിൻറെ പൊക്കണത്തിൽ എന്താണ് എന്നറിയാതെ അസ്വസ്ഥരായ ഒരു ദിവസം അത് മോഷ്ടിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
   പതിവുപോലെ ഞങ്ങൾ അരളി മരത്തിനു പിറകെ ഒളിച്ചു നിന്നു. അരളിപ്പൂക്കൾ പെറുക്കാനായി അമ്മാളു പൊക്കണം കാവിൻറെ അരമതിലിൽ ഇറക്കിവെച്ചു.
           അമ്മാളു ഒരിക്കലും ഞങ്ങളെ കണ്ടിരുന്നില്ല,അഥവാ കണ്ടാൽതന്നെയും കണ്ട ഭാവം നടിച്ചിരുന്നില്ല.അതുകൊണ്ടുകന്നെ അമ്മാളു ഞങ്ങളെ കാണുന്നില്ല എന്നു ഞങ്ങൾ വിശ്വസിച്ചു.
               അവർ അരളിപ്പൂക്കൾ പെറുക്കിയെടുത്ത് ഓരോ ഇതളുകളായി നുള്ളിയെടുത്തു. അമ്മാളു കാണാതെ ഞങ്ങൾ പൊക്കണത്തിനു അരികിലേക്കു നീങ്ങി.
                   ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധൈര്യശാലിയായ ചെറുക്കൻ പൊക്കണം തുറന്നുനോക്കിയതും അമ്മാളു തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു.അവൻ അതിനുള്ളിൽകണ്ട ഒരു വലിയ മാങ്ങ കൈക്കലാക്കി ഓടി,പിറകെ ഞങ്ങളും.ആരും തന്നെ തിരിഞ്ഞു നോക്കിയില്ല, അതിനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല...കൈയിലുള്ള വടിയുമായി പിറകെ തല്ലാൻ ഓടി വരുന്ന അമ്മാളുവിൻറെ ചി(തമായിരുന്നു ഏവരുടെയും മനസ്സിൽ.
     ഓട്ടം നിർത്തിയതു വീടിനു മുമ്പിൽ എത്തിയപ്പോഴായിരുന്നു.ധൈര്യശാലിയായ ചെറുക്കൻറെ കയ്യിൽ ആ വലിയ പച്ചമാങ്ങ ഉണ്ടായിരുന്നു.
                  അമ്മാളുവിൻറെ പൊക്കണം അഴുക്കുപിടിച്ചതായതിനാൽ ആ മാങ്ങ പങ്കുവെക്കുന്നതിൽ ഞങ്ങൾക്കാർക്കും യോജിപ്പുണ്ടായിരുന്നില്ല.ധൈര്യശാലിയായ ചെറുക്കനും ആ(ഗഹിച്ചത് അതുതന്നെ ആയിരുന്നു,ആ മാങ്ങ ഒറ്റയ്ക്കു തിന്നണം എന്ന്. ആ മാങ്ങ അവനു നൽകി ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു നീങ്ങി.

               ജീവിതത്തിലെ ആദ്യത്തെ മോഷണം.മോഷ്ടിച്ചത് ധൈര്യശാലിയായ ചെറുക്കനാണെങ്കിലും പിറകിൽ നിന്ന ഞങ്ങളും അതിൽ പങ്കാളികളല്ലെ.ഒരുപക്ഷെ ആ ഒരു മാങ്ങ അമ്മാളുവിൻറെ ആ ഒരു ദിവസത്തെ ഭക്ഷണമായിരിക്കാം.
         ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു,(പത്യേകിച്ച് ആരോരും ഇല്ലാത്ത ആ (ഭാന്തിയോട്...അതൊക്കെ പിന്നീടാണ് തോന്നിയത്.

            ആ മോഷണത്തിൻറെ വേദന ഇന്നും മനസ്സിലെവിടെയോ ഒരു കരടായി ഇരടുന്നു .ഇന്നവർ ജീവിച്ചിരിക്കാൻ ഇടയില്ല,ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ കാവിനു നടയ്ക്കൽ എന്നെങ്കിലും കുറേ അരളിയിതളുകൾ കണ്ടേനെ.
                  തൻറെ ഭക്ഷണം മോഷ്ടിച്ച കുട്ടികളെ അന്ന് അമ്മാളു ശപിച്ചു കാണുമോ..?അറിയില്ല...പലപ്പോഴും പലതും അറിയാതിരിക്കുന്നതാണ് നല്ലത്.

           ജാലകത്തിലൂടെ അവൾ താഴെ നിരത്തിലേക്കു നോക്കി...പോപ്കോൺ വിൽപനക്കാരനും ഐസ്(കീം വിൽപനക്കാരനും അടുത്തയിടം തേടി പോയിരിക്കുന്നു...കുട്ടികൾ സ്കൂളിലിരുന്ന് പഠിക്കുന്നുണ്ടാകണം...വെയിലിൻറെ കണങ്ങൾ ജനാലച്ചില്ലിലെ പേര് ഒഴുക്കിക്കളഞ്ഞിരിക്കുന്നു.....നാളെ  (പഭാതത്തിൽ  മഞ്ഞുകണങ്ങൾ ജനാലച്ചില്ലിൽ മുത്തമിടുമ്പോൾ വീണ്ടും എഴുതണം....."രോഷ്നി"




--------------------------------------------------------------------------------------------------------
*(ഫെചിൻ  നികോളെ  ഇവാനോവിച്ചിൻറെ  'ഊന്നുവടിയേന്തിയ വൃദ്ധ'  എന്ന പെയ്ൻറിംഗ് ആണ് ചി(തത്തിൽ. കടപ്പാട്  : ഗൂഗിൽ ഇമേജ്സ്)


മനസ്സിൽ തോന്നിയത് എന്തായാലും ഒന്ന് പറഞ്ഞിട്ട് പോണേ സുഹൃത്തേ...